കേരളത്തില്‍ തടങ്കല്‍ പാളയങ്ങള്‍ നിര്‍മിക്കില്ല: മുഖ്യമന്ത്രി
മലപ്പുറം: സംസ്ഥാനത്ത് ആര്‍.എസ്.എസ് അജന്‍ഡ നടപ്പാക്കുകയില്ലന്നും കേന്ദ്ര സര്‍ക്കാറിന്റെ പുതിയ കരിനിയമങ്ങളുടെ പേരില്‍ തടങ്കല്‍ പാളയങ്ങള്‍ നിര്‍മിക്കില്ലല്ലന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പൗരത്വ നിയമ ഭേദഗതിക്കെതിരെ മലപ്പുറത്ത് ഭരണഘടനാ സംരക്ഷണ സമിതി സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ റാലി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതാധിഷ്ഠിത രാഷ്ട്രമാക്കി ഇന്ത്യയെ മാറ്റുകയെന്ന പ്രഖ്യാപിത നയം നടപ്പാക്കാനുള്ള നീക്കങ്ങളാണ് ആര്‍.എസ്.എസ് പിന്തുണയോടെ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്. മുസ്‌ലിം,കൃസ്ത്യന്‍ ,കമ്മ്യൂണിസ്റ്റ് വിഭാഗങ്ങളെ രാജ്യത്തെ ആഭ്യന്തര ശത്രുക്കളാക്കി തകര്‍ക്കുകയാണ്. മുത്‌ലാഖ് വിഷയത്തിലും ജമ്മു കാശ്മീരിനെ വെട്ടിമുറിച്ചതിനു പിന്നിലും രാജ്യത്തെ പ്രബല ന്യൂനപക്ഷമായ മുസ്‌ലിംങ്ങളെ തകര്‍ക്കാനുള്ള നീക്കമാണ് നടന്നത്.
മതനിരപേക്ഷത അംഗീകരിച്ചു മുന്നോട്ടുപോവുന്ന രാജ്യമാണ് ഇന്ത്യയില്‍ എല്ലാവര്‍ക്കു തുല്യമായ അവകാശമാണ് ഭരണഘടന ഉറപ്പുനല്‍കുന്നത്. മതാടിസ്ഥാനത്തില്‍ പൗരത്വം നിശ്ചയിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നീക്കം അംഗീകരിക്കാന്‍ കഴിയില്ല. ദേശീയ പൗരത്വ പട്ടിക മുസ്‌ലിംസമൂഹത്തെയാണ് ലക്ഷ്യം വെക്കുന്നതെന്ന് വ്യക്തമാണ്.
എന്നാല്‍ ഇതു മുസ്‌ലിംങ്ങളുടെ മാത്രം പ്രശ്‌നമല്ല. രാജ്യത്തെ മതേതരത്വത്തിന്റെ അടിസ്ഥാന പ്രശ്‌നമാണ്. കേരളത്തില്‍ ഈ കരിനിയമം നടപ്പാക്കില്ലന്നും ആശങ്ക വേണ്ടന്നും മുഖ്യമന്ത്രി പറഞ്ഞു. സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷനായി. സയ്യിദ് ഖലീലില്‍ ബുഖാരി തങ്ങള്‍(കാന്തപുരം വിഭാഗം), ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ.ടി ജലില്‍, സംസ്ഥാന വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ടി.കെ ഹംസ, ഉമര്‍ ഫൈസി മുക്കം,(സമസ്ത) മുന്‍മന്ത്രി പലോളി മുഹമ്മദ്കുട്ടി, സി.പി.ഐ ദേശീയ എക്‌സി. അംഗം പന്ന്യന്‍ രവീന്ദ്രന്‍, നജീബ് മൗലവി(സംസ്ഥാന കേരള ജംഇയ്യത്തുല്‍ ഉലമ) ഡോ. ഹുസൈന്‍ മടവൂര്‍,(കെ.എന്‍.എം) ഇ കെ അഹമ്മദ്കുട്ടി(കെ.എന്‍.എം മര്‍കസുദ്ദഅ്‌വ) പി എന്‍ അബ്ദുള്‍ ലത്തീഫ്, ആലങ്കോട് ലീലാകൃഷ്ണന്‍ തുടങ്ങി വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക സംഘടനാ നേതാക്കളും സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."