എല്ലാ പൊലിസ് സ്റ്റേഷനിലും ജനമൈത്രി പദ്ധതി ഇന്നുമുതല്‍
തിരുവനന്തപുരം: കേരളത്തിലെ മുഴുവന്‍ പൊലിസ് സ്റ്റേഷനുകളിലും ജനമൈത്രി സുരക്ഷാ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് വൈകിട്ട് ആറുമണിക്ക് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. നിയമപാലനത്തിലും മറ്റ് പൊലിസ് പ്രവര്‍ത്തനങ്ങളിലും പൊതുജന സഹകരണവും ഒത്തുചേര്‍ന്നുള്ള പ്രവര്‍ത്തനവും ലക്ഷ്യമിടുന്ന ജനമൈത്രി സുരക്ഷാപദ്ധതി 2008ലാണ് സംസ്ഥാനത്ത് ആദ്യമായി നടപ്പിലാക്കിയത്. പരീക്ഷണാടിസ്ഥാനത്തില്‍ 20 പൊലിസ് സ്റ്റേഷനുകളില്‍ തുടങ്ങിയ പദ്ധതി വിജയമായതിനെ തുടര്‍ന്ന് 267 ഓളം പൊലിസ് സ്റ്റേഷനുകളില്‍ കൂടി പദ്ധതി വ്യാപിപ്പിച്ചിരുന്നു. ഇപ്പോള്‍ സംസ്ഥാനത്തെ എല്ലാ പൊലിസ് സ്റ്റേഷനുകളിലേക്കും പദ്ധതി വ്യാപിപ്പിക്കുകയാണ്.
പ്രഖ്യാപനച്ചടങ്ങില്‍ വൈദ്യുതി-ദേവസ്വം വകുപ്പുമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിക്കും. തദ്ദേശസ്വയംഭരണ വകുപ്പു മന്ത്രി ഡോ.കെ.ടി ജലീല്‍ മുഖ്യാതിഥിയായിരിക്കും. ജനമൈത്രി ബോധവത്കരണ ഹ്രസ്വചിത്രത്തിന്റെ പ്രകാശനം മേയര്‍ അഡ്വ.വി.കെ പ്രശാന്തും ജനമൈത്രി ജേര്‍ണലിന്റെ പ്രകാശനം എം.എല്‍.എ. കെ. മുരളീധരനും പ്രോജക്ട് മിഷന്‍ പ്രഖ്യാപനം മുന്‍ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണനും നിര്‍വഹിക്കും. ചടങ്ങില്‍ ചലച്ചിത്ര താരം സുരാജ് വെഞ്ഞാറമുട്, ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോ, മുന്‍ ഡി.ജി.പിമാരായ രമണ്‍ ശ്രീവാസ്തവ, ജേക്കബ് പുന്നൂസ്, സംസ്ഥാന പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, സൗത്ത് സോണ്‍ എ.ഡി.ജി.പി ഡോ. ബി. സന്ധ്യ, തിരുവനന്തപുരം റേഞ്ച് ഐ.ജി മനോജ് എബ്രഹാം തുടങ്ങിയവര്‍ സംബന്ധിക്കും.
ഇതോടനുബന്ധിച്ച് സ്വസ്ഥി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ആര്‍.സി.സി, നേത്രരോഗ വിഭാഗം, ഹൃദ്രോഗം, ന്യൂറോളജി വിഭാഗത്തിലെ പ്രഗത്ഭരായ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ രോഗനിര്‍ണയം, ലഹരിപദാര്‍ത്ഥങ്ങളുടെ ദുരുപയോഗം-പ്രശ്‌നവും പ്രതിവിധിയും, പുകയില ഉല്‍പന്നങ്ങളുടെ ദുരുപയോഗം, സ്റ്റുഡന്റ്‌സ് പൊലിസ് കേഡറ്റ് പദ്ധതി, കുട്ടികളോടുള്ള ഉത്തരവാദിത്തം, സ്ത്രീകളുടെയും കുട്ടികളുടെയും പരിരക്ഷ, ട്രൈബല്‍ ജനമൈത്രി പദ്ധതി, തീര സുരക്ഷ, മുതിര്‍ന്ന പൗരന്‍മാരുടെയും ഇതരസംസ്ഥാന തൊഴിലാളികളുടെയും ക്ഷേമപദ്ധതികള്‍, സോഫ്റ്റ്, ബേസിക് പൊലിസിങ് തുടങ്ങിയ വിഷയങ്ങളില്‍ പ്രദര്‍ശനവും ഉണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."