പൗരത്വ നിയമ ഭേദഗതിക്കെതിരെ പശ്ചിമബംഗാളും പ്രമേയം പാസാക്കുന്നു; നാളെ പ്രത്യേക നിയമസഭാ സമ്മേളനം
കൊല്‍ക്കത്ത: പൗരത്വ നിയമ ഭേദഗതി, എന്‍.ആര്.സി, എന്‍.പി.ആര് വിഷയങ്ങളില്‍ പ്രമേയം പാസാക്കുന്നതിനു ബംഗാള്‍ സര്‍ക്കാരും ഒരുങ്ങുകയാണ്. ഇതിനായി ഞായറാഴ്ച ഉച്ചയ്ക്കു രണ്ടിനു പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചിട്ടുണ്ട്.
കേരളത്തിനും പഞ്ചാബിനും പിന്നാലെ രാജസ്ഥാനും പൗരത്വ നിയമ ഭേദഗതിക്കെതിരെ ഇന്ന് പ്രമേയം പാസാക്കിയിരുന്നു. മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ് ശനിയാഴ്ച സഭയില്‍ പ്രമേയം അവതരിപ്പിച്ചത്. പ്രമേയത്തെ എതിര്‍ത്ത ബി.ജെ.പി അംഗങ്ങള്‍, മുദ്രാവാക്യം വിളികളോടെ സഭയില്‍നിന്ന് ഇറങ്ങിപ്പോയി. മതപരമായ വേര്‍തിരിവുണ്ടാക്കുന്ന നിയമം രാജ്യത്ത് ആദ്യമാണെന്നും പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നുണ്ട്.
രാജസ്ഥാന് സര്‍ക്കാര്‍ അവതരിപ്പിച്ച പ്രമേയത്തില്‍ പൗരത്വപ്പട്ടികയ്ക്കെതിരേയും വിമര്‍ശനങ്ങളുണ്ട്. നേരത്തെ പൗരത്വ നിയമ ഭേദഗതിക്കെതിരായ ഹരജികള്‍ പരിഗണിച്ച സുപ്രിംകോടതി നിയമം സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ചിരുന്നു. ഹരജികളില്‍ കേന്ദ്ര സര്‍ക്കാരിനു മറുപടി നല്കാന് നാലാഴ്ച സമയമനുവദിച്ച കോടതി, ആവശ്യമെങ്കില്‍ ഹരജികള്‍ വിശാല ഭരണഘടനാ ബെഞ്ച് പരിഗണിക്കുമെന്നും വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."