കേരള ബാങ്ക് രൂപീകരണം കലക്ഷന്‍ ഏജന്റുമാരെയും ഒപ്പംകൂട്ടും: മന്ത്രി കടകംപള്ളി
കൊച്ചി: കേരള ബാങ്ക് ആരംഭിക്കുമ്പോള്‍ കലക്ഷന്‍ ഏജന്റുമാര്‍ക്ക് യാതൊരുവിധ തൊഴില്‍ പ്രതിസന്ധിയുമുണ്ടാകില്ലെന്ന് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സഹകരണ കളക്ഷന്‍ ഏജന്റുമാരെയും ഒപ്പംകൂട്ടുമെന്ന് അദ്ദേഹം 'സുപ്രഭാത'ത്തോട് പറഞ്ഞു. കൃതി പുസ്തകോത്സവുമായി ബന്ധപ്പെട്ട് കൊച്ചിയിലെത്തിയതായിരുന്നു അദ്ദേഹം.
ചെറുകിട നിക്ഷേപ പിരിവുകാര്‍, വായ്പാ കളക്ഷന്‍ ജീവനക്കാര്‍ എന്നിവരെ സര്‍ക്കാരും മാനേജ്‌മെന്റുകളും അവഗണിക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. വീടുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, വിവിധ തൊഴില്‍ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെത്തി ചെറുകിട നിക്ഷേപങ്ങള്‍ സമാഹരിച്ച് ബാങ്കുകളിലെത്തിക്കുകയും വായ്പാ തിരിച്ചടവ് പിരിച്ചെടുക്കുകയും ചെയ്യുന്ന പതിനായിരത്തിലധികം കലക്ഷന്‍ ഏജന്റുമാരാണ് സഹകരണ മേഖലയിലുള്ളത്.
ഇവര്‍ക്ക് തൊഴില്‍ സ്ഥിരതയോ മാന്യമായ വേതനമോ നല്‍കാതെ അവഗണിക്കുന്നതായും പരാതി ഉയര്‍ന്നിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി കേരളബാങ്ക് രൂപീകരണം: കലക്ഷന്‍ ഏജന്റുമാര്‍ പടിക്കുപുറത്ത് എന്ന തലക്കെട്ടില്‍ ഡിസംബര്‍ 19ന് 'സുപ്രഭാതം' വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. നിലവിലുള്ള സ്ഥിരം ജീവനക്കാരെക്കാളും സര്‍വിസുണ്ടായിട്ടും മാന്യമായി ജീവിക്കാനുള്ള വരുമാനം നിഷേധിക്കുന്നത് അനീതിയാണെന്ന് കലക്ഷന്‍ ഏജന്റുമാര്‍ പരാതിപ്പെടുന്നതായി റിപ്പോര്‍ട്ടിലുണ്ടായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ പൊതു ഉത്തരവിറക്കി സഹകരണ ചട്ടത്തിലും സംഘങ്ങളുടെ ഫീഡര്‍ കാറ്റഗറിയിലും സ്റ്റാഫ് പാറ്റേണിലും മാറ്റംവരുത്തി ഇതിന് പരിഹാരം കാണുമെന്ന പ്രതീക്ഷയിലാണ് കലക്ഷന്‍ ഏജന്റുമാര്‍. ഈ ജീവനക്കാരെ ഏതു രീതിയിലാണ് സര്‍ക്കാര്‍ ഉപയോഗിക്കാന്‍ പോകുന്നതെന്നോ നിലനിര്‍ത്തുമ്പോള്‍ സ്വീകരിക്കുന്ന നടപടികളെപ്പറ്റിയോ മന്ത്രി വിശദീകരിച്ചില്ല.30 മുതല്‍ 45 വര്‍ഷം വരെ സര്‍വിസുള്ളവര്‍ ഇന്ന് കളക്ഷന്‍ ഏജന്റുമാരായി സഹകരണ മേഖലയില്‍ ജോലിചെയ്യുന്നുണ്ട്. പ്രാഥമിക സംഘങ്ങളുടെ നിക്ഷേപത്തിന്റെ 25 ശതമാനവും നിക്ഷേപ പിരിവുകാര്‍ മുഖേന വന്നുചേരുന്ന ലഘു നിക്ഷേപങ്ങളാണെന്ന് വ്യക്തമാക്കി 2008ല്‍ റിട്ട. സഹകരണ വകുപ്പ് രജിസ്ട്രാര്‍ രാധാകൃഷ്ണന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."