ദേശീയ പണിമുടക്ക്: ജനത്തിന് ദുരിതമേകി രണ്ടാം ദിനവും
കല്‍പ്പറ്റ: തൊഴിലാളി യൂനിയനുകള്‍ സംയുക്തമായി ആഹ്വാനം ചെയ്ത 48 മണിക്കൂര്‍ ദേശീയ പണിമുടക്കിന്റെ രണ്ടാം ദിനവും ജനത്തിന് ദുരിതം.
ഹര്‍ത്താലിന് സമാനമായ പണിമുടക്കില്‍ ജില്ല പൂര്‍ണമായും സ്തംഭിച്ചു. കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഇന്നലെയും സര്‍വിസ് നടത്തിയില്ല. സ്വകാര്യ ബസുകളും ഓട്ടോ ടാക്‌സികളും നിരത്തിലിറങ്ങിയില്ല. ഗ്രാമീണ സര്‍വിസുകള്‍ ഉള്‍പ്പെടെ ഇല്ലാതായത് ജനത്തെ കാര്യമായി ബാധിച്ചു.
ജില്ലയിലെ പ്രധാന ടൗണുകളില്‍ ചില വ്യാപാര സ്ഥാപനങ്ങള്‍ തുറന്നെങ്കിലും ആളുകളെത്താത്തത് തിരിച്ചടിയായി. ജില്ലാ ആസ്ഥാനമായ കല്‍പ്പറ്റയില്‍ അടക്കം സമരക്കാര്‍ ഇന്നലേയും വാഹനങ്ങള്‍ തടഞ്ഞു. കല്‍പ്പറ്റയില്‍ നിരത്തിലിറങ്ങിയ ഗുഡ്‌സ് ഓട്ടോ സമരാനുകൂലികള്‍ തടഞ്ഞു. എച്ച്.ഐ.എം.യു.പി സ്‌കൂള്‍ പരിസരത്താണ് ഓട്ടോ തടഞ്ഞത്. വാഹനം ഓഫ് ചെയ്യാന്‍ മടി കാണിച്ച ഡ്രൈവര്‍ക്ക് നേരെ ആക്രമണശ്രമവുമുണ്ടായി. സമരക്കാര്‍ ടയറിന്റെ കാറ്റഴിച്ചുവിടുകയും ചെയ്തു. പിന്നീട് നേതാക്കള്‍ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. നാരായണന്‍ നമ്പൂതിരി ഓടിച്ച ഗുഡ്‌സ് ഓട്ടോയാണ് തടഞ്ഞത്. തരുവണയില്‍ നിന്നും വരികയായിരുന്ന തനിക്ക് കല്‍പ്പറ്റയില്‍ നിന്നും മാത്രമാണ് ഇത്തരമൊരു അനുഭവം ഉണ്ടായതെന്ന് നാരായണന്‍ പറഞ്ഞു. സര്‍ക്കാര്‍ ഓഫിസുകളില്‍ ഹാജര്‍ നില ഇന്നലേയും നന്നേ കുറവായിരുന്നു. വിദ്യാലയങ്ങള്‍ ഇന്നലെയും പ്രവര്‍ത്തിച്ചില്ല. പ്രളയത്തെ തുടര്‍ന്ന് നിരവധി അധ്യയന ദിനങ്ങള്‍ നഷ്ടമായ വിദ്യാര്‍ഥികള്‍ക്ക് ഇതോടെ രണ്ട് അധ്യയന ദിനങ്ങള്‍ കൂടി നഷ്ടമായി. തോട്ടം മേഖലയിലും ഇന്നലെ പ്രവര്‍ത്തനം നിലച്ച അവസ്ഥയായിരുന്നു. ചെറിയ ടൗണുകളില്‍ ഓട്ടോറിക്ഷകള്‍ സര്‍വിസ് നടത്തിയത് അത്യാവശ്യ യാത്രക്കാര്‍ക്ക് ആശ്വാസമായി. പണിമുടക്കിന്റെ ഭാഗമായി ജില്ലയിലെ 23 കേന്ദ്രങ്ങളില്‍ തൊഴിലാളികളുടെ സത്യാഗ്രഹ സമരം നടന്നു. കല്‍പ്പറ്റയില്‍ കെ. സുഗതന്‍ രണ്ടാം ദിവസത്തെ സമരം ഉദ്ഘാടനം ചെയ്തു. ഗിരീഷ് കല്‍പ്പറ്റ അധ്യക്ഷനായി. പി.എ മുഹമ്മദ്, രാജേന്ദ്രന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."