HOME
DETAILS

പൗരത്വ നിയമ ഭേദഗതി ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

  
backup
January 25 2020 | 05:01 AM

todays-article-indulekha-joseph-25-01-2020

 


മതവും രാഷ്ട്രീയവും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് നമ്മുടെ രാജ്യത്തെ ഇന്ന് ഭയാനകമായ ഒരു അവസ്ഥയില്‍ എത്തിച്ചിരിക്കുകയാണ്. ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമോ മുസ്‌ലിം രാഷ്ട്രമോ ക്രിസ്ത്യന്‍ രാഷ്ട്രമോ അല്ല, മറിച്ചു മതേതര രാജ്യമാണ് എന്ന ചിന്തയില്‍ അഭിമാനപുളകിതരായിരുന്ന വ്യക്തികളാണ് നാം. ഇന്ന് നമുക്ക് ഇന്ത്യ ഒരു മതേതര രാജ്യമാണ് എന്ന് നെഞ്ചില്‍ കൈവച്ച് പറയാന്‍ കഴിയില്ല. മൂല്യ സ്രഷ്ടാക്കളായ മതങ്ങള്‍ രാഷ്ട്ര ഭരണത്തില്‍ കൈവയ്ക്കുമ്പോള്‍ ഇന്ത്യന്‍ ഭരണഘടനക്ക് തല കുനിക്കേണ്ടി വരുന്നു. ഭൂരിപക്ഷ മതവും ന്യൂനപക്ഷ മതങ്ങളും മത്സരിച്ചു തലയെണ്ണം വര്‍ധിപ്പിച്ചു രാഷ്ട്രത്തെ മതവല്‍ക്കരിക്കാന്‍ ശ്രമിച്ചപ്പോള്‍ പൗരത്വ നിയമ ഭേദഗതി ജന്മമെടുത്തു. മതങ്ങളുടെ ഭരണസിരാ കേന്ദ്രങ്ങളിലെ കടന്നുകയറ്റത്തിന് കടിഞ്ഞാണിട്ടിരുന്നെങ്കില്‍, മുന്നറിയിപ്പുകള്‍ വകവച്ചിരുന്നെങ്കില്‍ ഇന്ന് ഈ ദുരവസ്ഥ ഒഴിവാക്കാമായിരുന്നു.


പൗരത്വ നിയമ ഭേദഗതിയനുസരിച്ചു 2014 ഡിസംബര്‍ 31 നോ അതിനു മുന്‍പോ പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ സ്ഥലങ്ങളില്‍ നിന്ന് ഇന്ത്യയില്‍ എത്തിയ ഹിന്ദു, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന, ക്രൈസ്തവ മതവിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കു ഇന്ത്യന്‍ പൗരത്വത്തിനു അര്‍ഹതയുണ്ട്. മാത്രമല്ല, നിലവിലെ പതിനൊന്നു വര്‍ഷത്തിനുപകരം അഞ്ചു വര്‍ഷം തുടര്‍ച്ചയായി ഇന്ത്യയില്‍ താമസിച്ചാല്‍ ഈ വിഭാഗക്കാര്‍ക്ക് പൗരത്വം നല്‍കും. പ്രസ്തുത നിയമത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളില്‍ മതപീഡനത്തിനു വിധേയരാവുന്ന അഭയാര്‍ഥികളെ സംരക്ഷിക്കുക എന്ന് വിവക്ഷിച്ചിട്ടുണ്ടെങ്കിലും അത്തരം അഭയാര്‍ഥികളായി കണക്കാക്കുന്നത് മേല്‍പറഞ്ഞ വിഭാഗക്കാരെ മാത്രം ആണ്. ശ്രീലങ്കയിലെ തമിഴര്‍, ബംഗ്ലാദേശിലെ യുക്തിവാദികള്‍, പാകിസ്താനിലെ അഹമ്മദിയാക്കള്‍ തുടങ്ങിയവരൊക്കെ മതത്തിന്റെയും ഭാഷയുടെയും പേരില്‍ ക്രൂശിക്കപ്പെടുന്നവരാണ്. ആശ്ചര്യമെന്നു പറയട്ടെ ഇവരൊന്നും തന്നെ പൗരത്വ നിയമ ഭേദഗതിയുടെ പരിധിയില്‍പ്പെടുന്നവരല്ല. ചുരുക്കിപ്പറഞ്ഞാല്‍ രാഷ്ട്രം, മതം എന്നിവയുടെ അടിസ്ഥാനത്തില്‍ പ്രകടമായ വിവേചനം തന്നെ.
ഒരുവന്‍ ഏതു രാഷ്ട്രത്തില്‍നിന്ന് വരുന്നവനാണ്, ഏതു മതവിശ്വാസിയാണ് എന്നതിനെയൊക്കെ അടിസ്ഥാനപ്പെടുത്തിയാണ് ഇന്ത്യയില്‍ പൗരത്വം നല്‍കുന്നത്. മുസ്‌ലിമായതിനാല്‍ ഒരു അഭയാര്‍ഥി പൗരത്വത്തിനു അര്‍ഹനല്ല എന്ന് പറയുന്നതോടെ ഇന്ത്യന്‍ മുസ്‌ലിംകളുടെ ആത്മാഭിമാനത്തിനു ക്ഷതം ഏല്‍ക്കുകയാണ്. മുസ്‌ലിംകളെ ഈ നിയമം ബാധിക്കില്ല എന്ന് പറയുന്നവരോട് ഒരു ചോദ്യം. പൗരത്വത്തിനു നിങ്ങളുടെ മതം ഒരു വിലങ്ങുതടിയായി നിര്‍വചിക്കപ്പെട്ടാല്‍ നിങ്ങളെ അത് തളര്‍ത്തില്ലേ?


ഇത്തരം വിവേചനങ്ങള്‍ ഭരണഘടനയുടെ 14ാം അനുഛേദത്തിന്റെ പ്രകടമായ ലംഘനമാണ്. ഈ അനുഛേദമനുസരിച്ചു നിയമത്തിനു മുന്‍പില്‍ എല്ലാവരും തുല്യന്മാരാണെങ്കിലും ഉദ്ദേശ്യലക്ഷ്യങ്ങളുടെ ഫലപ്രാപ്തിക്കായി ന്യായമായ വര്‍ഗീകരണം അനുവദനീയമാണ്. എന്നാല്‍ ആ വര്‍ഗീകരണത്താല്‍ ന്യായമായ ഉദ്ദേശ്യലക്ഷ്യങ്ങള്‍ നടത്തിയെടുക്കാന്‍ കഴിയണം. ഇവിടെ അഭയാര്‍ഥികളുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുക എന്ന ഉദ്ദേശ്യത്തിനു മുസ്‌ലിംകളെ ഒഴിവാക്കി നിര്‍ത്തേണ്ട ആവശ്യമില്ല എന്നത് പകല്‍ പോലെ വ്യക്തമാണ്. ഈ നടപടികള്‍ വര്‍ഗീയവാദികളുടെ കയ്യടി മേടിച്ചു അടുത്ത തെരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള കുതന്ത്രങ്ങളാണ്.


പൗരത്വ നിയമ ഭേദഗതിക്ക് മറ്റൊരു മാനം കൂടിയുണ്ട്. അത് അസം കരാറിന്റെ നഗ്‌നമായ ലംഘനമാണ്. 1979ല്‍ തുടങ്ങി ആറ് വര്‍ഷം നീണ്ട പ്രക്ഷോഭത്തിനൊടുവിലാണ് അസമിന്റെ സംസ്‌കാരം, ഭാഷ, പരിമിതമായ വിഭവങ്ങള്‍ ഇവക്കെല്ലാം ഭീഷണിയായി നിലകൊണ്ടിരുന്ന ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ നിയന്ത്രിക്കുവാനുള്ള അസം കരാര്‍ രൂപപ്പെട്ടത്. 1985ല്‍ ഇന്ത്യ ഗവണ്‍മെന്റും അസം സംഘടനാ നേതാക്കളും ചേര്‍ന്ന് പ്രസ്തുത കരാര്‍ ഒപ്പു വെച്ചു. അസം കരാര്‍ പ്രകാരം 1 - 1 - 1966 വരെ അസമില്‍ എത്തിച്ചേര്‍ന്ന എല്ലാ അനധികൃത കുടിയേറ്റക്കാര്‍ക്കും പൗരത്വം അനുവദിക്കും. ശേഷം 1 - 1 - 1966 മുതല്‍ മാര്‍ച്ച് 24, 1971 വരെയുള്ള അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുകയും അവരുടെ പേരുകള്‍ വോട്ടര്‍ പട്ടികയില്‍നിന്ന് നീക്കം ചെയ്യുകയും ചെയ്യും. ഇത്തരത്തില്‍ നീക്കം ചെയ്യപ്പെടുന്നവര്‍ ഫോറിനേഴ്‌സ് ആക്ട്, 1939 പ്രകാരം രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. തുടര്‍ന്ന് പത്തു വര്‍ഷത്തിന് ശേഷം അവരെ വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കുന്നതാണ്. എന്നാല്‍ കരാര്‍ പ്രകാരം 1971, മാര്‍ച്ച് 24ന് ശേഷമുള്ള കുടിയേറ്റക്കാരെ നാടുകടത്തുക തന്നെ ചെയ്യും. ഈ കട്ട് ഓഫ് തിയതി പുതിയ നിയമഭേദഗതി പ്രകാരം 2014 ഡിസംബര്‍ 31 വരെ നീട്ടിയിരിക്കുകയാണ്.


സ്വന്തം രാജ്യത്തില്‍ അരങ്ങേറുന്ന ന്യൂനപക്ഷ മതപീഡനങ്ങള്‍ക്കെതിരേ ചെറുവിരല്‍പോലും അനക്കാന്‍ കഴിയാത്ത കേന്ദ്ര സര്‍ക്കാരിന്റെ അഭയാര്‍ഥി പ്രേമം നമ്മെ അതിശയിപ്പിക്കുന്നു. രാജ്യത്തു നിലവിലുള്ള സാമ്പത്തിക തകര്‍ച്ച, വിലക്കയറ്റം തുടങ്ങിയ കാതലായ പ്രശ്‌നങ്ങളില്‍നിന്ന് പൊതുജന ശ്രദ്ധ തിരിച്ചുവിടാനുള്ള ഒരു ഹിഡന്‍ അജന്‍ഡയും ഇതിനു പിന്നിലുണ്ടോ എന്നും സംശയിക്കാം.


ഇന്ത്യയുടെ ഇന്നത്തെ സാമ്പത്തിക അവസ്ഥയില്‍ അനധികൃത കുടിയേറ്റക്കാരെ കൂടി സംരക്ഷിക്കുവാന്‍ കഴിയില്ല എന്നത് വാസ്തവമാണ്. നിലവില്‍ പൗരത്വം ആര്‍ജിക്കുവാനുള്ള മാനദണ്ഡങ്ങള്‍ ജാതി, മതഭേദമന്യേ അങ്ങനെ തന്നെ തുടരട്ടെ. അരവയര്‍ നിറയാതെ കീറ ഉറക്കപ്പായില്‍ കിടന്നു പിച്ചും പേയും പറയുന്ന, റെയില്‍വേ ട്രാക്കിലൂടെ മാലിന്യങ്ങള്‍ക്കിടയിലൂടെ അപ്പക്കഷ്ണങ്ങള്‍ അന്വേഷിച്ചു നടക്കുന്ന ഭാരത മാതാവിന്റെ കോടിക്കണക്കിനു കുഞ്ഞുങ്ങളുടെ വിശപ്പടക്കാന്‍ കഴിയാത്ത സര്‍ക്കാരാണ് കുടിയേറ്റക്കാര്‍ക്കു വേണ്ടി ആത്മരോഷം കൊള്ളുന്നത്. ഈ കുഞ്ഞുങ്ങള്‍ക്ക് ഒരു മതമേയുള്ളൂ, അത് വിശപ്പാണ്.


പൗരത്വ നിയമ ഭേദഗതി എതിര്‍ക്കേണ്ടത് തന്നെയാണ്. അതോടൊപ്പം തന്നെ നമ്മുടെ രാജ്യത്തെ നശിപ്പിക്കണം എന്ന ഉദ്ദേശ്യത്തോടെ നുഴഞ്ഞു കയറുന്ന തീവ്രവാദികളെയും അവര്‍ക്കു കുടപിടിച്ചു കൊടുക്കുന്നവരെയും നാം എതിര്‍ക്കുക തന്നെ വേണം. മുസ്‌ലിം സമുദായത്തിന്റെ പേര് കളയാന്‍ ഇത്തരം വിഘടന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന മുസല്‍മാന്‍ എന്ന് അവകാശപ്പെടുന്ന തീവ്രവാദികളെ എതിര്‍ക്കുകയും ഒറ്റപ്പെടുത്തുകയും വേണം. അത്തരം തീവ്രവാദികള്‍ സമുദായത്തെ ഒറ്റുകൊടുക്കുന്ന ഇത്തിള്‍കണ്ണികളാണ് എന്ന് ഖുര്‍ആന്‍ ഓതുന്ന ഏതൊരു വിശ്വസിക്കും അറിയാം.
സ്വാതന്ത്ര്യ സമരത്തില്‍ മുസ്‌ലിം സഹോദരന്മാര്‍ വഹിച്ച പങ്ക് നമുക്ക് മറക്കാന്‍ കഴിയില്ല. അവരും ഭാരത മക്കളാണ്. അവരുടെ ഹൃദയത്തെ മുറിപ്പെടുത്തികൊണ്ടു ഒരു നിയമം നമുക്ക് ആവശ്യമില്ല. അതോടൊപ്പം തന്നെ മതരാഷ്ട്രം പടുത്തുയര്‍ത്തുവാന്‍ ഒരു മതങ്ങളും ശ്രമിക്കാന്‍ പാടില്ല. മതത്തിന്റെ പേരില്‍ വോട്ടു ബാങ്ക് സൃഷ്ടിച്ചു ഭിന്നിപ്പിച്ചു ഭരിക്കുന്ന ഏതൊരു രാഷ്ട്ര സംവിധാനവും കാലക്രമേണ ജനാധിപത്യത്തെ സംസ്‌കരിച്ചു പണാധിപത്യത്തെ വാഴിക്കുകയും രാജ്യത്തെ കോര്‍പ്പറേറ്റുകള്‍ക്ക് വില്‍ക്കുകയും ചെയ്യും. മുസ്‌ലിം സഹോദരങ്ങള്‍ ഒന്ന് മനസിലാക്കുക, ജനാധിപത്യം മരിച്ചിട്ടില്ലാത്ത, മതഭ്രാന്ത് തലയ്ക്കുപിടിക്കാത്ത ഒരു ഹിന്ദുവും ക്രിസ്ത്യാനിയും ജൈനനും ബുദ്ധിസ്റ്റും പാഴ്‌സിയും നിങ്ങളെ ഒറ്റപ്പെടുത്തില്ല. ഒപ്പമുണ്ടാകും. ഈ സാഹചര്യം മുതലെടുത്തു വര്‍ഗീയത കുത്തിവയ്ക്കാന്‍ ശ്രമിക്കുന്ന ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളെ തിരിച്ചറിയുക. നമ്മള്‍ ഒന്നാണ്. നമ്മള്‍ ഭാരതീയരാണ്.

(കേരള ഹൈക്കോടതി അഭിഭാഷകയാണ് ലേഖിക)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി അറേബ്യ: ബിൽബോർഡ് നിയമങ്ങൾ കൂടുതൽ കർശനമാക്കാൻ ഒരുങ്ങുന്നു

Saudi-arabia
  •  2 months ago
No Image

ഗള്‍ഫ് സുപ്രഭാതം റെസിഡണ്ട് എഡിറ്റര്‍ ജലീല്‍ പട്ടാമ്പിക്ക്  ആദരം 

uae
  •  2 months ago
No Image

'അവസാന വിക്കറ്റും വീണു അരങ്ങത്തു നിന്ന് അടുക്കളയിലേക്ക്'; ഫേസ്ബുക്ക് കുറിപ്പുമായി കെ.ടി. ജലീല്‍ എം.എല്‍.എ

Kerala
  •  2 months ago
No Image

കമ്മ്യൂണിറ്റി സ്പോർട്‌സ് ഇവന്റ്സ്; എമിറേറ്റ്സ് ന്യൂസ് ഏജൻസിക്ക് മികച്ച മീഡിയ ഔട്ട്ലെറ്റ് പുരസ്കാരം

uae
  •  2 months ago
No Image

ടി20 ലോകകപ്പ്; ഔദ്യോഗിക സ്കോററായി യു.എ.ഇ മലയാളി ഷിനോയ് സോമൻ

uae
  •  2 months ago
No Image

അജിത് കുമാറിന്റെ തലയില്‍ നിന്ന് തൊപ്പി ഊരിക്കും എന്ന പറഞ്ഞവന്റെ പേര് അന്‍വറെന്നാ സി.എമ്മേ; ഫേസ്ബുക്ക് പോസ്റ്റുമായി അന്‍വര്‍

Kerala
  •  2 months ago
No Image

ഹിന്ദുകുട്ടികളെ മതന്യൂനപക്ഷങ്ങളുടെ സ്‌കൂളുകളില്‍ അയക്കരുത്; കര്‍ണാടകയില്‍ വിദ്വേഷ പ്രസംഗം നടത്തിയ അധ്യാപകനെതിരെ കേസ്

National
  •  2 months ago
No Image

എഡിജിപിക്കെതിരായ നടപടി സ്വന്തം തടി രക്ഷിക്കാനുള്ള മുഖ്യമന്ത്രിയുടെ തന്ത്രം; രമേശ് ചെന്നിത്തല

Kerala
  •  2 months ago
No Image

സൂര്യാഘാതം? ചെന്നൈയില്‍ വ്യോമസേനയുടെ എയര്‍ഷോ കാണാനെത്തിയ മൂന്നുപേര്‍ മരിച്ചു 

National
  •  2 months ago
No Image

എമിറേറ്റ്സ് എയർലൈനിൽ ഈ വസ്തുകൾക്ക് നിരോധനം

uae
  •  2 months ago