കുര്‍ദുകള്‍ക്ക് സംരക്ഷണം: യു.എസിന്റേത് ഗുരുതര അബദ്ധമെന്ന് ഉര്‍ദുഗാന്‍
അങ്കാറ: കുര്‍ദ് സഖ്യകക്ഷിക്ക് സംരക്ഷണമൊരുക്കുമെന്ന യു.എസിന്റെ പ്രതികരണത്തിനെതിരേ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. കുര്‍ദുകളെ സംരക്ഷിക്കുന്നത് ഗുരുതര അബദ്ധമെന്ന്് ഉര്‍ദുഗാന്‍ പറഞ്ഞു.
കുര്‍ദുകള്‍ക്ക് സുരക്ഷാ സംവിധാനം ഒരുക്കിയതിനു ശേഷം മാത്രമേ സിറിയയില്‍നിന്ന് യു.എസ് സൈന്യത്തെ പിന്‍വലിക്കുകയുള്ളൂവെന്ന് ഇസ്‌റാഈല്‍ സന്ദര്‍ശനത്തിനിടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബാള്‍ട്ടന്‍ പറഞ്ഞിരുന്നു. ഇതിനെതിരേയാണ് ഉര്‍ദുഗാന്‍ രംഗത്തെത്തിയത്.
ഇസ്‌റാഈലില്‍നിന്ന് ബോള്‍ട്ടന്‍ നല്‍കിയ സന്ദേശം സ്വീകരിക്കാനാവില്ല. യു.എസിന് കുര്‍ദ് സേനയെ വ്യക്തമായി അറിയില്ല. ഈ തീവ്രവാദ വിഭാഗം കുര്‍ദ് സഹോദരന്മാരെ പ്രതിനിധീകരിക്കുന്നില്ല. കുര്‍ദുകളുടെ പ്രതിനിധിയായിട്ടാണ് ഇവരെ കാണുന്നതെങ്കില്‍ യു.എസിന് ഗുരുതര തെറ്റു സംഭവിച്ചു. സിറിയയില്‍നിന്ന് സൈന്യത്തെ പിന്‍വലിക്കുന്നതില്‍ പ്രസിഡന്‍് ട്രംപുമായി ഡിസംബറില്‍ ധാരണയില്‍ എത്തിയതാണ്. പിന്‍മാറ്റവുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ട്രംപിന് പൂര്‍ണ വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ യു.എസ് ഭരണകൂടം വ്യത്യസ്ത കാര്യങ്ങളാണ് പറയുന്നതെന്ന് ഉര്‍ദുഗാന്‍ കൂട്ടിച്ചേര്‍ത്തു.
സിറിയയില്‍ കുര്‍ദ് സേനയ്ക്ക് (വൈ.പി.ജി) യു.എസ് സഹായം നല്‍കുന്നതിനെ തുര്‍ക്കി നേരത്തെ അപലപിച്ചിരുന്നു. വൈ.പി.ജിയെയും കുര്‍ദ് പാര്‍ട്ടിയായ കുര്‍ദിഷ് ഡെമോക്രാറ്റിക്ക് യൂനിയന്‍ പാര്‍ട്ടിയെയും തീവ്രവാദ സംഘമായിട്ടാണ് തുര്‍ക്കി വിലയിരുത്തുന്നത്.
സിറിയയില്‍നിന്ന് ഐ.എസിനെ പുറത്താക്കാനുള്ള യു.എസ് പോരാട്ടത്തില്‍ സഖ്യകക്ഷിയണ് കുര്‍ദ് സേന. അതിനിടെ ജോണ്‍ ബാള്‍ട്ടന്‍ തുര്‍ക്കിയിലെ മുതിര്‍ന്ന ഔദ്യോഗിക വൃത്തങ്ങളുമായി ചര്‍ച്ച നടത്തി. സിറിയയില്‍നിന്നുള്ള യു.എസ് സൈനിക പിന്‍മാറ്റം സംബന്ധിച്ച് തുര്‍ക്കി പ്രസിഡന്റിന്റെ വക്താവ് ഇബ്രാഹീം കലിനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. എന്നാല്‍ നേരത്തെ തീരുമാനിച്ചിരുന്ന ഇരുവരും തമ്മിലുള്ള സംയുക്ത പത്രസമ്മേളനം റദ്ദാക്കി. കലിനുമായുള്ള ചര്‍ച്ച ഫലപ്രദമായിരുന്നെന്ന് യു.എസ് ദേശീയ സരുക്ഷാ കൗണ്‍സില്‍ വക്താവ് ഗാരറ്റ് മാര്‍ക്യൂസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."