ഹര്‍ത്താല്‍ അക്രമം: 4511 പ്രതികള്‍, 181 അറസ്റ്റ്
കോഴിക്കോട്: ഹര്‍ത്താല്‍ അക്രമങ്ങളുമായി ബന്ധപ്പെട്ട് ജില്ലയില്‍ കൂടുതല്‍ അറസ്റ്റുകള്‍. 98 കേസുകളാണ് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 4511 പ്രതികളുണ്ട്. 181 പേരുടെ അറസ്റ്റ് ഇതിനകം രേഖപ്പെടുത്തി. 43 പേരെ റിമാന്‍ഡ് ചെയ്തു. 138 പേര്‍ക്ക് ജാമ്യം ലഭിച്ചു. കോഴിക്കോട് സിറ്റി പരിധിയിലാണു ഹര്‍ത്താല്‍ ദിനത്തില്‍ കൂടുതല്‍ ആക്രമണങ്ങളും കേസുകളും റിപ്പോര്‍ട്ട് ചെയ്തത്. റൂറല്‍ മേഖലയില്‍ പലയിടത്തും ഹര്‍ത്താലിനെ ജനം തള്ളിയിരുന്നു. കോഴിക്കോട് സിറ്റി പരിധിയില്‍ ഹര്‍ത്താലില്‍ 66 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 3763 പേരാണ് കേസിലെ പ്രതികള്‍. ഇതില്‍ 134 പേരെ അറസ്റ്റ് ചെയ്തു. 26 പേര്‍ റിമാന്‍ഡിലായി. നഗരത്തില്‍ മിഠായിത്തെരുവ് ആക്രമണവുമായി ബന്ധപ്പെട്ട് ഇന്നലെ ഏഴുപേരെ അറസ്റ്റ് ചെയ്തു. പ്രവീണ്‍ ശങ്കര്‍ (19), ഹരിപ്രസാദ് (26), നിഖില്‍ (30), സബീഷ് (40), മിഥുന്‍രാജ് (19), സുനില്‍കുമാര്‍ (43), പ്രദീപ്കുമാര്‍ (53) എന്നിവരെയാണ് ഇന്നലെ ടൗണ്‍ പൊലിസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം 19 പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 26 ആയി.
ഹര്‍ത്താല്‍ ദിനത്തില്‍ മിഠായിത്തെരുവിലെത്തി ഇസ്‌ലാം മതത്തിനെതിരേ ഭീഷണിയും വിദ്വേഷ മുദ്രാവാക്യങ്ങളും മുഴക്കിയ സംഘ്പരിവാര്‍ അക്രമികള്‍ക്കെതിരേ 153 എ പ്രകാരം കലാപാഹ്വാനത്തിനു കേസെടുത്തു. മിഠായിത്തെരുവിലെ സി.സി.ടി.വി ദ്യശ്യങ്ങളും മാധ്യമങ്ങളില്‍ നിന്ന് ശേഖരിച്ച ദൃശ്യങ്ങളും പരിശോധിച്ചതിനു ശേഷമാണ് പ്രതികളെ വീടുകളില്‍ നിന്നും ഒളിവില്‍ കഴിഞ്ഞിരുന്ന സ്ഥലങ്ങളില്‍ നിന്നും പിടികൂടിയത്. റൂറലില്‍ 32 കേസുകളാണു രജിസ്റ്റര്‍ ചെയ്തത്. 748 പ്രതികളാണ് കേസിലുള്ളത്. ഇതില്‍ 47 പേരെ അറസ്റ്റ് ചെയ്തു. 17 പേരെ റിമാന്‍ഡ് ചെയ്തു. 30 പേരെ ജാമ്യത്തില്‍വിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."