പണിമുടക്ക് ഹര്‍ത്താലായി; ജില്ല സ്തംഭിച്ചു
കല്‍പ്പറ്റ/സുല്‍ത്താന്‍ ബത്തേരി/മാനന്തവാടി: വിവിധ ആവശ്യങ്ങളുന്നയിച്ച് സംയുക്ത തൊഴിലാളി യൂനിയനുകള്‍ നടത്തുന്ന 48 മണിക്കൂര്‍ പണിമുടക്കില്‍ ജില്ലയിലെ ജനജീവിതം സ്തംഭിച്ചു. പണിമുടക്ക് ഹര്‍ത്താലാവില്ലെന്നും കടകള്‍ അടപ്പിക്കില്ലെന്നും വാഹനങ്ങള്‍ തടയില്ലെന്നും സമരസമിതി നേതാക്കള്‍ നേരത്തെ ഉറപ്പു നല്‍കി യിരുന്നുവെങ്കിലും സര്‍വ മേഖലകളും സ്തംഭിപ്പിക്കുന്ന ശക്തമായ പണിമുടക്കിനാണ് ജില്ലയും സാക്ഷ്യം വഹിക്കുന്നത്. 48 മണിക്കൂര്‍ പണിമുടക്കി ആദ്യ ദിവസം തന്നെ ജനജീവിതത്തെ പണിമുടക്ക് സാരമായി ബാധിച്ചു. കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസുകളും ഓട്ടോ ടാക്‌സി തൊഴിലാളികളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. ജില്ലയില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വിസ് നിര്‍ത്തിവച്ചു. ഗ്രാമീണ സര്‍വിസുകള്‍ ഏതാനം ദീര്‍ഘദൂര ബസുകള്‍ ഇന്നലെ ജില്ലയിലുടെ കടന്നു പോയി. കോഴിക്കോട് നിന്നും ബംഗ്ലൂരുവിലേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസ് രാവിലെ പതിനൊന്ന് മണിയോടെ കല്‍പ്പറ്റയില്‍ സമരക്കാര്‍ തടഞ്ഞു. പ്രകടനത്തിനിടെ എത്തിയ ബസ് സമരക്കാര്‍ ടയറിന് മുന്നില്‍ കല്ല് വച്ച് തടയുകയായിരുന്നു. തുടര്‍ന്ന് പൊലിസെത്തിയാണ് തടസം നീക്കി ബസ് കടത്തി വിട്ടത്. മൈസൂരില്‍ നിന്ന് കോഴിക്കോട്ടേക്കും പൊലിസ് സുരക്ഷയില്‍ എത്തിയ മൂന്ന് കെ.എസ്.ആര്‍.ടിസി ബസുകളും കല്‍പ്പറ്റയില്‍ സമരക്കാര്‍ തടഞ്ഞു. ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. യാത്രക്കാര്‍ ഉണ്ടായിരുന്ന രണ്ട് ബസുകള്‍ പോകാനനുവദിച്ചെങ്കിലും കണ്ടക്ടറും ഡ്രൈവറും മാത്രമായി വന്ന ബസ് അല്‍പ്പ നേരം തടഞ്ഞിട്ടു. ബസുകള്‍ക്ക് പുറമെ മറ്റുവാഹനങ്ങളും ജില്ലയിലെ വിവിധയിടങ്ങളില്‍ സമരക്കാര്‍ തടഞ്ഞു.
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും പണിമുടക്കുന്നതിനാല്‍ സിവില്‍ സ്റ്റേഷന്‍ അടക്കമുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഹാജര്‍ നില 35 ശതമാനത്തിനടുത്ത് മാത്രമായിറുന്നു. ഗതാഗതം പൂര്‍ണമായും നിലച്ചതോടെ ജില്ലയില്‍ സ്‌കൂളുകളൊന്നും പ്രവര്‍ത്തിച്ചില്ല. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഹ്വാന പ്രകാരം പകുതിയോളം വ്യാപാരികള്‍ രാവിലെ കടകള്‍ തുറന്നിരുന്നു. എന്നാല്‍ കടകളിലേക്ക് ആളുകള്‍ എത്താത്തതിനാല്‍ ഉച്ചയോടെ കുറെ കടകള്‍ വ്യാപാരികള്‍ തന്നെ അടച്ചു. സമരക്കാര്‍ ജില്ലയിലെ 23 കേന്ദ്രങ്ങകില്‍ ധര്‍ണ നടത്തി. കല്‍പ്പറ്റയില്‍ സി.കെ ശശീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പി.പി ആലി അധ്യക്ഷനായി. സുല്‍ത്താന്‍ ബത്തേരിയില്‍ ബി.എം.എസ് ഒഴികെയുള്ള ട്രേഡ് യൂനിയനുകള്‍ രാജ്യവ്യാപകമായി നടത്തുന്ന 48 മണിക്കൂര്‍ പണിമുടക്ക് ബത്തേരിയില്‍ സമാധാനപരം.
പണിമുടക്കുമായി ബന്ധപെട്ട് ബത്തേരിയിലും പ്രാന്തപ്രദേശങ്ങളിലും അനിഷ്ഠസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇരുചക്രവാഹനങ്ങളടക്കം സ്വകാര്യവാഹനങ്ങള്‍ നിരത്തിലിറങ്ങിയിട്ടുണ്ട്. വ്യാപാര സ്ഥാപനങ്ങളില്‍ നല്ലൊരു ശതമാനം രാവിലെ തുറന്നു. പിന്നീട് ഉച്ചയോടെ ചില സ്ഥാപനങ്ങല്‍ അടക്കുകും ചെയ്തു. സ്വകാര്യ കെ.എസ്.ആര്‍.ടി.സി ബസുകളും ഓട്ടോടാക്‌സി വാഹനങ്ങളും പണിമുടക്കിനെ തുടര്‍ന്ന് നിരത്തിലിറങ്ങിയില്ല. അയല്‍സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന ചരക്ക് വാഹനങ്ങളും ടാക്‌സി വാഹനങ്ങളും സമരാനുകൂലികള്‍ തടഞ്ഞു. പിന്നീട് പൊലിസ് ഇപെട്ട് വിടുകയായിരുന്നു. ശബിരമല തീര്‍ഥാടകര്‍, പാല്‍, പത്രം, ടൂറിസം എന്നിവയെ പണിമുടക്കില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പണിമുടക്കിന്റെ ഭാഗമായി ബത്തേരി ടൗണില്‍ സംയുക്തട്രേഡ് യൂനിയന്‍ പ്രകടനവും നടത്തി.
മാനന്തവാടിയില്‍ കേന്ദ്ര സര്‍ക്കാരിന്റ ജനദ്രോഹ നയങ്ങള്‍ തിരുത്തണമെന്നാവശ്യപ്പെട്ട് സംയുക്ത തൊഴിലാളി യൂനിയനുകള്‍ നടത്തുന്ന 48 മണിക്കൂര്‍ പണിമുടക്കിന്റെ ഒന്നാം ദിവസം മാനന്തവാടി നഗരത്തില്‍ ഏതാനും കടകള്‍ തുറന്നു പ്രവര്‍ത്തിച്ചു.
സ്വകാര്യവാഹനങ്ങളും ഇരുചക്രവാഹനങ്ങളും മാത്രമാണ് നിരത്തിലിറങ്ങിയത്. സര്‍ക്കാര്‍ ഓഫിസുകളും വിദ്യാലയങ്ങളും അടഞ്ഞുകിടന്നു. കെ.എസ്.ആര്‍.ടി.സി സര്‍വിസ് നടത്തിയില്ല. സംയുക്ത തൊഴിലാളി യൂനിയനുകള്‍ മാനന്തവാടി ഗാന്ധി പാര്‍ക്കില്‍ ധര്‍ണ നടത്തി .സി.ഐ.ടി.യു ജില്ല സെക്രട്ടറി കെ.വി മോഹനന്‍ ഉദ്ഘാടനം ചെയ്തു. ഐ.എന്‍.ടി.യു.സി താലൂക്ക് പ്രസിഡന്റ് എം.പി ശശികുമാര്‍ അധ്യക്ഷനായി. നേതാക്കളായ ടി.എ റെജി, സി. കുഞ്ഞബ്ദുല്ല, ബാബു ഷജില്‍ കുമാര്‍, ഡോ.ഗോകുല്‍ ദേവ്, എം. രജീഷ്, കെ. സജീവന്‍, എസ്. അജയകുമാര്‍, സി.പി മുഹമ്മദലി, പി.വി പത്മനാഭന്‍ സംസാരിച്ചു.
ആളനക്കമില്ലാതെ തോട്ടംമേഖല
ചൂരല്‍മല: കാലാവധി കഴിഞ്ഞ് ഒരു വര്‍ഷം പിന്നിട്ടിട്ടും സേവന വേതന വ്യവസ്ഥ പുതുക്കി നിശ്ചയിച്ചില്ലെങ്കിലും ദേശീയ പണിമുടക്കില്‍ സജീവ പങ്കാളികളായി ജില്ലയിലെ തോട്ടം മേഖല.
48 മണിക്കൂര്‍ പണിമുടക്കിന്റെ ആദ്യദിനം തോട്ടം മേഖല പൂര്‍ണമായും നിശ്ചലമായി. എന്നാല്‍ ഹാരിസണ്‍സ് മലയാളം കമ്പനിയുടെ നെടുമ്പാല, നെടുങ്കരണ എസ്റ്റേറ്റുകളില്‍ ഏഴുപതോളം ബിജെ.പി അനുകൂല സംഘടനാ തൊഴിലാളികള്‍ ജോലിക്കിറങ്ങി. എച്ച്.എം.എല്‍ സെന്റിനല്‍ റോക്ക് എസ്റ്റേറ്റില്‍ പണിമുടക്ക് പൂര്‍ണമായിരുന്നു. പണിമുടക്കില്‍ പങ്കെടുക്കാത്ത ബി.എം.എസ് ജോലിക്കിറങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും സെന്റിനല്‍ റോക്ക് എസ്റ്റേറ്റ് ഡിവിഷനുകളായ അട്ടമല, മുണ്ടക്കൈ, ചൂരല്‍മല, പുത്തുമല എന്നിവിടങ്ങളിലൊന്നും തൊഴിലാളികള്‍ ജോലിക്കിറങ്ങിയില്ല. പോഡാര്‍, അച്ചൂര്‍ എസ്റ്റേറ്റുകളും നിശ്ചലമായിരുന്നു. ശമ്പള പരിഷ്‌കരണ കാലാവധി കഴിഞ്ഞിട്ട് ഒരു വര്‍ഷം പിന്നിട്ടിട്ടും പുതുക്കി നിശ്ചയിക്കാത്തതിനെതിരേ തൊഴിലാളികള്‍ക്ക് പ്രതിഷേധമുണ്ടെങ്കിലും ട്രേഡ് യൂനിയനുകള്‍ ശക്തമായി രംഗത്തിറങ്ങിയതോടെയാണ് തോട്ടം മേഖല സ്തംഭിച്ചത്. രണ്ടാംദിനവും തോട്ടം മേഖല സ്തംഭിക്കുമെന്നാണ് ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം. അതേ സമയം തോട്ടങ്ങളില്‍ ബി.ജെ.പി അനുകൂല സംഘടനാ തൊഴിലാളികള്‍ ജോലിക്കിറങ്ങിയാല്‍ തടയാനും നീക്കമുള്ളതായി സൂചനയുണ്ട്.
നീലഗിരിയില്‍ തോട്ടം മേഖലയില്‍ ഒതുങ്ങി
ഗൂഡല്ലൂര്‍: നീലഗിരിയില്‍ പണി മുടക്ക് ബാധിച്ചത് തോട്ടം മേഖലയെ മാത്രം.
ജില്ലയിലെ സ്വകാര്യ, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള തോട്ടങ്ങളും പണിമുടക്കില്‍ നിശ്ചലമായി. ഗൂഡല്ലൂര്‍, പന്തല്ലൂര്‍ താലൂക്കുകളിലെ തോട്ടങ്ങളെയാണ് സമരം കാര്യമായി ബാധിച്ചത്. എന്നാല്‍ കടകമ്പോളങ്ങള്‍ സാധാരണ പോലെ പ്രവര്‍ത്തിച്ചു. തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസുകള്‍ ഗ്രാമീണ സര്‍വിസുകള്‍ ഉള്‍പ്പെടെ സാധാരണ പോലെ നടത്തി. കേരളത്തില്‍ നിന്നും നീലഗിരിയില്‍ നിന്നുമുള്ള അന്തര്‍ സംസ്ഥാന സര്‍വിസുകള്‍ പൂര്‍ണമായും നിലച്ചു. ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളും വിദ്യാലയങ്ങളും പതിവു പോലെ പ്രവര്‍ത്തിച്ചു. ദേശീയ പണിമുടക്കിന്റെ ആദ്യദിനം നീലഗിരിയില്‍ പൊതുവേ പണി മുടക്കിന്റെ പ്രതീതി പോലുമുണ്ടായില്ല. വിനോദ സഞ്ചാര കേന്ദ്രങ്ങളിലും നിരവധി സഞ്ചാരികളെത്തി.
ബഹിഷ്‌കരണവുമായി വ്യാപാരികള്‍
സുല്‍ത്താന്‍ ബത്തേരി: ഹര്‍ത്താലുകളും പണിമുടക്കുകളും ബഹിഷ്‌ക്കരിക്കുമെന്ന തീരുമാനം ബത്തേരിയിലെ വ്യാപാരിവ്യവസായി ഏകോപനസമിതി എടുത്തതിനുശേഷം രണ്ടാമത്തെ പണിമുടക്കിലും വ്യാപാരികള്‍ കടകള്‍ തുറന്നു.
ഇക്കഴിഞ്ഞ മൂന്നിന് നടന്ന ഹര്‍ത്താലിലും ബത്തേരി ടൗണില്‍ വ്യാപാരികള്‍ കടകള്‍ തുറന്നിരുന്നു. ഇതിനുപിന്നാലെ ഇന്നലെ അര്‍ധരാത്രി മുതല്‍ ആരംഭിച്ച് 48 മണിക്കൂര്‍ പണിമുടക്കും ബഹിഷ്‌ക്കരിക്കുമെന്നും വ്യാപാരികള്‍ നേരത്തെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് രാവിലെ മുതല്‍തന്നെ ടൗണില്‍ കടകള്‍ തുറന്നത്. ഹര്‍ത്താലും പണിമുടക്കും നടത്തുന്ന സംഘടനകളോട് എതിര്‍പ്പില്ലെന്നും വ്യാപാരമേഖലയെ താങ്ങിനിര്‍ത്താനാണ് വ്യാപാരസ്ഥാപനങ്ങള്‍ തുറക്കാനുള്ള തീരുമാനത്തിനു പിന്നിലെന്നും വ്യാപാരി വ്യവസായി ഏകോപനസമിതി നേതതാക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."