വാര്‍ഡ് വിഭജനം; ബില്‍ അവതരിപ്പിക്കാമെന്ന് സര്‍ക്കാരിന് നിയമോപദേശം
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുമ്പ് സംസ്ഥാനത്തെ തദ്ദേശ ഭരണ വാര്‍ഡ് വിഭജനത്തിനുള്ള ഓര്‍ഡിനന്‍സിന് ഗവര്‍ണര്‍ അനുമതി നല്‍കാത്ത സാഹചര്യത്തില്‍ സര്‍ക്കാറിന് നിയമസഭയില്‍ ബില്‍ അവതരിപ്പിക്കാമെന്ന് അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം.
സര്‍ക്കാര്‍ നീക്കങ്ങള്‍ക്ക് തടസ്സമായി ഓര്‍ഡിനന്‍സില്‍ ഒപ്പുവയ്ക്കാത്ത ഗവര്‍ണറുടെ നടപടിയെ നിയമസഭയില്‍ ബില്‍ കൊണ്ടു വന്ന് മറികടക്കാമെന്നാണ് സര്‍ക്കാറിന് ലഭിച്ച നിയമോപദേശം. ഓര്‍ഡിനന്‍സില്‍ ഒപ്പുവയ്ക്കുകയോ ഓര്‍ഡിനന്‍സ് തിരിച്ചയക്കുകയോ ചെയ്യാത്തതിനെ തുടര്‍ന്ന് അനിശ്ചിതത്വം നിലനില്‍ക്കവേയാണ് അഡ്വക്കറ്റ് ജനറല്‍ നിയമോപദേശം നല്‍കിയത്.
എന്നാല്‍ ഗവര്‍ണര്‍ കടുത്ത നിലപാട് സ്വീകരിച്ചാല്‍ നിയമം പ്രാബല്യത്തിലാകുന്നത് വൈകും. ഇത് വിഷയം സങ്കീര്‍ണമാക്കുകയും ചെയ്യും. ഓര്‍ഡിനന്‍സില്‍ ഒപ്പിട്ടില്ലെങ്കിലും ബില്‍ കൊണ്ടുവരാമെന്നാണ് അഡ്വക്കേറ്റ് ജനറല്‍ സര്‍ക്കാറിന് നിയമോപദേശം നല്‍കിയിരിക്കുന്നത്. ഓര്‍ഡിനന്‍സ് തിരിച്ചയക്കാത്ത സാഹചര്യത്തില്‍ സഭയില്‍ ബില്‍ കൊണ്ടുവരാനാകുമോ എന്നതായിരുന്നു സര്‍ക്കാറിന് മുന്നിലെ പ്രധാന പ്രശ്‌നം. പക്ഷെ അതില്‍ നിയമപരമായ തടസമില്ലെന്നും നിയമസഭയിലെ ഭൂരിപക്ഷം അനുസരിച്ച് സര്‍ക്കാറിന് ബില്‍ പാസാക്കി എടുക്കാമെന്നും നിയമോപദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
നിലവിലെ ഗവര്‍ണറുടെ നിലപാട് സര്‍ക്കാറിനെതിരാണെന്നിരിക്കെ നിയമസഭ പാസ്സാക്കുന്ന ബില്ലിന്മേലും ഗവര്‍ണര്‍ സ്വീകരിക്കുന്ന നിലപാട് നിര്‍ണായകമാകും. ബില്‍ നിയമസഭ പാസാക്കിയാലും നിയമമാകണമെങ്കില്‍ ഗവര്‍ണര്‍ ഒപ്പിടണം. ഗവര്‍ണര്‍ക്ക് ബില്‍ തിരിച്ചയക്കുകയോ നിയമപ്രശ്‌നം ചൂണ്ടിക്കാട്ടി രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയയ്ക്കുകയോ ചെയ്യാം. രാഷ്ട്രപതിയുടെ പരിഗണനക്ക് ബില്‍ അയക്കുന്നതോടെ കാലതാമസമെടുക്കുന്നത് അടുത്തുവരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് വാര്‍ഡ് വിഭജന നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് തടസമാകും.
ഗവര്‍ണറുടെ നിലപാട് പ്രകോപനപരം:
എ. വിജയരാഘവന്‍
തിരുവനന്തപുരം: ഭരണഘടനാപരമായ ഉത്തരവാദിത്വം നിറവേറ്റുന്നതിന് പകരം രാഷ്ട്രീയ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് വിധേയമായി നിലപാട് സ്വീകരിക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്റെ നിലപാട് വിചിത്രമാണെന്ന് എല്‍.ഡി.എഫ്. കണ്‍വീനര്‍ എ.വിജയരാഘവന്‍.
ജനാധിപത്യപരമായി നിലവില്‍ വന്ന സര്‍ക്കാര്‍ നയങ്ങളുടെ അടിസ്ഥാനത്തിലാണ് മുന്നോട്ടുപോകുന്നത്. അത് പ്രകാരമുള്ള നടപടികളെ ചോദ്യം ചെയ്യുന്നത് ഗവര്‍ണര്‍ പദവിക്ക് ഭൂഷണമല്ല. സ്വന്തം രാഷ്ട്രീയം അടിച്ചേല്‍പ്പിക്കാന്‍ സംസ്ഥാന ഗവര്‍ണര്‍ക്ക് ഭരണഘടന അധികാരം നല്‍കുന്നില്ല.
ഇക്കാര്യം വിസ്മരിച്ചാണ് സര്‍ക്കാര്‍ നടപടികളെ ഗവര്‍ണര്‍ എതിര്‍ക്കുന്നത്. സംസ്ഥാന സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ശക്തികളുടെ ആയുധമായി ഗവര്‍ണര്‍ അധഃപതിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. സര്‍ക്കാരിന്റെ ചുമതല നിര്‍വഹിക്കുന്നതിന് സഹായകരമായ നിലപാട് സ്വീകരിക്കാന്‍ ഇനിയെങ്കിലും ഗവര്‍ണര്‍ തയ്യാറാകണമെന്നും വിജയരാഘവന്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."