അന്താരാഷ്ട്ര കോടതിയുടെ നിര്‍ദേശം പൂര്‍ണമായി നടപ്പാക്കണമെന്ന് ഒ.ഐ.സി
ജിദ്ദ: റോഹിംഗ്യന്‍ വംശഹത്യക്കെതിരേ അടിയന്തര നടപടി സ്വീകരിക്കണമെന്ന അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ നിര്‍ദേശം പൂര്‍ണമായി നടപ്പാക്കാന്‍ മ്യാന്മര് ഭരണകൂടം തയാറാകണമെന്ന് ഇസ്ലാമിക രാഷ്ട്രങ്ങളുടെ സംഘടനയായ ഒ.ഐ.സി നേതൃത്വം ആവശ്യപ്പെട്ടു.
വൈകിയാണെങ്കിലും റോഹിംഗ്യന്‍ മുസ്ലിം ജനതക്ക് നീതി ഉറപ്പാക്കാന്‍ അന്താരാഷ്ട്ര കോടതിയുടെ ഇടപെടല്‍ വഴിയൊരുക്കുമെന്ന പ്രതീക്ഷയിലാണ് ഒ.ഐ.സി നേതൃത്വം. റോഹിംഗ്യന്‍ സമൂഹത്തെ വംശഹത്യ ചെയ്യാന്‍ ആസൂത്രിത നീക്കങ്ങളാണ് മ്യാന്മറില് നടന്നതെന്ന കോടതി കണ്ടെത്തല്‍ ഗൗരവ പൂര്‍ണമായ നടപടി സ്വീകരിക്കാന്‍ അന്താരാഷ്ട്ര സമൂഹത്തെ പ്രേരിപ്പിക്കണമെന്ന് പ്രസ്താവനയില്‍ ഒ.ഐ.സി ചൂണ്ടിക്കാട്ടി. ഉത്തരവ് നടപ്പാക്കുന്നതിനായി എന്തെല്ലാം നടപടികളെടുത്തു എന്നതിനെപ്പറ്റി നാലു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നതുള്‍പ്പെടെയുള്ള കോടതി നിര്‍ദേശത്തെയും ഒ.ഐ.സി സ്വാഗതം ചെയ്തു.
ആഫ്രിക്കന്‍ രാജ്യമായ ഗാംബിയയാണ് യു.എന്‍ കോടതിയെ സമീപിച്ചത്. 57 അംഗ ഇസ്ലാമിക സഹകരണ സംഘടന ഇതിന് പിന്തുണ നല്‍കുകയും ചെയ്തിരുന്നു. നേരത്തെ, ബോസ്നിയന്‍ മുസ്ലിംകള്‍ക്കെതിരേ സെര്‍ബിയ നടത്തിയ വംശഹത്യ കേസിലും യു.എന്‍ കോടതി വിചാരണ നടത്തിയിരുന്നു. മ്യാന്മര് ഭരണകൂടത്തിനെതിരേ നിരവധി രാജ്യങ്ങള്‍ രംഗത്തു വന്നിരിക്കെ, റോഹിംഗ്യകളുടെ സുരക്ഷ ഉറപ്പാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഒ.ഐ.സി നേതൃത്വം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."