യു.പി നാലാം ഘട്ടം ; 61 ശതമാനം പോളിങ്
13.49 കോടിയുടെ കള്ളപ്പണം പിടിച്ചെടുത്തെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍
ഖാഗ ഗ്രാമവാസികള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചു
അലഹബാദ്: ഉത്തര്‍പ്രദേശിലെ നാലാംഘട്ട തെരഞ്ഞെടുപ്പില്‍ 61 ശതമാനം പോളിങ്. പ്രാഥമിക കണക്കാണിതെങ്കിലും പോളിങ് ശതമാനം ഉയര്‍ന്ന് 63 വരെയെത്താന്‍ സാധ്യതയുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി. ബുന്ദേല്‍ഖണ്ഡ്, ദൊവാബ്‌ല, റായ്ബറേലി അടക്കമുള്ള 12 ജില്ലകളിലായുള്ള 53 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. ഇവിടെ 1.84 കോടി വോട്ടര്‍മാരാണുള്ളത്.
2012ലെ തെരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടി ഇവിടെ നിന്ന് 24 സീറ്റും ബി.എസ്.പി 15ഉം കോണ്‍ഗ്രസ് ആറും സീറ്റ് സ്വന്തമാക്കിയിരുന്നു. ഇത്തവണ 680 സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്. 84 ലക്ഷം വനിതാ വോട്ടര്‍മാരാണ് ഈ മേഖലയിലുള്ളത്.
അതേസമയം ഫത്തേപൂരിലെ ഖാഗ ഗ്രാമത്തിലെ വോട്ടര്‍മാര്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചു. രാഷ്ട്രീയപ്പാര്‍ട്ടികള്‍ വികസനത്തിന്റെ കാര്യത്തില്‍ ഗ്രാമത്തെ മറക്കുകയാണെന്ന് ആരോപിച്ചാണ് ഗ്രാമവാസികള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചത്. ഇവിടെ ഒരു ബൂത്തില്‍ ഒന്‍പതും മറ്റൊന്നില്‍ എട്ടും ശതമാനം മാത്രമാണ് വോട്ട് രേഖപ്പെടുത്തിയത്. മറ്റു ബൂത്തുകളിലൊന്നും വോട്ടര്‍മാര്‍ എത്തിയില്ല. ജലൗനില്‍ വോട്ടിങ് യന്ത്രം തകരാറിലായതിനെ തുടര്‍ന്ന് വൈകിയാണ് വോട്ടിങ് ആരംഭിച്ചത്. ചിലയിടങ്ങളില്‍ ബി.ജെ.പി പ്രവര്‍ത്തകരും പൊലിസുകാരും തമ്മില്‍ സംഘര്‍ഷമുണ്ടായി. ബി.ജെ.പിയുടെ അനിത ശ്രീവാസ്തവ റായ്ബറേലിയിലെ സദറില്‍ പൊലിസുകാരുമായി ഏറ്റുമുട്ടി.
നാലാംഘട്ട വോട്ടെടുപ്പില്‍ 13.49 കോടിയുടെ കള്ളപ്പണം പിടിച്ചതായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി. 3.26 ലക്ഷം ലിറ്റര്‍ മദ്യവും പിടിച്ചെടുത്തിട്ടുണ്ട്. ഇവയ്ക്ക് വിപണിയില്‍ 8.17 കോടി രൂപ വിലവരും. കുറ്റക്കാര്‍ക്കെതിരേ നടപടിയുണ്ടാവുമെന്ന് കമ്മിഷന്‍ പറഞ്ഞു. ഇനി മൂന്നു ഘട്ടങ്ങളായുള്ള തെരഞ്ഞെടുപ്പാണ് സംസ്ഥാനത്ത് ബാക്കിയുള്ളത്. ഫെബ്രുവരി 27, മാര്‍ച്ച് 4, 8 തിയതികളിലാണ് തെരഞ്ഞെടുപ്പ്. മാര്‍ച്ച് 11നാണ് ഫലം പുറത്തുവരുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."