'നീ ആരെടാ അയാളെ തടയാന്‍?'; സെന്‍കുമാറിന്റെ അതിക്രമത്തിനെതിരെ വിരല്‍ചൂണ്ടിയ സുപ്രഭാതം ലേഖകന്‍ സംഭവം വിവരിക്കുന്നു
തിരുവനന്തപുരം: മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍ തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെ ചോദ്യമുന്നയിച്ച മാധ്യമപ്രവര്‍ത്തകനു നേരെയുണ്ടായ കൈയ്യേറ്റം ഏവരെയും ഞെട്ടിച്ചതാണ്. പ്രസ് ക്ലബ്ബിനുള്ളില്‍ പോലും മാധ്യമപ്രവര്‍ത്തകര്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനാവുന്നില്ലെന്ന ഭീഷണിയാണ് ഈ സംഭവമുയര്‍ത്തിയത്.
ചോദ്യമുന്നയിച്ച റഷീദ് കടവില്‍ എന്ന മാധ്യമപ്രവര്‍ത്തകനെതിരെ അധിക്ഷേപകരമായ വാക്കുകള്‍ ഉന്നയിക്കുകയും മദ്യപിച്ചിട്ടുണ്ടോയെന്നു വരെ സെന്‍കുമാര്‍ ചോദിക്കുകയും ചെയ്തു. എന്നാല്‍ കൂട്ടത്തിലുള്ളയാളെ ഇങ്ങനെ ആക്രോശിക്കുന്നതിനിടയില്‍ മറ്റു മാധ്യമപ്രവര്‍ത്തകരൊന്നും ഇടപെടുന്നേയില്ല. ഈ സമയത്താണ് സുപ്രഭാതം തിരുവനന്തപുരം ലേഖകന്‍ വി.എസ് പ്രമോദ് രംഗത്തില്‍ ഇടപെടുന്നത്. അന്നുണ്ടായ സംഭവം അദ്ദേഹം വിവരിക്കുന്നു:
തലസ്ഥാനത്തെ എല്ലാ മാധ്യമങ്ങളില്‍നിന്നുമുള്ള പ്രതിനിധികള്‍ അന്ന് പ്രസ് ക്ലബില്‍ എത്തിയിരുന്നു. വെള്ളാപ്പള്ളിക്കെതിരേ പറയാനാണ് മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറും സുഭാഷ് വാസുവും വരുന്നതെന്ന് എല്ലാവരും അറിയാമായിരുന്നതിനാലായിരുന്നു ഇത്.
തുടക്കത്തിലെ പത്രസമ്മേളനങ്ങള്‍ക്ക് ആള് കുറവായിരുന്നു. ടി.പി സെന്‍കുമാറും സുഭാഷ് വാസുവും വന്നതോടെ പ്രസ് ക്ലബ് ഹാള്‍ നിറഞ്ഞു. അന്‍പതോളം പേരാണ് ഇവര്‍ക്കൊപ്പം പത്രസമ്മേളനത്തിനായി എത്തിയത്. പത്രസമ്മേളനത്തില്‍ ആദ്യം സംസാരിച്ചു തുടങ്ങിയത് സെന്‍കുമാറായിരുന്നു. ഏറെ നീണ്ട സംസാരത്തിനിടെ എപ്പോഴോ, ചോദ്യം ചോദിക്കാന്‍ മാധ്യമപ്രവര്‍ത്തകനായ കടവില്‍ റഷീദ് ശ്രമിച്ചെങ്കിലും സെന്‍കുമാര്‍ വഴങ്ങാതെ പിന്നീട് ചോദിക്കാമെന്നു പറഞ്ഞ് ഒഴിവാക്കി.
വീണ്ടും മണിക്കൂറോളം നീണ്ട സംസാരത്തിനു ശേഷമാണ് ചോദ്യം ചോദിക്കാനുള്ള അവസരം ഉണ്ടായത്. ആദ്യ ചോദ്യംതന്നെ കടവില്‍ റഷീദിന്റെ വകയായിരുന്നു. സെന്‍കുമാറിനെ ഡി.ജി.പിയാക്കിയത് തനിക്കുപറ്റിയ ഏറ്റവും വലിയ അബദ്ധമാണെന്ന് മുന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞിട്ടുണ്ടല്ലോ എന്ന കടവില്‍ റഷീദിന്റെ ചോദ്യം മുന്‍ ഡി.ജി.പിക്ക് രസിച്ചില്ല. ടി.പി സെന്‍കുമാറിനൊപ്പം വന്നവരെക്കൊണ്ട് നിറഞ്ഞു കവിഞ്ഞ ഹാളിന്റെ മുന്നില്‍ ഇരിക്കാന്‍ ഇടമില്ലാത്തതുകൊണ്ട് നിരത്തിവച്ച കാമറകള്‍ക്കും പിന്നിലിരുന്നായിരുന്നു കടവിലിന്റെ ചോദ്യം. ഇതോടെ അദ്ദേഹം രൂക്ഷമായി പ്രതികരിച്ചു.
താങ്കള്‍ മാധ്യമപ്രവര്‍ത്തകനാണോ, നിങ്ങള്‍ ഏത് പത്രത്തിലാണ്, മദ്യപിച്ചിട്ടുണ്ടോ, ചോദ്യം ചോദിക്കുകയാണെങ്കില്‍ വേദിക്കു മുന്നില്‍ വന്നു ചോദിക്കണം എന്നിങ്ങനെയായി ടി.പി.സെന്‍കുമാറിന്റെ ചോദ്യം ചെയ്യല്‍.
ഞാന്‍ അക്രഡിറ്റഡ് ജേര്‍ണലിസ്റ്റാണ്, പത്രത്തിന്റെ പേര് പറയണ്ടകാര്യമില്ല റഷീദ് പ്രതികരിച്ചു.
ഇതിനിടെ ടി.പി സെന്‍കുമാറിനും സുഭാഷ് വാസുവിനുമൊപ്പം വന്നവര്‍ റഷീദിനെതിരേ ആക്രോശം തുടങ്ങി. ഇതിനിടെ റഷീദ് മുന്നിലേക്ക് വരാന്‍ പുറത്തേക്കിറങ്ങി. അപ്പോഴാണ് ടി.പി.സെന്‍കുമാര്‍ പിടിക്കവനെ എന്ന് വിളിച്ചുപറഞ്ഞത്.
[caption id="attachment_808444" align="alignleft" width="360"] വി.എസ് പ്രമോദ്[/caption]ടി.പി സെന്‍കുമാര്‍ സംഭാഷണം തുടരുന്നതിനിടെ തിരക്കിനിടയിലൂടെ ഡയസിനു മുന്നിലെത്തി. അപ്പോഴും മുന്‍പ് ചോദിച്ച ചോദ്യങ്ങള്‍ ടി.പി സെന്‍കുമാര്‍ ആവര്‍ത്തിക്കുകയായിരുന്നു.
ഐഡന്റിറ്റി കാര്‍ഡ് കാണിച്ച് താന്‍ അക്രഡിറ്റഡ് ജേര്‍ണലിസ്റ്റാണെന്നും മദ്യപിച്ചിട്ടില്ലെന്നും സാറ് മദ്യപിച്ചിട്ടുണ്ടെന്ന് ഞാന്‍ പറഞ്ഞാല്‍ സാര്‍ സമ്മതിക്കുമോയെന്നും റഷീദ് തിരിച്ചു ചോദിച്ചു. മദ്യപിച്ചോ എന്നറിയാല്‍ പരിശോധനക്ക് തയാറാണെന്നും റഷീദ് പറഞ്ഞു.
ഇതിനിടെയാണ് കാര്യങ്ങള്‍ കൈവിട്ടുപോയത്. ഈ സംഭാഷണം നടക്കുന്നതിനിടെ ചിലര്‍ എണീറ്റ് റഷീദിനുനേരെ അടുത്തു. തര്‍ക്കം കൈയാങ്കളിയിലേക്കും റഷീദിനെ ഷര്‍ട്ടിനു പിടിച്ച് പുറത്താക്കുന്നതിലേക്കുമെത്തി. ചിലര്‍ ചേര്‍ന്ന് പിടിച്ചുതള്ളി വാതിലിനടുത്തേക്ക് എത്തിക്കുമ്പോഴാണ് ഞങ്ങള്‍ ഇടപെട്ടത്. റഷീദിനെ പിടിച്ചു തള്ളിയവരോട് പുറത്തുപോകണമെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടു. തര്‍ക്കത്തിനൊടുവില്‍ അവര്‍ പുറത്തുപോയി. തുടര്‍ന്ന് റഷീദിന് ചോദ്യം ചോദിക്കാന്‍ അവസരം കൊടുത്ത ടി.പി സെന്‍കുമാര്‍ അതിനു മറുപടിയും നല്‍കി. പത്രസമ്മേളനം കഴിഞ്ഞു പോകുമ്പോള്‍ അദ്ദേഹം റഷീദിന് അടുത്തെത്തി സോറി പറഞ്ഞാണ് മടങ്ങിയത്.
#WATCH Kerala: A journalist Kadavil Rasheed manhandled at a press conference in Trivandrum while former DGP TP Senkumar was addressing media on issues related to Sree Narayana Dharma Paripalana Yogam case. (16.01.2020) pic.twitter.com/pFUiAFrjsF
— ANI (@ANI) January 17, 2020
അപ്പോഴും ചോദ്യം അവശേഷിക്കുകയാണ്. ഒരു പത്രസമ്മേളനത്തില്‍ പങ്കെടുത്ത് പത്രക്കാരോട് കാര്യങ്ങള്‍ പറയാനും അവരുടെ ചോദ്യങ്ങളെ നേരിടാനും ഒരു മുന്‍ ഡി.ജി.പിക്കും ഒരു പ്രമുഖ പൊതുപ്രവര്‍ത്തകനും എന്തിനാണ് ഇത്രയും ആളുകളുടെ അകമ്പടി. ചോദ്യങ്ങളെ പേടിക്കുന്നതുകൊണ്ടോ അതോ മറ്റാരെങ്കിലും ചോദ്യം ചെയ്യുമെന്ന ഭയംകൊണ്ടോ?. മാധ്യമപ്രവര്‍ത്തകനെ അവന്‍ സ്വന്തം ഇടമായിക്കരുതുന്ന പ്രസ് ക്ലബില്‍നിന്നുപോലും പുറത്താക്കാനുള്ള മാനസികമായ നീക്കങ്ങള്‍ക്കൊപ്പം കായികമായുള്ള ശ്രമത്തെ കണ്ടിരിക്കുന്നതെങ്ങനെ?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."