അര്‍ബുദത്തെ തുടര്‍ന്ന് ജീവിതത്തിലേക്ക് തിരിച്ചു വരാനുള്ള സാധ്യതയില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ സക്കീര്‍ ഹുസൈന്‍ ഉപ്പയെ കെട്ടിപ്പുണര്‍ന്ന കാഴ്ച്ച ആരെയും നൊമ്പരപ്പെടുത്തുന്നതായിരുന്നു
റിയാദ്: അര്‍ബുദത്തെ തുടര്‍ന്ന് ജീവിതത്തിലേക്ക് തിരിച്ചു വരാനുള്ള സാധ്യതയില്ലെന്ന് ഡോക്‌ടർമാർ വിധിയെഴുതിയ മലയാളി വിദ്യാര്‍ഥി സക്കീർ ഹുസൈന്റെ ആഗ്രഹം സഫലമായി. വർഷങ്ങളായി ജയിലിൽ കഴിയുന്ന തന്റെ പിതാവിനെ എങ്ങനെയെങ്കിലും ഒരു നോക്ക് കാണാനാകുമെന്ന പ്രതീക്ഷയിൽ സഊദിയിലെത്തിയ സക്കീർ ഹുസൈൻ സാമൂഹ്യ പ്രവർത്തകരുടെയും അധികൃതരുടെയും സഹായത്തോടെയാണ് പിതാവിനെ നേരിട്ട് കണ്ടു ആത്മ നിർവൃതിയടഞ്ഞത്. ജയിൽ മേധാവി ഫൈസൽ അബ്ദുല്ല സഅദിയുടെ സഹകരണത്തോടെയാണ് വീൽ ചെയറിലെത്തിയ സക്കീർ ഹുസൈൻ പിതാവിനെ കൺനിറയെ കണ്ടത്. മകന്റെ ആഗ്രഹം അധികൃതരുമായി പങ്കുവെച്ചതിനെ തുടർന്ന് ആഗ്രഹം സഫലീകരിച്ചെങ്കിലും അന്വേഷണത്തിൽ കേസ് നടപടികൾ അവസാനിച്ചതായി കണ്ടെത്തുകയും നാട്ടിലേക്ക് കയറ്റി വിടാനുള്ള നടപടികളുമായി മുന്നോട്ടു പോകുകയുമാണ് സാമൂഹ്യ പ്രവർത്തകർ.
ജിസാനിൽ ജയിലിൽ കഴിയുന്ന പിതാവ് സൈദ് സലീമിനെ കാണാൻ നീലഗിരി ദേവർഷോല സ്വദേശി സക്കീർ ഹുസൈനും മാതാവ് സഫിയക്കും പിതാമഹൻ മുഹമ്മദലി ഹാജിയും ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് സഊദിയിലെത്തിയത്. മക്കയിലെത്തി വിശുദ്ധ ഉംറ നിർവ്വഹിച്ച ഇവർ ഏറെ ദൂരെയുള്ള ജിസാനിലെത്തിയാണ് ജയിലിൽ കഴിയുന്ന പിതാവിനെ കണ്ടത്. 5 വർഷങ്ങൾക്കു മുമ്പ് ജിദ്ദയിലേക്ക് ഡ്രൈവറായി ജോലിക്ക് എത്തിയതാണ് സക്കീർ ഹുസൈന്റെ പിതാവ് സൈദ് സലിം. നാലു വർഷത്തോളമായി കൂടെയുള്ള സുഹൃത്തുക്കൾ നടത്തിയ സാമ്പത്തിക തട്ടിപ്പില്‍ സക്കീറും പിടിയിലാവുകയായിരുന്നു. അഞ്ചു വര്‍ഷത്തിന് ശേഷം നാട്ടില്‍ പോകാനിരിക്കുമ്പോഴായിരുന്നു അറസ്റ്റ്. ശിക്ഷാ കാലാവധി കഴിഞ്ഞെങ്കിലും നടപടി ഇഴഞ്ഞു നീങ്ങുകയാണ്. ഇതോടെയാണ് തന്റെ മരണത്തിനു മുമ്പ് ഉപ്പയെ നേരിട്ട് ഒരു കാണാനായി മകൻ മക്കയിലെത്തിയത്.
കരഞ്ഞ് കുതിർന്ന കണ്ണീരോടെ മകൻ പിതാവിനെ കെട്ടിപ്പുണർന്ന കാഴ്ച്ച ആരെയും നൊമ്പരപ്പെടുത്തുന്നതായിരുന്നു. ഹൃദയം തകർക്കുന്ന വികാര പ്രകടങ്ങൾക്ക് സാക്ഷ്യം വഹിക്കാൾ ഇന്ത്യൻ കോൺസുലേറ്റ് സോഷ്യൽ വെൽഫെയർ അംഗം ഹാരിസ് കല്ലായി, സാമൂഹ്യ പ്രവർത്തകരായ സിറാജ് മുക്കം, മുഹമ്മദ് ഇസ്മായിൽ എന്ന മാനു, അക്ബർ പറപ്പൂർ എന്നിവരും ഉണ്ടായിരുന്നു. സലീമിനെയും കൂടെ ജയിലിൽ കഴിയുന്ന ദേവർ ശോല സ്വദേശി അബ്ദുസ്സലാം മുഹമ്മദ്, പൂക്കോട്ടും പാടം സ്വദേഴി അബ്ദുൽ കബീർ എന്നവരുടെ രേഖകൾ ശരിയാക്കി എത്രയും വേഗം ജയിൽ മോചിതരാക്കി നാട്ടിൽ അയക്കുന്നതിനുള്ള നടപടികളുമായും സാമൂഹ്യ പ്രവർത്തകർ രംഗത്തുണ്ട്.
ജയിലിൽ കഴിയുന്ന സൈദ് സലിം പ്ലീസ് ഇന്ത്യ ജി സി സി കോർഡിനേറ്റർ ലത്തീഫ് തെച്ചിയുമായി ബന്ധപ്പട്ട് സഹായം അഭ്യർത്ഥിച്ചതോടെയാണ് കേസിൽ പുരോഗതിയുണ്ടായത്. ഇതേ ആവശ്യം ഉന്നയിച്ച് കഴിഞ്ഞ വർഷം ഓഗസ്‌റ്റിൽ ഭാര്യ സഫിയ കൊടുവാളിയും മകൻ സക്കീർ ഹുസൈനും പിതാവിന്റെ മോചനത്തിനായി സഹായം ആവശ്യപ്പെട്ടു കത്തയക്കുകയും ചെയ്‌തിരുന്നു. തുടർന്ന് പ്ലീസ് ഇന്ത്യ അദാലത്തിൽ 2019 ലെ 262 ആം നമ്പറായി കേസ് രജിസ്റ്റർ ചെയ്യുകയും എംബസിയുടെ മദാദ് സംവിധാനത്തിൽ പരാതി നൽകി ഇതുമായി മുന്നോട്ടു പോകുകയും ചെയ്‌തിരുന്നു. നേരത്തെ ജിദ്ദയിലായിരുന്ന സൈദ് സലീമിനെ ഇതിനിടയിൽ ജിസാൻ ജയിലിലേക്ക് മാറ്റിയിരുന്നു.
പൊതു പ്രവർത്തകരായ ഇസ്‌മായിൽ ഓച്ചിറ, ശംസുദ്ധീൻ പൂകോട്ടൂർ, ശമീർ ചീരംകുഴി എന്നിവരുടെ അന്വേഷണത്തിൽ സൈദ് സലീമിനെ ജിസാനിൽ ജയിലിൽ കണ്ടെത്തിയത്. നാട്ടിലെത്തിയ ഷമീർ ചീരക്കുഴി ഇവരുടെ വീട്ടിലെത്തി സഹായം വാഗ്‌ദാനം ചെയ്യുകയും ഡോക്ടറെ നേരിൽ കണ്ട് ആരോഗ്യ സ്ഥിതി അന്വേഷിക്കുകയും ചെയ്‌തിരുന്നു. ക്യാൻസർ ബാധിതനായ മകന്റെ ആവശ്യം ശ്രദ്ധയിൽ പെട്ട ഗൂഡല്ലൂർ സ്വദേശിയായ ഒരാളാണ് ഇവർക്ക് ഉംറ നിർവഹിക്കാനുള്ള മുഴുവൻ ചിലവുകളും ഏറ്റെടുത്തത്. സക്കീർ ഹുസൈനെ ആഗ്രഹം സഫലമായതോടെ പ്ലീസ് ഇന്ത്യ പ്രവർത്തകർക്കും ഇതിൽ ഏറെ ചാരിതാർഥ്യമുണ്ട്. ഹാഫിളാകാനുള്ള പഠനത്തിലാണ് സക്കീര്‍ ഹുസൈന്‍. അഞ്ചാം വയസ്സില്‍ കാലില്‍ ബാധിച്ച അര്‍ബുദം പടര്‍ന്ന് ശ്വാസകോശം വരെയെത്തി നില്‍ക്കുന്നു. അര്‍ബുദം ശ്വാസകോശത്തെയും ബാധിച്ചതോടെ വേദനസംഹാരികളാണ് ഇപ്പോൾ ആശ്വാസം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."