ഭീതി അകലുന്നില്ല; പൊന്‍കുഴിയിലും കാട്ടുതീ
സുല്‍ത്താന്‍ ബത്തേരി: വയനാട് വന്യജീവി സങ്കേതത്തിലെ പൊന്‍കുഴി ക്ഷേത്രത്തിന് സമീപത്തും കാട്ടുതീ പടര്‍ന്നു. ക്ഷേത്രത്തിന് സമീപത്തെ മുളങ്കാടുകള്‍ക്കാണ് തീ പിടിച്ചത്. ഇന്നലെ ഉച്ചയോടെ പടര്‍ന്ന തീ ഫയര്‍ഫോഴ്സിന്റെ സഹായത്തോടെ വനം വകുപ്പ് വൈകുന്നേരത്തോടെ അണച്ചു. ഫ്ളൈയിങ് സ്ക്വാഡ് ഡി.എഫ്.ഒ പി ആസിഫിന്റെ നേതൃത്വത്തില്‍ ബത്തേരി ഫയര്‍ഫോഴ്സിലെ ഒരു യൂനിറ്റും വനം വകുപ്പ് താല്കാലികമായി തയാറാക്കിയ ഫയര്‍ എന്‍ജിനും ചേര്‍ന്നാണ് തീ അണച്ചത്. പുഴ അടുത്തുണ്ടായിരുന്നതിനാല്‍ ഇവിടെ നിന്നും വെള്ളമെടുക്കാന്‍ സാധിച്ചത് എളുപ്പത്തില്‍ തീയണക്കാനായി.
എന്നാല്‍ കര്‍ണാടക വനത്തിലെ തീയല്ല ഇവിടേക്ക് പടര്‍ന്നത്. ഇവിടെ ആരെങ്കിലും തീയിട്ടതാകാമെന്നാണ് വനപാലകരുടെ നിഗമനം. ഒരു ഹെക്ടറോളം സ്ഥലത്തെ ഉണങ്ങിക്കിടന്ന മുളങ്കൂട്ടവും അടിക്കാടുകളും കത്തിനശിച്ചു. തീ ആളിപ്പടരുന്നതിന് മുന്‍പ് തന്നെ അണക്കാനായതിനാല്‍ വലിയ നഷ്ടമുണ്ടായില്ല. എന്നാല്‍ കര്‍ണാടക വനത്തില്‍ പലയിടത്തും ഇപ്പോഴും കാട്ടുതീ പടരുന്നുണ്ട്. ശക്തമായി കാറ്റു വീശുന്നതാണ് തീ വ്യാപിക്കാനുള്ള കാരണം. വയനാട് വന്യജീവി സങ്കേതത്തിലേക്ക് തീ പടരാതിരിക്കാന്‍ വനം വകുപ്പ് കാര്യമായ മുന്‍ കരുതലുകള്‍ എടുത്തിട്ടുണ്ട്. കാട്ടുതീ ഭീഷണി പൂര്‍ണമായും ഇല്ലാതായാലേ മുന്‍കരുതല്‍ പിന്വലിക്കുകയൊള്ളു.
അതേ സമയം വയനാട് വന്യജീവി സങ്കേതം വൈല്‍ഡ്ലൈഫ് വാര്ഡന് പി ധനേഷ് കുമാര്‍, ബത്തേരി അസി. വൈല്‍ഡ് ലൈഫ് വാര്ഡന് കൃഷ്ണദാസ് എന്നിവരുടെ നേതൃത്തില്‍ വനപാലക സംഘം കര്‍ണാടക വനത്തിലെ തീ അണക്കാന്‍ സഹായിക്കുന്നുണ്ട്. ആവശ്യമായ ഉപകരണങ്ങളില്ലാത്തത് വനം വകുപ്പിനെ പ്രതിസന്ധിയിലാക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."