അന്താരാഷ്ട്ര സുവോളജിക്കല്‍ പാര്‍ക്ക് നിര്‍മാണം മെയില്‍ ആരംഭിക്കും
തൃശൂര്‍: അന്താരാഷ്ട്ര നിലവാരത്തില്‍ ഒല്ലൂരിലെ പുത്തൂരില്‍ സ്ഥാപിക്കുന്ന സുവോളജിക്കല്‍ പാര്‍ക്കിന്റെ നിര്‍മാണം വേഗത്തിലാവും. ഏറെക്കാലത്തെ തൃശൂരുകാരുടെ സ്വപനത്തിനാണ് സാക്ഷാത്കാരമാകുന്നത്. ഒപ്പം പുത്തൂര്‍ ഗ്രാമത്തിന്റെ വികസനത്തിനും പദ്ധതി. അഡ്വ.കെ രാജന്‍ എം.എല്‍.എയുടെ ഇടപെടലാണ് നിര്‍മാണ പ്രവര്‍ത്തനം വേഗത്തിലാക്കുന്നതിലേക്ക് നയിച്ചത്.
നിര്‍മാണം സംബന്ധിച്ച ധാരണാപത്രം സുവോളജിക്കല്‍ പാര്‍ക്ക് സ്‌പെഷല്‍ ഓഫിസറായ തൃശൂര്‍ സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ രാജേഷ് രവീന്ദ്രനും സി.പി.ഡബ്ലിയു എക്‌സി.എഞ്ചിനീയര്‍ പ്രേമാനന്ദനും ഒപ്പുവച്ചു.
രണ്ട് ഘട്ടങ്ങളായുള്ള നിര്‍മാണത്തിന്റെ ആദ്യത്തേതാണ് മെയ് മാസത്തോടെ തുടങ്ങും. ഇതിനകം സര്‍ക്കാര്‍ അനുവദിച്ച 30 കോടി രൂപ ചെലവില്‍ നാല് കൂടുകളുടെ നിര്‍മാണമാണ് ആദ്യഘട്ടത്തില്‍ നടക്കുക. ഇതിനുള്ള ടെണ്ടര്‍ നടപടികള്‍ ഉടന്‍ ആരംഭിക്കും.
മുന്നൂറ് ഏക്കര്‍ വരുന്ന പ്രദേശത്താണ് അന്താരാഷ്ട്ര നിലവാരത്തിലുള്ള സുവോളജിക്കല്‍ പാര്‍ക്ക്. 160 കോടിയുടേതാണ് സര്‍ക്കാര്‍ അംഗീകരിച്ച പ്രോജക്ടിന് ചെലവ് പ്രതീക്ഷിക്കുന്നത്. ആദ്യഘട്ടത്തില്‍ 136 കോടി രൂപയും രണ്ടാം ഘട്ടത്തില്‍ 113 കോടി രൂപയും ചെലവിടും.
ചൊവ്വാഴ്ച തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയജന്റെ സാന്നിധ്യത്തില്‍ നടന്ന യോഗത്തില്‍ സുവോളജിക്കല്‍ പാര്‍ക്കിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പവര്‍ പ്രസന്റേഷനോടെ ചര്‍ച്ചചെയ്തു. അടുത്ത നാല് വര്‍ഷത്തിനകം ആദ്യഘട്ടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കണമെന്നാണ് യോഗം നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. നാല് വര്‍ഷത്തെ ബജറ്റുകളിലൂടെ 630 കോടിയും കിഫ്ബിയിലൂടെ 240 കോടിയും സുവോളജിക്കല്‍ പാര്‍ക്കിനായി അനുവദിക്കും.
ആദ്യഘട്ടം പൂര്‍ത്തിയാവുന്നതോടെ തൃശൂര്‍ നഗരത്തിലുള്ള മൃഗശാലയിലെ മുഴുവന്‍ ജന്തുക്കളെയും പുത്തൂരിലേക്ക് മാറ്റാനാവും. നാല് വര്‍ഷമാണ് സമയം അനുവദിച്ചിരിക്കുന്നതെങ്കിലും ടെണ്ടര്‍ നടപടികളായാല്‍ അതിവേഗം നിര്‍മാണം ആരംഭിച്ച് ലക്ഷ്യത്തിലെത്താന്‍ ശ്രമിക്കുമെന്ന് കെ രാജന്‍ മാധ്യമങ്ങളോട് പറഞ്ഞു. പുത്തൂരിന്റെ കൂട്ടായ്മയും സമൂഹത്തിന്റെയാകെ പിന്തുണയുമാണ് മൃഗശാലയ്ക്ക് വേണ്ടിയുള്ള ആവേശം പകരുന്ന നീക്കങ്ങള്‍ക്ക് വേഗം കൂട്ടാനായതെന്ന് എംഎല്‍എ സൂചിപ്പിച്ചു.
ജോണ്‍കോ തയ്യാറാക്കിയ മാതൃകയില്‍ പണി പൂര്‍ത്തിയാവുന്നതോടെ ഇന്ത്യയിലെ രണ്ടാമത്തെ വലിയ മൃഗശാലയായി പുത്തൂരിലേത് മാറും. നിര്‍മാണം തുടങ്ങാനിരിക്കുന്ന നാല് കൂടുകളിലില്‍ ആദ്യത്തേത് കവാടത്തോട് ചേര്‍ന്ന് പക്ഷികള്‍ക്കുള്ളതാണ്. കാട്ടുപോത്ത്, സിംഹവാലന്‍ കുരങ്ങ്, കരിങ്കുരങ്ങ് എന്നീ വന്യമൃഗങ്ങളുടെ വാസസ്ഥലമാണ് മറ്റ് മൂന്ന് കൂടാരങ്ങളിലായുണ്ടാവുക. ഇതുവരെ തിരുവനന്തപുരത്തായിരുന്ന സുവോളജിക്കല്‍ പാര്‍ക്കിന്റെ ഓഫീസ് പ്രവര്‍ത്തനം പുത്തൂരില്‍ ആരംഭിച്ചത് നടപടികളുടെ വേഗം കൂട്ടും.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം നടത്തിയിരുന്നു. സ്‌പെഷല്‍ ഓഫിസറായി തൃശൂര്‍ സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ രാജേഷ് രവീന്ദ്രനും അസിസ്റ്റന്റ് കണ്‍സര്‍വേറ്ററായി കെ.വി ഹരികൃഷ്ണനും ഓരോ ഫോറസ്റ്റ് റേഞ്ച് ഓഫിസറും ബീറ്റ് ഫോറസ്റ്റ് ഓഫിസറും ക്ലാര്‍ക്കും കഴിഞ്ഞ ദിവസം ചുമതലയേറ്റിരുന്നു.
ഇവരെ പൂര്‍ണമായും സുവോളജിക്കല്‍ പാര്‍ക്കിന്റെ മാത്രം ചുമതലയുള്ള ഉദ്യോഗസ്ഥരായാണ് നിയമിച്ചിരിക്കുന്നത്. അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കെ.വി ഹരികൃഷ്ണനാണ് ഓഫിസിന്റെ ചുമതല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."