900 കടല്‍ സുരക്ഷാ സ്‌ക്വാഡുകള്‍ക്ക് പരിശീലനം നല്‍കും: മന്ത്രി മേഴ്‌സിക്കുട്ടിയമ്മ
കൊല്ലം: ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കടല്‍ സുരക്ഷാ സംവിധാനങ്ങളും കടല്‍ രക്ഷാപ്രവര്‍ത്തനങ്ങളും ശക്തിപ്പെടുത്തുന്നതിനായി കേരളത്തിലെ തിരഞ്ഞെടുത്ത 60 മത്സ്യഗ്രാമങ്ങളില്‍നിന്ന് 900 കടല്‍ സുരക്ഷാ സ്‌ക്വാഡുകള്‍ രൂപീകരിക്കുമെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ.
ഗോവയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ സ്‌പോര്‍ട്‌സില്‍ പരിശീലനത്തിന് പുറപ്പെടുന്ന 40 പേരടങ്ങുന്ന സുരക്ഷാ സ്‌ക്വാഡുകളുടെ സംഘത്തിന് കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ യാത്രയയപ്പ് നല്‍കുകയായിരുന്നു മന്ത്രി. ഒരു മത്സ്യഗ്രാമത്തില്‍നിന്ന് അഞ്ച് മത്സ്യബന്ധന യാനങ്ങളും ഒരു യാനത്തില്‍ മൂന്നുവീതം മത്സ്യത്തൊഴിലാളികളും ഉള്‍പ്പെടുന്നതാണ് ഒരു കടല്‍ സുരക്ഷാ സ്‌ക്വാഡ് യൂനിറ്റ്.
ഓഖി പോലുള്ള അടിയന്തര സാഹചര്യങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് ഇവരുടെ സേവനം ഉപയോഗപ്പെടുത്തി സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള വേതനം നല്‍കും. യാനങ്ങളില്‍ ജീവന്‍രക്ഷാ ഉപകരണങ്ങളും കമ്മ്യൂണിക്കേഷന്‍ ഉപകരണങ്ങളും ലഭ്യമാക്കുന്നുമുണ്ട്. പദ്ധതിക്കായി 7.15 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്.
കൊല്ലം ജില്ലയിലെ തിരഞ്ഞെടുത്ത മത്സ്യഗ്രാമങ്ങളായ നീണ്ടകര, ശക്തികുളങ്ങര, അഴീക്കല്‍, വാടി, പള്ളിത്തോട്ടം, പുത്തന്‍തുറ, മുതാക്കര എന്നിവിടങ്ങളിലെ 105 പേരെയാണ് സുരക്ഷാ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. 48 പേരുടെ സ്‌ക്രീനിങ് ടെസ്റ്റ് പൂര്‍ത്തിയാക്കി.
ആദ്യ ബാച്ചില്‍ 20 പേരാണുള്ളത്. തിരുവന്തപുരത്തുനിന്നുള്ള 20 പേര്‍ ഉള്‍പ്പെടുന്ന സംഘത്തിന് 15 ദിവസം നീണ്ടുനില്‍ക്കുന്ന പരിശീലനമാണ് നല്‍കുന്നതെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രിയുടെ സ്‌പെഷല്‍ പ്രൈവറ്റ് സെക്രട്ടറി കെ. അനില്‍ കുമാര്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയരക്ടര്‍ എച്ച്. സലീം എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."