ഇമ്രാന് ഖാനെയും ക്ഷണിക്കുമെന്ന് ഇന്ത്യ
.
ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ ഷാങ്ഹായ് സഹകരണ ഉച്ചകോടി (എസ്.സി.ഒ)യിലേക്ക് പാക് പ്രധാനമന്ത്രി ഇമ്രാന് ഖാനും ക്ഷണമുണ്ടാകുമെന്ന് ഇന്ത്യന്‍ വിദേശ കാര്യ മന്ത്രാലയം. ചൈന നേതൃത്വം നല്കുന്ന ഷാങ്ഹായ് ഉച്ചകോടിയിലെ രാജ്യ തലവന്മാരുടെ പത്തൊന്‍പതാം സമ്മേളനം ഈ വര്‍ഷാവസാനം ഡല്‍ഹിയിലാണ് നടക്കുന്നത്. ഇതിലേക്ക് പാക് പ്രധാനമന്ത്രി ഇമ്രാന് ഖാനെ ക്ഷണിച്ചു കൊണ്ട് കത്തെഴുതുമെന്ന് മന്ത്രാലയം ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
നടപടിക്രമമനുസരിച്ച് എട്ട് അംഗ രാജ്യങ്ങളെയും നാല് നിരീക്ഷക രാജ്യങ്ങളെയും മറ്റ് അന്താരാഷ്ട്ര സംഭാഷണ പങ്കാളികളെയും ക്ഷണിക്കും- വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥന് രവീഷ് കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ചൈന നേതൃത്വം നല്കുന്ന എട്ടംഗ സാമ്പത്തിക-സുരക്ഷാ കൂട്ടായ്മയില്‍ ഇന്ത്യക്കും പാകിസ്താനും പുറമെ കസാഖിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, റഷ്യ, തജികിസ്ഥാന്‍ ഉസ്ബെകിസ്ഥാന് എന്നീ രാജ്യങ്ങളാണുള്ളത്.
അഫ്ഗാനിസ്ഥാന്, ഇറാന്, മംഗോളിയ, ബെലാറസ് എന്നിവരാണ് നിരീക്ഷക രാജ്യങ്ങള്‍.
2001ല്‍ രൂപം കൊണ്ട കൂട്ടായ്മയില്‍ ഇന്ത്യയും പാകിസ്താനും അംഗങ്ങളാകുന്നത് 2017ലാണ്. കസാഖിസ്ഥാന്‍ തലസ്ഥാനമായ ബിഷ്കേക്കില്‍ നടന്ന 18ാം പതിപ്പില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മോദിയും പാക് പ്രധാനമന്ത്രി ഇമ്രാന് ഖാനും പങ്കെടുത്തിരുന്നു.
സമ്മേളനത്തില്‍ പാകിസ്താന് ഭീകരതയുടെ 'സ്പോണ്സര്'മാരാണെന്നും തീവ്രവാദികള്‍ക്ക് എല്ലാ സഹായങ്ങളും അവര്‍ നല്‍കുന്നുണ്ടെന്നും മോദി ആരോപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."