പൊതുപണിമുടക്കില്‍ നാടും നഗരവും നിശ്ചലം
കാസര്‍കോട്: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂനിയന്റെ നേതൃത്വത്തില്‍ തൊഴിലാളികള്‍ നടത്തുന്ന 48 മണിക്കൂര്‍ പൊതുപണിമുടക്കില്‍ നാടും നഗരവും നിശ്ചലമായി. സര്‍ക്കാര്‍ സ്ഥാപനങ്ങളും സ്‌കൂളുകളും പ്രവര്‍ത്തിച്ചില്ല. വ്യാപാരസ്ഥാപനങ്ങളെല്ലാം അടഞ്ഞ് കിടക്കുന്നു. കെ.എസ്.ആര്‍.ടി.സി അടക്കമുള്ള ബസുകളും നിരത്തിലിറങ്ങിയില്ല.
സ്വകാര്യ വാഹനങ്ങളും ഏതാനും ഇരുചക്രവാഹനങ്ങളും മാത്രം നിരത്തിലിറങ്ങിയതൊഴിച്ചാല്‍ പൊതുപണിമുടക്കില്‍ ജനജീവിതം നിശ്ചലമായി.
ചെറുവത്തൂരിലും കാസര്‍കോടും കാഞ്ഞങ്ങാടും പണിമുടക്കിയ തൊഴിലാളികള്‍ ട്രെയിനുകള്‍ തടഞ്ഞു. ട്രെയിനുകള്‍ അരമണിക്കൂറോളം വൈകിയാണ് ഇതിനെ തുടര്‍ന്ന് ഓടിയത്. ട്രെയിന്‍ തടഞ്ഞ സമരാനുകൂലികളെ പൊലിസ് അറസ്റ്റ് ചെയ്തുനീക്കി.
പണിമുടക്കിയ തൊഴിലാളികള്‍ കാസര്‍കോട് നഗരത്തില്‍ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.
സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, എ.ഐ.ടി.യു.സി, എസ്.ടി.യു, എച്ച്.എം.എസ്, യു.ടി.യു.സി, ഐ.എന്‍.എല്‍.ടി, എന്‍.എല്‍.യു എന്നീ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിലാണ് തൊഴിലാളികള്‍ പണിമുടക്കില്‍ അണിനിരന്നത്. കാസര്‍കോട് ഉച്ചയ്ക്ക് മംഗളുരു-കോയമ്പത്തൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് തടഞ്ഞ ശേഷം സമരസമിതി പ്രവര്‍ത്തകര്‍ കഞ്ഞി വച്ച് കുടിച്ച് പ്രതിഷേധിച്ചു. കാസര്‍കോട് പുതിയ ബസ്സ്റ്റാന്റ് ഒപ്പുമര ചുവട്ടില്‍ നടന്ന പൊതുയോഗത്തില്‍ പി. ദാമോദരന്‍ അധ്യക്ഷനായി. കെ. ഭാസ്‌കരന്‍, ടി.കെ രാജന്‍, ടി.കൃഷ്ണന്‍, കെ. ഭാസ്‌കരന്‍, ജയരാജന്‍, കെ. കുമാരന്‍, ഭുവനചന്ദ്രന്‍, കരിവെള്ളൂര്‍ വിജയന്‍, ബിജു ഉണ്ണിത്താന്‍, ടി.എ ഷാഫി, ഒ.വി സുരേഷ്, എ. അഹമ്മദ് ഹാജി, സിജി ടോണി, സി.എം.എ ജലീല്‍, മുനീര്‍ കണ്ടാളം, ബിജു, ഷരീഫ്, മുത്തലീബ് പാറക്കട്ട, സുബൈര്‍ മാര സംസാരിച്ചു.
കാഞ്ഞങ്ങാട് ചെന്നൈ മെയില്‍ തടഞ്ഞിട്ടു
കാഞ്ഞങ്ങാട്: പ്രതിപക്ഷ സംഘടനകളുടെ 48 മണിക്കൂര്‍ ദേശീയ പണിമുടക്കിന്റെ ഭാഗമായി കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ ചെന്നൈ മംഗളൂരു മെയില്‍ തടഞ്ഞിട്ടു. രാവിലെ 11.50 മുതല്‍ 12.25 വരെയാണ് പ്രതിഷേധക്കാര്‍ മെയില്‍ തടഞ്ഞിട്ടത്.
രാവിലെ പത്തരയോടെ കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡില്‍ നിന്നും പ്രകടനമായി ഹൊസ്ദുര്‍ഗ് മിനി സിവില്‍ സ്റ്റേഷനിലെത്തിയ സംയുക്ത സമര സമിതി പ്രവര്‍ത്തകര്‍ റെയില്‍വേ സ്റ്റേഷനിലെത്തുകയായിരുന്നു. ട്രെയിന്‍ കാഞ്ഞങ്ങാട് എത്തിയതോടെ പ്രതിഷേധക്കാര്‍ റെയില്‍വേ ട്രാക്കിലിറങ്ങി ട്രെയിന്‍ തടയുകയും സമരം നടത്തുകയുമായിരുന്നു. കരുണാകരന്‍ കുന്നത്ത്, എം.ബാലകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി. എ.ഐ.ടിയു.സി നേതാവ് കെ.വി.കൃഷ്ണന്‍, സി.ഐ.ടി.യു നേതാക്കളായ അഡ്വ.പിഅപ്പുക്കുട്ടന്‍, കാറ്റാടി കുമാരന്‍,ഡി.വി.അമ്പാടി, സി.പി.ഐ നേതാവ് ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, എച്ച്.എം.എസ്. നേതാവ് കെ.അമ്പാടി, ഐ.എന്‍.ടി.യു.സി നേതാവ് പി.വി.ബാലകൃഷ്ണന്‍, എസ്.ടി.യു നേതാവ് കരീം കുശാല്‍നഗര്‍ സംസാരിച്ചു. പിന്നീട് പ്രതിഷേധക്കരെ റെയില്‍വേ പൊലിസ് അറസ്റ്റ് ചെയ്തു വിട്ടയച്ചു.
മഞ്ചേശ്വരത്ത് ജനജീവിതം നിശ്ചലമായി
മഞ്ചേശ്വരം: മഞ്ചേശ്വരം താലൂക്കിലും സംയുക്ത തൊഴിലാളി യൂനിയന്റെ നേതൃത്വത്തില്‍ നടത്തുന്ന പൊതുപണിമുടക്കില്‍ ജനജീവിതം നിശ്ചലമായി. സര്‍ക്കാര്‍ ഓഫിസുകളും സ്‌കൂളുകളും പ്രവര്‍ത്തിച്ചില്ല.
ഏതാനും സ്വകാര്യ വാഹനങ്ങള്‍ മാത്രം സര്‍വിസ് നടത്തി. പണിമുടക്കിയ തൊഴിലാളികള്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. ഹര്‍ത്താല്‍ ദിനത്തില്‍ വ്യാപക അക്രമം നടന്നതിന്റെ പശ്ചാതലത്തില്‍ കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളില്‍ പൊലിസ് നിതാന്തജാഗ്രതയിലാണ്. ഇന്ന് അര്‍ധരാത്രി വരേയാണ് തൊഴിലാളികള്‍ നടത്തുന്ന പണിമുടക്ക്. വെള്ളരിക്കുണ്ട് താലൂക്കിലും പൊതുപണിമുടക്ക് പൂര്‍ണമാണ്. കടകമ്പോളങ്ങള്‍ അടഞ്ഞ് കിടന്നു.
'ഹര്‍ത്താലില്‍ ഗുരുതരമായ മനുഷ്യാവകാശ ലംഘനം നടക്കുന്നു'
കാസര്‍കോട്: ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് സാക്ഷര കേരളത്തില്‍ ഹര്‍ത്താല്‍ ഒരു ആചാരമായി സ്വീകരിച്ചിരിക്കുന്നുവെന്നും ഇതിലൂടെ കടുത്ത മനുഷ്യാവകാശ ലംഘനം നടക്കുകയാണെന്നും കേരളഹൈക്കോടതിയുടെ നിരീക്ഷണം സ്വാഗതം ചെയ്യുന്നുവെന്നും ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ മിഷന്‍ (എച്ച്.ആര്‍.പി.എം) ദേശീയ പ്രസിഡന്റ് പ്രകാശ് ചെന്നിത്തല പറഞ്ഞു.
കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന എച്ച്.ആര്‍.പി.എം ജില്ലാ കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരന്നു അദ്ദേഹം.
ഉപ്പള റെയില്‍വേ സ്റ്റേഷന്‍ സംരക്ഷിക്കുന്നതിന് വേണ്ടി രാഷ്ട്രീയ ഭേദമന്യേ നേതാക്കളും മാധ്യമ സുഹൃത്തുക്കളും വ്യവസായ പ്രമുഖരും ഒരുമിച്ച് നില്‍ക്കുന്നത് കാസര്‍കോടിന്റെ നന്മയാണെന്നുംപ്രകാശ് ചെന്നിത്തല പറഞ്ഞു.
ജില്ലാ പ്രസിഡന്റ് ബാലകൃഷ്ണന്‍ അധ്യക്ഷനായി. കെ.ബി.മുഹമ്മദ് കുഞ്ഞി പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
താജുദീന്‍ പുളിക്കില്‍ ,ബി.അഷ്‌റഫ്, ജമീല അഹമ്മദ്, ബാലാമണി എം നായര്‍, മന്‍സൂര്‍ മല്ലത്ത്, നാസര്‍ ചെര്‍ക്കളം, ഹമീദ് കോസ് മോസ്, ഇബ്രാഹിം പാലാട്ട്, സക്കീന അബ്ബാസ്, ശാഫി കല്ലുവളപ്പില്‍, അബ്ദുല്ല ആലൂര്‍ സംസാരിച്ചു.
ചെറുവത്തൂരില്‍ ട്രെയിന്‍ തടഞ്ഞു
ചെറുവത്തൂര്‍: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഐക്യ ട്രേഡ് യൂനിയന്‍ നേതൃത്വത്തില്‍ നടക്കുന്ന ദ്വിദിന പണിമുടക്കിന്റെ ഭാഗമായി ചെറുവത്തൂരില്‍ ട്രെയിന്‍ തടഞ്ഞു.
മലബാര്‍ എക്‌സ്പ്രസാണ് ചെറുവത്തൂര്‍ സ്റ്റേഷനില്‍ തടഞ്ഞിട്ടത്. ഇതേതുടര്‍ന്ന് 15 മിനുട്ടിലധികം ട്രെയിന്‍ നിര്‍ത്തിയിട്ടു.
പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയശേഷം യാത്ര പുനരാരംഭിക്കുകയായിരുന്നു.
ടി.വി ഗോവിന്ദന്‍, എ അമ്പൂഞ്ഞി, ടി.വി കുഞ്ഞിരാമന്‍, കൈനി കുഞ്ഞിക്കണ്ണന്‍, പി കമലാക്ഷന്‍ നേതൃത്വം നല്‍കി. ജില്ലയുടെ തെക്കന്‍ മേഖലകളിലെ പ്രധാന ടൗണുകളായ ചെറുവത്തൂര്‍, കാലിക്കടവ്, ചീമേനി എന്നിവിടങ്ങളെല്ലാം നിശ്ചലമായി. ചെറുവത്തൂര്‍, കാലിക്കടവ് മുഴക്കോത്ത് എന്നിവിടങ്ങളില്‍ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.
മുഴക്കോത്ത് സി.പി.എം ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സി.വി വിജയരാജ് അധ്യക്ഷനായി. പി.എ നായര്‍, കെ.വി ഗംഗാധരവാര്യര്‍, വി കുഞ്ഞിരാമന്‍, എന്‍.വി രാമചന്ദ്രന്‍ സംസാരിച്ചു.
കാഞ്ഞങ്ങാട് പണിമുടക്ക് ഹര്‍ത്താലായി; കടകളൊന്നും തുറന്നില്ല
കാഞ്ഞങ്ങാട്: സംയുക്ത സമരസമിതി ആഹ്വാനം ചെയ്ത ദ്വിദിന ദേശീയ പണി മുടക്ക് കാഞ്ഞങ്ങാട് ഹര്‍ത്താലായി.
എല്ലാ കടകളും വാഹനങ്ങളും ഓടുമെന്നറിയിച്ചിരുന്നുവെങ്കിലും രാത്രി തന്നെ സംയുക്ത സമര സമിതി പ്രവര്‍ത്തകര്‍ ഓരോ കടയിലും കയറിയിറങ്ങി പണിമുടക്കിനോട് സഹകരിക്കണമെന്ന് അഭ്യര്‍ഥിച്ചിരുന്നു. സ്വര്‍ണ വ്യാപരികളും തുറന്നു പ്രവര്‍ത്തിക്കുമെന്ന് അറിയിച്ചിരുന്നു. രാവിലെ ജോലിക്കാരെല്ലാം പല ജ്വല്ലറികളിലും എത്തിയിരുന്നു. എന്നാല്‍, നഗരത്തില്‍ ആരുമില്ലാത്തതിനാല്‍ പലരും അടച്ചു പോകുകയായിരുന്നു. ഓട്ടോ ടാക്‌സികളും സ്വകാര്യ ബസുകളും, കെ.എസ്.ആര്‍.ടിസുയുമെല്ലാം പണിമുടക്കിയതിനാല്‍ നഗരത്തില്‍ ആരും ഉണ്ടായിരുന്നില്ല. അങ്ങിങ്ങ് ചില കൂടുപീടികകള്‍ തുറന്നിരുന്നെങ്കിലും നഗരത്തില്‍ ആളില്ലാത്തതിനാല്‍ അതും ഉച്ചയോടെ അടച്ചു. മത്സ്യമാര്‍ക്കറ്റില്‍ പോലും ആളുണ്ടായിരുന്നില്ല.
വക്കീലന്മാരുടെ ചില കാറുകളും ചില സ്വകാര്യ വാഹനങ്ങളും ഇരു ചക്ര വാഹനങ്ങളും നഗരത്തില്‍ ഉണ്ടായിരുന്നു.
കടകളൊന്നും തുറക്കാത്തതിനാല്‍ പല കെട്ടിടങ്ങളുടെയും സുരക്ഷാ ജീവനക്കാരാണ് കഷ്ടത്തിലായത്. നാളെയും പണിമുടക്ക് ഹര്‍ത്താലാവാനാണ് സാധ്യതയെന്ന് പൊലിസ് അറിയിച്ചു.
പാലക്കുന്നില്‍ തുറന്ന കടകള്‍ അടപ്പിച്ചു: സ്വകാര്യ ധനകാര്യസ്ഥാപനത്തില്‍ അക്രമം
ഉദുമ: ദേശീയ പണിമുടക്കിനിടെ തുറന്നു പ്രവര്‍ത്തിച്ച സ്ഥാപനങ്ങള്‍ പണിമുടക്കനുകൂലികള്‍ അടപ്പിച്ചു. പാലക്കുന്ന് പ്രദേശത്തെ സ്ഥാപനങ്ങളാണ് പണിമുടക്കനുകൂലികള്‍ നിര്‍ബന്ധമായി അടപ്പിച്ചത്. അതിനിടെ പാലക്കുന്നില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ കയറി അടപ്പിക്കാന്‍ സംഘര്‍ഷം ഉണ്ടാക്കിയ ആറോളം പേര്‍ക്കെതിരെ ബേക്കല്‍ പൊലിസ് കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."