യുവാവിന്റെ കൊലപാതകം: പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
തൊടുപുഴ: വീട്ടില്‍ ഉറങ്ങിക്കിടന്ന യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേര്‍ ഉള്‍പ്പെടെ അഞ്ചുപേരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കൊലപാതകം നടന്ന് ഒന്നര വര്‍ഷത്തിന് ശേഷമാണ് പ്രതികള്‍ കുടുങ്ങിയത്. ഉടുമ്പന്നൂര്‍ ഇടമറുക് സ്വദേശികളായ പള്ളിപ്പുറത്തു വീട്ടില്‍ വിഷ്ണു (21), കിഴക്കുംപാടം തൊട്ടിയില്‍ അനന്തു (20), വരണ്ടിയാനിക്കല്‍ മഹേഷ് (21), പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേരുമാണ് അറസ്റ്റിലായത്. കേസിലെ ഒന്നും രണ്ടും പ്രതികളാണ് പ്രായപൂര്‍ത്തിയാകാത്തവര്‍. വിഷ്ണു, അനന്തു, മഹേഷ് എന്നിവര്‍ യഥാക്രമം മൂന്ന്, നാല്, അഞ്ച് പ്രതികളാണ്. രണ്ടാം പ്രതി, മഹേഷിന്റെ സഹോദരനാണ്. കശാപ്പ് തൊഴിലാളി ഉടുമ്പന്നൂര്‍ അമയപ്ര വള്ളിയാടിയില്‍ തുരുത്തേല്‍ വിഷ്ണു(21) ആണ് കൊല്ലപ്പെട്ടത്. 2017 ഓഗസ്റ്റ് 10 നാണ് കൊലപാതകം നടന്നത്. സ്‌കൂള്‍ വിദ്യാര്‍ഥിനിയുമായി സ്വകാര്യ ബസ് ജീവനക്കാരനുണ്ടായ അടുപ്പവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് ഇടുക്കി ജില്ലാ പൊലിസ് മേധാവി കെ.ബി വേണുഗോപാല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഒന്നും രണ്ടും പ്രതികള്‍ പെണ്‍കുട്ടിയുടെ സഹപാഠികളാണ്. ബസ് ജീവനക്കാരന്‍ സ്വഭാവദൂഷ്യമുള്ളയാളാണെന്ന് ഒന്നാം പ്രതി പെണ്‍കുട്ടിയോട് പറഞ്ഞതാണ് പ്രശ്‌നത്തിന് തുടക്കം. ഇതേത്തുടര്‍ന്ന് ബസ് ജീവനക്കാരന്റെ സുഹൃത്തായ കൊല്ലപ്പെട്ട വിഷ്ണു ഒന്നാം പ്രതിയായ വിദ്യാര്‍ഥിയെ ഉടുമ്പന്നൂര്‍ ടൗണില്‍ വെച്ച് പരസ്യമായി ക്രൂരമായി മര്‍ദിച്ചു. ഇതേത്തുടര്‍ന്നാണ് പ്രതികള്‍ കൊലപാതകത്തിന് ആസൂത്രണം നടത്തിയത്. ഇതിനായി ഉടുമ്പന്നൂരിലെ കശാപ്പുശാലയില്‍ നിന്നും രണ്ടാം പ്രതി കത്തി സംഘടിപ്പിച്ചു. 2017 ഓഗസ്റ്റ് 9ന് രാത്രി 12 മണിയോടെ മൂന്ന് പ്രതികള്‍ വിഷ്ണുവിന്റെ വീട്ടിലെത്തി. വീട്ടില്‍ മറ്റാരുമില്ലെന്ന് ഇവര്‍ നേരത്തെ മനസിലാക്കിയിരുന്നു. 12 മണിക്ക് ശേഷം വീട്ടില്‍ പ്രവേശിച്ച പ്രതികള്‍ കട്ടിലില്‍ കിടന്നുറങ്ങുകയായിരുന്ന വിഷ്ണുവിന്റെ നെഞ്ചത്ത് ആഞ്ഞുകുത്തുകയായിരുന്നു. ഒന്നാം പ്രതിയാണ് കുത്തിയത്. കുത്തിന്റെ ശക്തിയില്‍ ശരീരം തുളച്ച കത്തി കട്ടിലും തുളച്ച് മറുവശം കടന്നു. തുടര്‍ന്ന് പ്രതികള്‍ ആയുധവുമായി രക്ഷപ്പെടുകയായിരുന്നു. അഞ്ചുപ്രതികളും കൊല്ലപ്പെട്ട വിഷ്ണുവും കഞ്ചാവിന് അടിമകളാണെന്ന് പൊലിസ് പറഞ്ഞു. ആദ്യം ലോക്കല്‍ പൊലിസ് അന്വേഷിച്ച കേസ് 8 മാസം മുന്‍പ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ടി.എ ആന്റണിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. ദൃക്‌സാക്ഷികളില്ലാതിരുന്ന കേസില്‍ സാഹചര്യതെളിവുകളാണ് പരിഗണിച്ചത്. അന്വേഷണത്തിനിടെ 150ല്‍ അധികം പേരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം ഇതുവരെ വീണ്ടെടുക്കാനായിട്ടില്ല. ഒന്നും രണ്ടും പ്രതികള്‍ക്ക് കൊലപാതകം നടന്ന് ഒരു മാസം പിന്നിട്ടശേഷമാണ് 18 വയസ് പൂര്‍ത്തിയായത്. അതിനാല്‍ ജുവൈനിയല്‍ ആക്ടിന്റെ പരിഗണന ലഭിക്കുമെന്ന് എസ്.പി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."