അമിത് ഷാ 'തട്ടിയെടുത്ത' ദേശദ്രോഹിയുടെ കഥ
ഇന്ത്യന്‍ പാര്‍ലമെന്റ് മന്ദിരം ആക്രമിച്ച അഞ്ചു ഭീകരവാദികളും വെടിയേറ്റ് കൊല്ലപ്പെട്ടപ്പോള്‍, അഫ്‌സല്‍ ഗുരു എന്ന കശ്മിരി യുവാവിനെ കോടതി ഈ കേസില്‍ വധശിക്ഷയ്ക്കു വിധിച്ചത് ഗൂഢാലോചനാ കുറ്റം ചുമത്തിയാണ്. 'രാജ്യത്തിന്റെ പൊതുമനഃസാക്ഷിയെ തൃപ്തിപ്പെടുത്തുന്നതിന് ' അത്തരമൊരു ശിക്ഷ അനിവാര്യമാണ് എന്നായിരുന്നു ജസ്റ്റിസ് എസ്.എന്‍ ധിന്‍ഗ്ര അതിനു ന്യായീകരണം കണ്ടെത്തിയത്. രാഷ്ട്രപിതാവ് മഹാത്മജിയെ വധിക്കുന്നതില്‍ ഗൂഢാലോചന നടത്തിയവരില്‍ ആരെയും കോടതി വധശിക്ഷയ്ക്കു വിധിച്ചിരുന്നില്ല; തടവുശിക്ഷ നല്‍കി വിട്ടയക്കുകയാണുണ്ടായത്. ഇവിടെ കുറ്റവും ശിക്ഷയുമല്ല പ്രതിപാദ്യ വിഷയം.
2002ല്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് തിഹാര്‍ ജയിലില്‍ കഴിയവെ 2006ലാണ് തന്റെ അഭിഭാഷകന്‍ മുഖേന ഞെട്ടിപ്പിക്കുന്ന ഒരു രഹസ്യം അഫ്‌സല്‍ ഗുരു ലോകത്തോട് പങ്കുവച്ചത്. പാര്‍ലമെന്റ് ആക്രമണത്തിനിടയില്‍ കൊല്ലപ്പെട്ട മുഹമ്മദ് എന്ന പാക് ഭീകരനെ ഡല്‍ഹിയിലെത്തിക്കുന്നതിനും അവന് മറ്റു സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുന്നതിനും തന്നോട് നിര്‍ദേശിച്ചത് അന്നു കശ്മിരില്‍ സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സിന്റെ ചുമതലയുള്ള ദേവീന്ദര്‍ സിങ്ങാണ് എന്നായിരുന്നു അഫ്‌സല്‍ ഗുരുവിന് ലോകത്തോട് പറയാനുണ്ടായിരുന്നത്. താന്‍ എങ്ങനെ പാര്‍ലമെന്റ് ആക്രമണക്കേസില്‍ കുടുങ്ങി എന്ന് അദ്ദേഹം എഴുതിയ കത്തില്‍ സവിസ്തരം പ്രതിപാദിക്കുന്നുണ്ട്.
'ഒരു ദിവസം അല്‍ത്താഫ് (പാക് തീവ്രവാദികളില്‍ ഒരാള്‍) എന്നെ ഡി.എസ്.പി ദേവീന്ദര്‍ സിങ്ങിന്റെ അടുത്ത് കൂട്ടിക്കൊണ്ടുപോയി. ഇയാള്‍ക്ക് ചെറിയൊരു സഹായം ചെയ്തുകൊടുക്കണമെന്ന് ആവശ്യപ്പെട്ടു. ഡല്‍ഹി വരെ എത്തിക്കണമെന്നും ഒരു വാടകവീട് തരപ്പെടുത്തിക്കൊടുക്കണമെന്നും പറഞ്ഞു. എനിക്ക് അയാളെ അറിയില്ലായിരുന്നു. സംസാരത്തില്‍നിന്ന് കശ്മിരി അല്ലെന്ന് മനസിലായി. എന്നിരുന്നാലും ദേവീന്ദര്‍ സിങ് ആവശ്യപ്പെട്ടതു കൊണ്ട് ചെയ്യാതിരിക്കാന്‍ നിവൃത്തിയില്ലായിരുന്നു. ഒരു ദിവസം മുഹമ്മദ് ഒരു കാര്‍ വാങ്ങാന്‍ സഹായിക്കണമെന്ന് പറഞ്ഞു. അപ്രകാരം അയാളോടൊപ്പം കരോള്‍ബാഗില്‍ പോയി കാര്‍ വാങ്ങി. ഡല്‍ഹിയില്‍ പലരെയും കാണാന്‍ ഈ കാര്‍ അയാള്‍ ഉപയോഗിച്ചു. ഞങ്ങള്‍ രണ്ടുപേരെയും ദേവീന്ദര്‍ സിങ് ഫോണില്‍ സ്ഥിരമായി വിളിക്കുമായിരുന്നു'. അഫ്‌സല്‍ ഗുരു ഒരുവേള കശ്മിര്‍ പൊലിസില്‍ കോണ്‍സ്റ്റബിള്‍ ആയിരുന്നു. തീവ്രവാദത്തിലേക്ക് ആകൃഷ്ടനായ അയാള്‍ പിന്നീട് ആയുധംവച്ച് കീഴടങ്ങി. അതിനുശേഷം സദാ പൊലിസിന്റെ നിരീക്ഷണത്തിലായിരുന്നു. എന്നല്ല, നിരന്തരമായ പീഡനങ്ങളുടെ ഇരയായിരുന്നു. ആ പീഡനങ്ങളുടെ പ്രഭവകേന്ദ്രം ദേവീന്ദര്‍ സിങ് എന്ന പൊലിസ് ഉദ്യോഗസ്ഥനായിരുന്നു.
പാര്‍ലമെന്റ് ആക്രമണക്കേസിലെ പ്രതികള്‍ക്ക് ഒത്താശ ചെയ്തുകൊടുത്തുവെന്നും ഗൂഢാലോചനയില്‍ പങ്കാളിയായെന്നുമായിരുന്നു അഫ്‌സല്‍ ഗുരുവിനുമേലുള്ള കുറ്റം. എന്നാല്‍, 2013 ഫെബ്രുവരി ഒന്‍പതിനു കഴുമരത്തിലേറ്റപ്പെട്ട ഗുരു തന്റെ നിരപരാധിത്വം തെളിയിക്കാനും ദേവീന്ദര്‍ സിങ് എന്ന പൊലിസ് ഉദ്യോഗസ്ഥരും തീവ്രവാദികളും തമ്മിലുള്ള അവിഹിതബന്ധത്തിന്റെ ഉള്ളറകളിലേക്ക് വെളിച്ചം വീശുന്ന കുറേ സത്യങ്ങള്‍ പുറത്തുവിടാന്‍ ശ്രമിച്ചിട്ടും കോടതിയോ മീഡിയയോ അതു ഗൗരവത്തിലെടുത്തില്ല. എന്നാല്‍, സത്യം ഒരു നാള്‍ മുഖം കാണിക്കാതിരിക്കില്ല എന്ന തത്ത്വം അന്വര്‍ഥമാക്കിക്കൊണ്ട് ഈ പൊലിസ് ഉദ്യോഗസ്ഥന്‍ ഇപ്പോള്‍ പിടിയിലായിരിക്കുകയാണ്; അതും രണ്ടു ഭീകരവാദികളെ ഡല്‍ഹിയിലേക്ക് കടത്താനുള്ള ശ്രമത്തിനിടയില്‍. ഇക്കഴിഞ്ഞ ജനുവരി 11നു ശ്രീനഗര്‍-ജമ്മു ദേശീയപാതയില്‍, സൗത്ത് കശ്മിര്‍ ഡി.ജി.പി അതുല്‍ ഗോയലിന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡിലാണ് ഇയാള്‍ പിടിയിലാകുന്നത്. ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ സയ്യിദ് നവീദ് മുഷ്താഖ്, ലശ്കറെ ത്വയ്ബ നേതാവ് അല്‍ത്താഫ് എന്നിവരാണ് ഇയാള്‍ സഞ്ചരിച്ച കാറിലുണ്ടായിരുന്നത്. ഇന്ത്യ-പാക് അതിര്‍ത്തിയില്‍ പട്ടാളത്താവളത്തിനടുത്ത തന്റെ വസതിയിലാണ് ഭീകരവാദികളെ ഈ പൊലിസ് ഉദ്യോഗസ്ഥന്‍ താമസിപ്പിച്ചിരുന്നതെന്നു വ്യക്തമായിട്ടുണ്ട്. ഡല്‍ഹി ലക്ഷ്യമിട്ടായിരുന്നു ഇവരുടെ യാത്ര.
റിപ്പബ്ലിക് ദിനത്തില്‍ തലസ്ഥാന നഗരിയില്‍ ഭീകരാക്രമണത്തിനു സാധ്യതയുണ്ട് എന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനിടയിലാണ് അറിയപ്പെടുന്ന ഭീകരവാദികളെ അവിടെ എത്തിക്കാന്‍ ഇയാള്‍ വിഫലശ്രമം നടത്തിയത് എന്നതില്‍ നിന്നുതന്നെ പലതും വായിച്ചെടുക്കാനുണ്ട്. പൗരത്വ നിയമ ഭേദഗതിക്കെതിരേ രാജ്യത്തുടനീളം ആഞ്ഞടിക്കുന്ന ജനകീയ പ്രക്ഷോഭങ്ങളില്‍നിന്ന് ലോകത്തിന്റെ ശ്രദ്ധ തിരിച്ചുവിടാന്‍ ഭരണകൂട ഏജന്‍സികള്‍ ആസൂത്രണം ചെയ്ത ഒരു മഹാദുരന്തത്തില്‍നിന്ന് രാജ്യം തല്‍ക്കാലം രക്ഷപ്പെട്ടുവെന്ന് കരുതി സമാധാനിക്കാം.
ഞെട്ടിപ്പിക്കുന്ന വസ്തുതകള്‍
ഭീകരവാദികളോടൊപ്പം പിടികൂടപ്പെട്ടത് ദേവീന്ദര്‍ സിങ് ആയതുകൊണ്ട് മാത്രം രക്ഷപ്പെട്ടു. ആ സ്ഥാനത്ത് ഏതെങ്കിലും മുസ്‌ലിം നാമധാരിയായിരുന്നുവെങ്കില്‍ എന്താകുമായിരുന്നു പുകില് ? ഭീകരവാദികളായും രാജ്യദ്രോഹികളായും ഒരു ജനവിഭാഗത്തെ ചാപ്പകുത്തി അപരവല്‍ക്കരിക്കാനും അതുവഴി നാടു കടത്താനും ആര്‍.എസ്.എസും മോദി സര്‍ക്കാരും ആസൂത്രിത പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനിടയിലാണ് ദേവീന്ദര്‍ സിങ് എന്ന പശുമാര്‍ക്ക് 'രാജ്യസ്‌നേഹി' പൊലിസിന്റെ വലയില്‍ വീണത്. ഡി.ജി.പി അതുല്‍ ഗോയലിന് പറ്റിയ ഒരു കൈയബദ്ധം എന്നു വേണമെങ്കില്‍ പറയാം. ദേവീന്ദര്‍ സിങ്ങിനെ കുറിച്ച് മുന്‍പും ഒട്ടേറെ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും അയാള്‍ നിയമത്തിന്റെ പിടിയില്‍നിന്ന് കുതറിയോടിയത് ഉന്നതതലങ്ങളിലെ ബന്ധങ്ങള്‍ കൊണ്ടുതന്നെയാണ്. നാലു മാസം മുന്‍പാണ് വിശിഷ്ടസേവനത്തിനു രാഷ്ട്രപതിയുടെ പതക്കം ഇയാളുടെ മാറിലണിയിച്ചത്. അമേരിക്കന്‍ അംബാസഡര്‍ അടക്കമുള്ള വിശിഷ്ട വ്യക്തികള്‍ താഴ്‌വര സന്ദര്‍ശിച്ചപ്പോള്‍ അവര്‍ക്ക് അകമ്പടി സേവിക്കാനും അവരുടെ സുരക്ഷ ഉറപ്പാക്കാനും മോദി സര്‍ക്കാര്‍ നിയോഗിച്ചത് ഈ രാജ്യദ്രോഹിയെയാണ്. വന്‍ സ്വത്തുക്കള്‍ ഇയാള്‍ സമ്പാദിച്ചുവച്ചിട്ടുണ്ടത്രെ.
ആരാണ് യഥാര്‍ഥത്തില്‍ ദേവീന്ദര്‍ സിങ് ? ആര്‍ക്കു വേണ്ടിയാണ് ഇയാള്‍ ഭീകരവാദികള്‍ക്ക് അഭയം നല്‍കുന്നതും ഡല്‍ഹിയിലേക്ക് കടത്തുന്നതും ? പെട്ടെന്ന് ഉത്തരം കിട്ടാന്‍ പ്രയാസമാണെങ്കിലും രഹസ്യാന്വേഷണ വിഭാഗവും പൊലിസും അതുപോലെ ഭരണകൂട ഏജന്‍സികളും സംയുക്തമായി നടത്തുന്ന ചില പദ്ധതികളുണ്ട്. ആ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കുന്നത് 'ഡീപ് സ്റ്റേറ്റ്' എന്ന് പാശ്ചാത്യ രാഷ്ട്രീയ പദാവലിയില്‍ വിശേഷിപ്പിക്കപ്പെടുന്ന ഒരു വ്യവസ്ഥിതിയാണ്. രാജ്യത്തിന്റെ പ്രഖ്യാപിത ശത്രുക്കളെ അവര്‍ ഉല്‍പാദിപ്പിച്ചെടുത്ത് ഭരിക്കുന്നവരുടെ അജന്‍ഡ നടപ്പാക്കുന്ന അവിശ്വസനീയ ഏര്‍പ്പാടാണിത്.
ടാഡ നിയമം എടുത്തുകളഞ്ഞ ശേഷം പല്ലും നഖവുമുള്ള മറ്റൊരു കരിനിയമം ചുട്ടെടുക്കാന്‍ അന്നത്തെ വാജ്‌പേയി സര്‍ക്കാര്‍ ശ്രമിച്ചപ്പോള്‍ കടുത്ത എതിര്‍പ്പുയര്‍ന്നു. സെപ്റ്റംബര്‍ 11ന്റെ ഭീകരാക്രമണ പശ്ചാത്തലം അനുകൂല ഘടകമായുണ്ടായിരുന്നു. കരിനിയമത്തോടുള്ള രാഷ്ട്രീയപാര്‍ട്ടികളുടെ എതിര്‍പ്പ് ഇല്ലാതാക്കാന്‍ ഭയാനകമായ ഒരു ആക്രമണം ന്യായീകരണമായി ആവശ്യമുണ്ടായിരുന്നു. അങ്ങനെയാണ്, എല്ലാ രഹസ്യാന്വേഷണ ഏജന്‍സികളെയും മയക്കിക്കിടത്തി 2001 ഡിസംബര്‍ 13ന് പാര്‍ലമെന്റ് സമ്മേളനം നടക്കുന്നതിനിടെ അഞ്ചു പാക് ഭീകരവാദികള്‍ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് തോക്കും ബോംബുമായി ഇരച്ചുകയറുന്നത്. ലഷ്‌കറെ ത്വയ്ബ, ജയ്‌ഷെ മുഹമ്മദ് എന്നീ ഭീകരസംഘടനകളില്‍പെട്ടവരാണത്രെ ആക്രമണം നടത്തിയത്. ഇവരെല്ലാം സംഭവസ്ഥലത്ത് വച്ചുതന്നെ പൊലിസ് വെടിയേറ്റ് കൊല്ലപ്പെട്ടതിനാല്‍, ആക്രമണം ആസൂത്രണം ചെയ്തവരെ തേടിയാണ് പൊലിസിന്റെ അന്വേഷണം നീണ്ടത്. ഡല്‍ഹിയില്‍ കഴിയുന്ന കശ്മിരികളെ കേന്ദ്രീകരിച്ച് അന്വേഷണം നീണ്ടപ്പോള്‍ ജാമിഅ മില്ലിയ്യ വാഴ്‌സിറ്റിയിലെ അധ്യാപകന്‍ ജീലാനിയിലേക്ക് പോലും സംശയത്തിന്റെ കയര്‍ നീട്ടിയെറിഞ്ഞു. എന്നാല്‍, ദേവീന്ദര്‍ സിങ് ഫലപ്രദമായി ഉപയോഗിച്ച അഫ്‌സല്‍ ഗുരുവിനാണ് ഈ വഴിയില്‍ ജീവന്‍ കൊടുക്കേണ്ടിവന്നത്.
എന്‍.ഐ.എ എന്തിന്
പ്രതിയെ തട്ടിയെടുത്തു ?
ജമ്മുകശ്മിര്‍ പൊലിസ് റെയ്ഡില്‍ പിടിച്ച ദേവീന്ദര്‍ സിങ്ങിനെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) തട്ടിയെടുത്തിരിക്കുകയാണ്. യു.എ.പി.എ ചുമത്തി മറ്റേതു ഭീകരവാദിയെയും പോലെ കൈകാര്യം ചെയ്യുമെന്ന് പറയുന്നുണ്ടെങ്കിലും ദേവീന്ദര്‍ സിങ്ങിന് ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. കാരണം, അവിശ്വസനീയമായ ഒരു ശൃംഖലയുടെ ശക്തമായ കണ്ണിയാണിയാള്‍. അമിത് ഷാക്കും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനും വേണ്ടപ്പെട്ടയാള്‍.
കശ്മിര്‍ ഭീകരവാദത്തിനു ലോകം കാണാത്ത കുറെ മാനങ്ങളുണ്ട്. അതു ഫലപ്രദമായി ഉപയോഗിച്ചാണ് ഹിന്ദുത്വരാഷ്ട്രീയം വളര്‍ത്തിക്കൊണ്ടുവന്നത്. പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണം ഒട്ടേറെ ദുരൂഹതകള്‍ പരത്തിയപ്പോള്‍ ഇതുവരെ സംശയനിവാരണത്തിന് മോദി സര്‍ക്കാര്‍ തയാറായിട്ടില്ല.
2019 ഫെബ്രുവരി 14ന് ജമ്മു-ശ്രീനഗര്‍ ദേശീയപാതയില്‍ പുല്‍വാമയില്‍ 40 സി.ആര്‍.പി.എഫ് ജവാന്മാരുടെ ജീവനെടുത്ത ഭീകരാക്രമണം അവിശ്വസനീയവും നിഗൂഢവുമായിരുന്നു. അതിന്റെ ചുരുളഴിയാന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവിനെ ചോദ്യം ചെയ്താല്‍ മതിയെന്ന് അന്നു ചിലര്‍ അഭിപ്രായപ്പെട്ടത് ആരും മറന്നുകാണില്ല. 2,500 സൈനികരെയും കൊണ്ട് പുലര്‍ച്ചെ മൂന്നിനു പുറപ്പെട്ട 78 ബസുകള്‍ക്കിടയിലേക്ക് ആദില്‍ മുഹമ്മദ് എന്ന തീവ്രവാദിക്ക് 100 കിലോ ഗ്രാം സ്‌ഫോടകവസ്തുക്കളുമായി കടന്നുചെന്ന് വിസ്‌ഫോടനം സൃഷ്ടിക്കാന്‍ ആരാണ് ഒത്താശ ചെയ്തുകൊടുത്തതെന്ന ചോദ്യമാണ് പ്രധാനമായും ഉയര്‍ന്നത്. അന്നും ദേവീന്ദര്‍ സിങ്ങിന്റെ പേര് ഉയര്‍ന്നു വന്നിരുന്നു. പുല്‍വാമ ഭീകരാക്രമണത്തെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ കോണ്‍ഗ്രസ് പാകിസ്താനെ സംരക്ഷിക്കാനാണു ശ്രമിക്കുന്നതെന്നു പറഞ്ഞ് ആ വഴിക്കുള്ള സംവാദത്തിനുപോലും തടയിട്ടു. പുല്‍വാമ സംഭവത്തില്‍ ദേവീന്ദര്‍ സിങ്ങിനു നിര്‍ണായക പങ്കുണ്ട് എന്ന ആരോപണം ഇപ്പോള്‍ വീണ്ടും ഉയര്‍ന്നിട്ടുണ്ട്. ഹിന്ദുത്വ പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പില്‍ ജയിച്ചുകയറാന്‍ കുറെ ജവാന്മാരെ ബലി കൊടുക്കേണ്ടിവന്നെങ്കില്‍ അതിലൊന്നും അധാര്‍മികമായി ഒന്നുമില്ല എന്ന് കരുതുന്ന അധികാരമോഹികളുടെ സംഘചേതനയാണ് ആര്‍.എസ്.എസെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്.
കൊടുംക്രൂരനായിരുന്നു ദേവീന്ദര്‍ സിങ് എന്ന പൊലിസ് ഉദ്യോഗസ്ഥനെന്ന് അയാളുമായി നടത്തിയ ഒരു അഭിമുഖത്തിലെ വാക്കുകളില്‍നിന്ന് വായിച്ചെടുക്കാവുന്നതേയുള്ളൂ. അഫ്‌സല്‍ ഗുരുവിനെ ആഴ്ചകളോളം പൊലിസ് ക്യാംപിലിട്ട് പീഡിപ്പിച്ചത് അയാള്‍ സമ്മതിക്കുന്നുണ്ട്. അതിനിഷ്ഠൂരമായ മര്‍ദനങ്ങള്‍ അഴിച്ചുവിട്ടിട്ടും കുറ്റസമ്മതം നടത്താന്‍ ഗുരു തയാറാവാതെ വന്നപ്പോള്‍, ഗുദത്തില്‍ പെട്രോളൊഴിച്ച് ഇലക്ട്രിക് ഷോക്ക് കടത്തിവിട്ട കിരാത നടപടിയെക്കുറിച്ച് അഭിമുഖത്തില്‍ വിവരിക്കുന്നുണ്ട്. നിരപരാധിയാണെങ്കില്‍ അയാളെ വിട്ടയക്കൂ എന്ന് ജില്ലാ പൊലിസ് മേധാവി പറഞ്ഞപ്പോള്‍, മര്‍ദനത്തിന്റെ മുറിവുണങ്ങാന്‍ ആഴ്ചകളെടുക്കുമെന്നും അതിനുശേഷം വിട്ടയക്കാമെന്നുമായിരുന്നു മറുപടി.
ഇങ്ങനെ പിടിക്കപ്പെടുന്ന തീവ്രവാദികളെ തങ്ങളുടെ ഹിഡന്‍ അജന്‍ഡകള്‍ നടപ്പാക്കാന്‍ ഉപയോഗിക്കുക എന്നതായിരുന്നു രീതി. രാജ്യത്തിന്റെ ഏതെങ്കിലും കോണില്‍ ഭീകരാക്രമണമുണ്ടാകുമ്പോള്‍ കൊല്ലപ്പെട്ടത് പാകിസ്താനിലെ ഇന്ന പട്ടണത്തില്‍നിന്ന് / ഇന്ന ഗ്രാമത്തില്‍നിന്ന് വരുന്ന ഈ ഗ്രൂപ്പില്‍പെട്ട ഭീകരവാദിയാണെന്ന് വിശദീകരിക്കാന്‍ സാധിക്കുന്നത് ഭീകരസംഭവങ്ങളുടെ പിന്നിലെ അദൃശ്യാംഗുലികളിലേക്കാണ് സൂചന നല്‍കുന്നത്. ഗുജറാത്തിലെ അക്ഷര്‍ധാം ക്ഷേത്രത്തിനു നേരെ ആക്രമണമുണ്ടായപ്പോള്‍ അന്ന് ആഭ്യന്തരം കൈയാളിയിരുന്ന എല്‍.കെ അദ്വാനി ഭീകരവാദികളുടെ പേരും മേല്‍വിലാസവും മാധ്യമങ്ങളോട് പങ്കുവച്ചപ്പോള്‍ ആര്‍.എസ്.എസിന്റെ പരിശീലനം കഴിഞ്ഞ് അയച്ചവരായിരുന്നുവോ ഇവര്‍ എന്ന് ഒരു മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചത് മറന്നിട്ടില്ല. പിറന്ന മണ്ണിനോടും വളര്‍ന്ന സമൂഹത്തോടും അശേഷം പ്രതിബദ്ധതയോ കൂറോ ഇല്ലാത്ത കൊടും ദേശദ്രോഹികളായ ഇത്തരം ഉദ്യോഗസ്ഥരുടെ ദുഷ്‌ചെയ്തികളുടെ അനന്തരഫലം അനുവഭിക്കേണ്ടി വരുന്നത് ദുര്‍ബലരും ഹതാശരുമായ ഒരു ജനവിഭാഗമാണ് എന്ന സങ്കടം നിറഞ്ഞ യാഥാര്‍ഥ്യം ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതുണ്ട്.
റിപ്പബ്ലിക് ദിനത്തില്‍ ഭീകരാക്രമണ സാധ്യതയെ കുറിച്ച് രഹസ്യാന്വേഷണ വിഭാഗം ചില സൂചനകള്‍ നല്‍കുന്നതിനിടയിലാണ് ഒരു ഉന്നത പൊലിസ് ഉദ്യോഗസ്ഥന്‍ ഇമ്മട്ടില്‍ പിടിക്കപ്പെടുന്നത് എന്നത് സംഗതിയുടെ ഗൗരവമേറ്റുന്നു. ദേവീന്ദര്‍ സിങ് പിടിയിലായത് വളരെ യാദൃശ്ചികമാവാം. അതു സംഭവിച്ചില്ലായിരുന്നുവെങ്കില്‍ ഡല്‍ഹിയില്‍ റിപ്പബ്ലിക് ദിനത്തില്‍ വന്‍ സ്‌ഫോടനമോ കൂട്ടക്കുരുതിയോ സംഭവിച്ചേനെ. പൗരത്വ നിയമ ഭേദഗതിയും എന്‍.ആര്‍.സിയും എന്‍.പി.ആറുമൊക്കെ മോദി-അമിത് ഷാ പ്രഭൃതികള്‍ക്ക് തലവേദന സൃഷ്ടിക്കുകയും ആഞ്ഞടിക്കുന്ന ജനകീയ പ്രക്ഷോഭത്തില്‍പെട്ട് സര്‍ക്കാര്‍ ആടിയുലയുകയും ചെയ്യുമ്പോള്‍ എല്ലാത്തിനുമുള്ള മറുമരുന്ന് രാജ്യസ്‌നേഹം തുറന്നുവിടുന്ന ഭീകരാക്രമണമാണെന്ന് സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ കണക്കു കൂട്ടിയിട്ടുണ്ടാവണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."