നവജാതശിശുവിനെ മറവുചെയ്ത കേസില്‍ തെളിവെടുപ്പ് നടത്തി
പരവൂര്‍: ഭിന്നശേഷിയുള്ള യുവതി പ്രസവിച്ച പ്രായം തികയാത്ത നവജാത ശിശുവിനെ രഹസ്യമായി മറവുചെയ്ത കേസില്‍ അറസ്റ്റിലായ പ്രതിയെ സ്ഥലത്തെത്തിച്ച് പരവൂര്‍ പൊലിസ് തെളിവെടുപ്പ് നടത്തി.
മറവുചെയ്ത കുഞ്ഞിനെ പുറത്തെടുത്ത് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയിരുന്നു. കുട്ടിയുടെ പിതൃത്വ പരിശോധനയ്ക്കുള്ള നടപടിയുടെ ഭാഗമായി സാമ്പിളുകളും ശേഖരിച്ചിട്ടുണ്ട്.
കേസില്‍ പരവൂര്‍ പോളച്ചിറ കുഴിപ്പില്‍ മഞ്ജു നിവാസില്‍ ബൈജുവി(34)നെ പരവൂര്‍ പൊലിസ് കഴിഞ്ഞ ആഴ്ച മുംബെയില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. കോടതി റിമാന്‍ഡ് ചെയ്ത ഇയാളെ കസ്റ്റഡിയില്‍ വാങ്ങിയാണ് ഇന്നലെ തെളിവെടുപ്പ് നടത്തിയത്. ഭിന്നശേഷിക്കാരിയായ യുവതിയുടെ മാതാവുമായി വര്‍ഷങ്ങളായി അടുപ്പമുള്ളയാളാണ് ബൈജുവെന്ന് പൊലിസ് പറഞ്ഞു. രണ്ടുമാസം മുന്‍പായിരുന്നു യുവതി ഗര്‍ഭിണിയാണെന്നറിഞ്ഞ മാതാവ് യുവതിയെ വര്‍ക്കലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് ഗര്‍ഭഛിദ്രം നടത്തിയിരുന്നു. ഗര്‍ഭത്തില്‍ ആറുമാസം വളര്‍ച്ചയെത്തിയ പെണ്‍കുഞ്ഞിന്റെ മൃതദേഹം ബൈജു ഏറ്റുവാങ്ങി തന്റെ പിതാവിന്റെ കുഴിമാടത്തില്‍ മറവുചെയ്യുകയായിരുന്നു. സംഭവം വിവാദമായതോടെ മുംബെയിലേയ്ക്ക് കടന്ന ബൈജുവിനെ പൊലിസ് അറസ്റ്റ്‌ചെയ്ത് നാട്ടിലെത്തിച്ച് കോടതിയില്‍ ഹാജരാക്കുകയായിരുന്നു. അതേസമയം കുഞ്ഞ് തന്റേതല്ലെന്നാണ് ബൈജു പറയുന്നത്.
യുവതിയുടെ മാതാവ് ശോഭനയുമായുള്ള അടുപ്പത്തെത്തുടര്‍ന്നാണ് കുഞ്ഞിനെ മറവുചെയ്യാന്‍ സഹായിച്ചതെന്നാണ് ഇയാള്‍ പൊലിസിനോട് ആവര്‍ത്തിക്കുന്നത്. ഇതേത്തുടര്‍ന്നാണ് കുഴിമാടത്തില്‍ നിന്ന് പുറത്തെടുത്ത മൃതദേഹം ഡി.എന്‍.എ. പരിശോധനയ്ക്ക് വിധേയമാക്കുന്നതെന്ന് പൊലിസ് പറഞ്ഞു. പരവൂര്‍ സി.ഐ ഷാനി, എസ്.ഐ ജയകുമാര്‍, തഹസില്‍ദാര്‍ ജോണ്‍സണ്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു പോസ്റ്റ്‌മോര്‍ട്ടവും മറ്റുനടപടികളും. കുട്ടിയുടെ മാതാവിനെ കരുനാഗപ്പള്ളിയിലെ മഹിളാ മന്ദിരത്തില്‍ താമസിപ്പിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."