ഇതരസംസ്ഥാന തൊഴിലാളികളുടെ രജിസ്‌ട്രേഷന് ഉടന്‍ മാര്‍ഗനിര്‍ദേശമെന്ന് മന്ത്രി
കോഴിക്കോട്: ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് നിര്‍ബന്ധ രജിസ്‌ട്രേഷന്‍ നിഷ്‌കര്‍ഷിക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ രൂപം നല്‍കുമെന്ന് തൊഴില്‍-എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍. അന്താരാഷ്ട്ര ബാലവേല വിരുദ്ധദിന പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം നളന്ദ ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ ഇതരസംസ്ഥാന തൊഴിലാളികളുടെ വ്യക്തമായ കണക്ക് ഇപ്പോള്‍ ലഭ്യമല്ല. ഇവരുടെ കൂടെവരുന്ന 18 വയസിന് താഴെയുള്ള കുട്ടികളെക്കൊണ്ടും ജോലി ചെയ്യിപ്പിക്കുന്നുണ്ട്. തൊഴിലാളികള്‍ മലയാളികളാണെങ്കിലും അല്ലെങ്കിലും അവരെയെല്ലാം തൊഴില്‍ നിയമങ്ങളുടെ പരിധിയില്‍ കൊണ്ടുവരും. ദാരിദ്ര്യവും വിദ്യാഭ്യാസമില്ലായ്മയും സാമൂഹ്യ പിന്നാക്കാവസ്ഥയുമാണ് ബാലവേലയിലേക്ക് നയിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ ഡോ. എം.കെ മുനീര്‍ എം.എല്‍.എ അധ്യക്ഷനായി. അഡിഷണല്‍ ലേബര്‍ കമ്മീഷണര്‍ എ. അലക്‌സാണ്ടര്‍, തൊഴിലാളി സംഘടനാ നേതാക്കളായ ടി. ദാസന്‍ (സി.ഐ.ടി.യു), അഡ്വ. എം. രാജന്‍ (ഐ.എന്‍.ടി.യു.സി), പി.കെ നാസര്‍ (എ.ഐ.ടി.യു.സി), യു. പോക്കര്‍ ( എസ്.ടി.യു), വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് ടി. നസ്‌റുദ്ദീന്‍, വ്യാപാരി വ്യവസായ സമിതി പ്രതിനിധി സി.വി ഇക്ബാല്‍, ചൈല്‍ഡ്‌ലൈന്‍ പ്രതിനിധി മുഹമ്മദലി, റീജ്യനല്‍ ജോയിന്റ് ലേബര്‍ കമ്മിഷണര്‍ കെ.എം സുനില്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."