ദയനീയം
പൂനെ: ഒറ്റ വാക്കില്‍ പറഞ്ഞാല്‍ പരമ ദയനീയം. മികച്ച വിജയങ്ങളും പരമ്പരകളും നേടി തോല്‍വിയറിയാതെയുള്ള മുന്നേറ്റങ്ങളുമായി എത്തിയ ഇന്ത്യ ആസ്‌ത്രേലിയന്‍ സ്പിന്‍ ആക്രമണത്തിനു മുന്നില്‍ ആയുധം വച്ച് കീഴടങ്ങിയപ്പോള്‍ അഞ്ചു ദിവസം നീളുന്ന ടെസ്റ്റ് മൂന്നു ദിവസം കൊണ്ടു തീരുമാനമായി. ആസ്‌ത്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ പോരാട്ടത്തില്‍ ഇന്ത്യക്ക് നാണംകെട്ട തോല്‍വി. 333 റണ്‍സിനാണു ഓസീസ് തകര്‍പ്പന്‍ ജയം സ്വന്തമാക്കിയത്. ആദ്യ ഇന്നിങ്‌സില്‍ ആറു വിക്കറ്റുകള്‍ പിഴുത് ഇന്ത്യയുടെ കഥ കഴിച്ച സ്റ്റീവ് ഒകീഫ് രണ്ടാം ഇന്നിങ്‌സിലും ആറു വിക്കറ്റുകള്‍ വീഴ്ത്തി മൊത്തം 12 വിക്കറ്റുകളുമായി ഇന്ത്യന്‍ തകര്‍ച്ച രണ്ടിന്നിങ്‌സിലും പൂര്‍ണമാക്കാന്‍ മുന്നില്‍ നിന്നു. ഒകീഫ് തന്നെയാണു കളിയിലെ കേമനും. അഞ്ചാം ടെസ്റ്റ് കളിച്ച ഒകീഫ് കരിയറിലെ ഏറ്റവും മികച്ച ബൗളിങ് പകടനമാണു പുറത്തെടുത്തത്. രണ്ടിന്നിങ്‌സിലും 35 റണ്‍സ് വിട്ടുകൊടുത്താണ് വെറ്ററന്‍ താരം ആറു വിക്കറ്റുകള്‍ വീഴ്ത്തിയത്. രണ്ടാമിന്നിങ്‌സില്‍ സെഞ്ച്വറി (109) നേടി ടീമിന്റെ നട്ടെല്ലായി നിന്ന ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തും ജയത്തില്‍ നിര്‍ണായകമായി.
ഇന്ത്യയുടെ തുടര്‍ച്ചയായ 19 ടെസ്റ്റ് വിജയങ്ങള്‍ക്കു ജയത്തോടെ ഓസീസ് തടയിട്ടു. ഇന്ത്യന്‍ മണ്ണില്‍ തോല്‍വിയറിയാതെയുള്ള റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കാമെന്ന ഇന്ത്യന്‍ മോഹത്തിനും ഇതോടെ തിരിച്ചടി നേരിട്ടു. 12 വര്‍ഷത്തിനു ശേഷമാണു ഒരു ആസ്‌ത്രേലിയന്‍ ടീം ഇന്ത്യയില്‍ ടെസ്റ്റ് മത്സരം ജയിക്കുന്നത്. ജയത്തോടെ നാലു ടെസ്റ്റ് മത്സരങ്ങളുള്ള പരമ്പരയില്‍ ഓസീസ് 1-0ത്തിന് മുന്നിലെത്തി.
ഒന്നാം ഇന്നിങ്‌സില്‍ ആസ്‌ത്രേലിയ 260 റണ്‍സെടുത്തപ്പോള്‍ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് 105 റണ്‍സില്‍ അവസാനിച്ചു. രണ്ടാം ഇന്നിങ്‌സില്‍ ഓസീസ് പോരാട്ടം 285 റണ്‍സില്‍ അവസാനിച്ചപ്പോള്‍ ഇന്ത്യയ്ക്ക് ലക്ഷ്യം 441 റണ്‍സ്. വിജയം തേടിയിറങ്ങിയ ഇന്ത്യയുടെ പേരുകേട്ട ബാറ്റിങ് നിര ഒന്നു പൊരുതാന്‍ പോലും മിനക്കെടാതെ 107 റണ്‍സില്‍ കൂടാരം കയറി. രണ്ടാമിന്നിങ്‌സില്‍ ഓകീഫ് ആറു വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ബാക്കിയുള്ള നാലു വിക്കറ്റുകള്‍ മറ്റൊരു സ്പിന്നറായ നതാന്‍ ലിയോണ്‍ സ്വന്തമാക്കി. ആസ്‌ത്രേലിയയെ കുരുക്കാന്‍ സ്പിന്‍ പിച്ചൊരുക്കി കാത്തിരുന്ന ഇന്ത്യയ്ക്ക് ചക്കിനു വച്ചത് കൊക്കിനു കൊണ്ട അനുഭവമാണു ആദ്യ പോരാട്ടം സമ്മാനിച്ചത്. മുരളി വിജയ്, പൂജാര, കോഹ്‌ലി, രഹാനെ, അശ്വിന്‍, സാഹ എന്നിവരുടെ വിക്കറ്റുകളാണ് ഒകീഫ് വീഴ്ത്തിയത്. 31 റണ്‍സെടുത്ത പൂജാരയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. കെ.എല്‍ രാഹുല്‍(10), കോഹ്‌ലി(13), രഹാനെ (18) എന്നിവരാണ് രണ്ടക്കം കണ്ട മറ്റു ബാറ്റ്‌സ്മാന്‍മാര്‍. രണ്ടാമിന്നിങ്‌സിന്റെ ഒരു ഘട്ടത്തില്‍ പോലും ഇന്ത്യക്കു പിടിച്ചു നില്‍ക്കാനുള്ള ത്രണിയുണ്ടായില്ല. കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്താന്‍ ഓസീസ് ബൗളര്‍മാര്‍ക്കു സാധിച്ചു.
നേരത്തെ 155 റണ്‍സ് ലീഡുമായി രണ്ടാമിന്നിങ്‌സ് തുടങ്ങിയ ഓസീസിനായി നായകന്‍ സ്റ്റീവന്‍ സ്മിത്ത് മികച്ച രീതിയില്‍ ബാറ്റു ചെയ്തു. ഒരറ്റത്ത് വിക്കറ്റുകള്‍ വീണപ്പോഴും ഇന്ത്യന്‍ ബൗളിങിനെ സമര്‍ഥമായി മെരുക്കിയാണു നായകന്‍ ഇന്നിങ്‌സിനു ജീവന്‍ വപ്പിച്ചത്. 109 റണ്‍സെടുത്ത സ്മിത്ത് കരിയറിലെ പതിനെട്ടാം ടെസ്റ്റ് സെഞ്ച്വറി കുറിച്ചു. ഒപ്പം ഇന്ത്യയ്‌ക്കെതിരേ തുടര്‍ച്ചയായ അഞ്ചാമത്തെ സെഞ്ച്വറിയും. റെന്‍ഷോ, മിച്ചല്‍ മാര്‍ഷ് എന്നിവര്‍ 31 റണ്‍സ് വീതമെടുത്തു നായകനെ പിന്തുണച്ചു. ആദ്യ ഇന്നിങ്‌സില്‍ 61 റണ്‍സെത്ത് ഓസീസ് ഇന്നിങ്‌സിനെ സംരക്ഷിച്ച മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ടാമിന്നിങ്‌സില്‍ 30 റണ്‍സ് കണ്ടെത്തി. കൂറ്റന്‍ അടികളിലൂടെ രണ്ടു ഫോറും മൂന്നു സിക്‌സും പറത്തി 31 പന്തിലാണു സ്റ്റാര്‍ക്ക് 30 റണ്‍സെടുത്തത്. രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യക്കായി ആര്‍ അശ്വിന്‍ നാലും രവീന്ദ്ര ജഡേജ മൂന്നും ഉമേഷ് യാദവ് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.
അഞ്ചു മത്സരങ്ങളുടെ പരമ്പരയില്‍ ആസ്‌ത്രേലിയ 1-0ത്തിനു മുന്നില്‍. രണ്ടാം ടെസ്റ്റ് മാര്‍ച്ച് നാലു മുതല്‍ എട്ടു വരെ ബംഗളൂരുവില്‍ നടക്കും.
സമീപ കാലത്തെ ഏറ്റവും
മോശം ബാറ്റിങ്: കോഹ്‌ലി
കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ടീം നടത്തിയ ഏറ്റവും മോശം ബാറ്റിങാണു ഇന്ത്യയെ തോല്‍വിയിലേക്ക് നയിച്ചതെന്നു നായകന്‍ വിരാട് കോഹ്‌ലി. ആസ്‌ത്രേലിയക്കെതിരായ ഒന്നാം ടെസ്റ്റിലെ കനത്ത തോല്‍വിക്കു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്നു ദിവസത്തില്‍ ഒരു ഘട്ടത്തില്‍ പോലും ടീം മികവിലേക്കുയര്‍ന്നില്ല. എവിടെയാണു പിഴച്ചതെന്നു കണ്ടെത്തും. സാഹചര്യം സമര്‍ഥമായി ഉപയോഗിക്കുന്നതില്‍ ഓസീസ് മുന്നില്‍ നിന്നു. തോല്‍വിക്ക് ഒരു ന്യായീകരണവുമില്ല. എങ്കിലും ശക്തമായി തിരിച്ചെത്തുമെന്നു നായകന്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.
വിക്കറ്ററിഞ്ഞ്
പന്തെറിഞ്ഞു: സ്മിത്ത്
വിക്കറ്ററിഞ്ഞു ബൗളിങ് നിര പന്തെറിഞ്ഞതാണു വിജയത്തിലേക്കു നയിച്ചതെന്ന് ആസ്‌ത്രേലിയന്‍ നായകന്‍ സ്റ്റീവന്‍ സ്മിത്ത്. 4,502 ദിവസങ്ങള്‍ക്കു ശേഷമാണു ഇന്ത്യയില്‍ വിജയിക്കുന്നത്. അവസരം ലഭിച്ചപ്പോള്‍ മികച്ച രീതിയില്‍ മുതലാക്കാന്‍ സാധിച്ചു. ഇന്ത്യ ഒരുക്കിയ വെല്ലുവിളി ടീം മൊത്തത്തില്‍ ഏറ്റെടുക്കുകയായിരുന്നു. ഇത്തരമൊരു വിക്കറ്റില്‍ ആദ്യ ഇന്നിങ്‌സില്‍ ബാറ്റിങ് ലഭിച്ച് 260 റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ സാധിച്ചതു തന്നെ നല്ല കാര്യമായിരുന്നു. ഒകീഫ് മുന്നില്‍ നിന്നപ്പോള്‍ ലിയോണും പേസര്‍മാരും അദ്ദേഹത്തിനു മികച്ച പിന്തുണ നല്‍കിയതായും ഓസീസ് നായകന്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."