ഇനിയൊരു ദുരന്തത്തെ അതിജീവിക്കാന്‍ കഴിയുന്നതാകണം നവകേരള നിര്‍മാണം: മുഖ്യമന്ത്രി
തിരുവനന്തപുരം: ഇനിയൊരു ദുരന്തത്തെ അതിജീവിക്കാന്‍ കഴിയുന്ന തരത്തിലുള്ള നിര്‍മാണപ്രവര്‍ത്തനങ്ങളാണ് നവകേരള നിര്‍മാണത്തില്‍ നടപ്പിലാക്കുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പ്രകൃതിക്ഷോഭങ്ങളെ അതിജീവിക്കാനാവുന്ന തരത്തിലാകണം ഓരോ നിര്‍മാണ പ്രവൃത്തിയും.
നവകേരള നിര്‍മാണ പ്രവര്‍ത്തനത്തിന്റെ ശരിയായ ദിശാബോധം ജീവനക്കാരിലെത്തിക്കാന്‍ ഓരോ സര്‍വിസ് സംഘടനകളും ഇടപെടണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജോയിന്റ് കൗണ്‍സില്‍ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു കൊണ്ട് 'പ്രളയാനന്തര പുനര്‍ നിര്‍മാണവും സിവില്‍ സര്‍വിസും' എന്ന വിഷയത്തിലുള്ള സെമിനാര്‍ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്ത്രീകള്‍ക്കു പുരുഷനൊപ്പം തുല്യവകാശമുണ്ട് എന്ന യാഥാര്‍ഥ്യം അംഗീകരിച്ച് സഹജീവികളെ നമുക്കൊപ്പം കാണുന്ന ഒരു സംസ്കാരത്തിന്റെ അടിത്തറയില്‍ നിന്നുകൊണ്ടു മാത്രമേ പുനര്‍നിര്‍മാണം യാഥാര്ഥ്യമാകുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
പ്രളയകാലത്ത് കേരളം ജാതിമത ചിന്തകള്‍ക്കതീതമായി ഒറ്റമനസ്സോടെ പ്രളയ ദുരന്തത്തെ നേരിട്ടതില്‍ വിറളിപൂണ്ട ചില ശക്തികള്‍ ഇന്ന് നമ്മുടെ സമൂഹത്തെ ജാതിയുടെയും മതത്തിന്റെയും പേരില്‍ ഭിന്നിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പറഞ്ഞു. ജോയിന്റ് കൗണ്‍സില്‍ ചെയര്മാന് ജി.മോട്ടിലാല്‍ വിഷയം അവതരിപ്പിച്ചു.
അഖിലേന്ത്യാ കിസാന്‍ സഭ ദേശീയ സെക്രട്ടറി സത്യന് മൊകേരി, കേരള എന്‍.ജി.ഒ യൂനിയന്‍ ജനറല്‍ സെക്രട്ടറി ടി.സി.മാത്തുക്കുട്ടി, കെ.ജി.ഒ.എ ജനറല്‍ സെക്രട്ടറി ടി.എസ് രഘുലാല്‍, എ.കെ.എസ്.ടി.യു ജനറല്‍ സെക്രട്ടറി എന്‍. ശ്രീകുമാര്‍, കെ.എസ് സജികുമാര്‍, എസ്.ബിജു, എം.എസ് സുഗൈദകുമാരി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. എസ്.വിജയകുമാരന്‍ നായര്‍ സ്വാഗതവും കെ.ഷാനവാസ് ഖാന് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."