തോല്‍വിയില്‍ ഇന്ത്യക്കെതിരേ വിമര്‍ശനം
മുംബൈ: ആസ്‌ത്രേലിയക്ക് എതിരേയുള്ള ആദ്യ ഏകദിനത്തില്‍ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയതിന് ശേഷം ഇന്ത്യന്‍ ടീമിന് വിവിധ കോണുകളില്‍ നിന്ന് രൂക്ഷ വിമര്‍ശനങ്ങള്‍ ഉയരുന്നു. വിജയിക്കുമെന്ന് വിചാരിച്ച് ഇന്ത്യ നടപ്പാക്കിയ എല്ലാ തന്ത്രങ്ങളും പാളുകയായിരുന്നു. പത്ത് വിക്കറ്റിന്റെ ഭീകര തോല്‍വിയായിരുന്നു ഇന്ത്യ ഏറ്റുവാങ്ങിയത്. മികച്ച ബൗളിങ് നിരയുണ്ടായിട്ടും ഒറ്റ വിക്കറ്റ് പോലും ഇന്ത്യക്ക് വീഴ്ത്താന്‍ സാധിച്ചില്ല. ശിഖാര്‍ ധവാന്‍ ഒഴിച്ചാല്‍ ബാറ്റിങ് നിരയില്‍ മറ്റെല്ലാവരും പൂര്‍ണ പരാജയമായിരുന്നു.
വിരാട് കോഹ്‌ലി ഇറങ്ങിയ പൊസിഷന്‍ ശരിയല്ലെന്ന ആക്ഷേപമാണ് കൂടുതല്‍ ഉയരുന്നത്. കാരണം 28-ാം ഓവറില്‍ നാലാം നമ്പറിലായിരുന്നു കോഹ്‌ലി ക്രീസിലെത്തിയത്. 14 പന്തില്‍ നിന്ന് 16 റണ്‍സുമായി കോഹ്‌ലി മടങ്ങുകയും ചെയ്തിരുന്നു. സ്ഥിരമായി കോഹ്‌ലി മൂന്നാം നമ്പര്‍ ബാറ്റ്‌സ്മാനായിട്ടാണ് എത്താറുള്ളത്. എന്നാല്‍ ആദ്യ മത്സരത്തിലെ ഈ മാറ്റമാണ് ഇന്ത്യക്ക് തിരിച്ചടിയായതെന്ന വിലയിരുത്തലുകളും ഉണ്ട്. രോഹിത് ഷര്‍മ - ശിഖര്‍ ധവാന്‍ കൂട്ടുകെട്ട് തകര്‍ന്നാല്‍ കൂട്ടിന് രാഹുലിനെ ഇറക്കി പരിഹരിക്കാമെന്നായിരുന്നു ഇന്ത്യന്‍ മാനേജ്‌മെന്റ് കണക്ക് കൂട്ടിയത്. എന്നാല്‍ ഇത് പാടെ തെറ്റുന്ന അവസ്ഥയായിരുന്നു വാങ്കഡെയില്‍ കണ്ടത്. ഇത്തരം നിര്‍ണായക മത്സരങ്ങളില്‍ കോഹ്‌ലി സ്ഥിരമായി ഇറങ്ങുന്ന പൊസിഷനില്‍ തന്നെ ഇറങ്ങണമെന്നായിരുന്നു വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്. ബൗളിങ് നിരയില്‍ കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ എന്നീ മൂന്ന് സ്പിന്നര്‍മാരുണ്ടായിട്ടും കംഗാരുക്കളെ തൊടാന്‍ സാധിച്ചില്ല. അടുത്ത മത്സരത്തിലെങ്കിലും ഇന്ത്യന്‍ ബാറ്റിങ്‌നിരയുടെ പൊസിഷനിങ് മാറ്റിയില്ലെങ്കില്‍ ബാറ്റിങ്ങില്‍ ഇനിയും പരാജയപ്പെടേണ്ടി വരുമെന്നും പലരും മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."