ഐ.ഒ.സി ഡിപ്പോയില്‍ നിന്ന് മണ്ണെണ്ണ ചോര്‍ന്നു; കിണറുകള്‍ മലിനമായി
വടകര: പച്ചക്കറി മുക്കിലെ ഐ.ഒ.സിയുടെ ഉടമസ്ഥയിലുള്ള മണ്ണെണ്ണ മൊത്തവിതരണ ഡിപ്പോയിലെ ടാങ്കില്‍ നിന്നും മണ്ണെണ്ണ ചോര്‍ന്ന് സമീപത്തെ കിണറുകള്‍ മലിനമായി.
റേഷന്‍ കടകളിലേക്കു മണ്ണെണ്ണ വിതരണം ചെയ്യുന്ന മൊത്തവിതരണക്കാരായ ജ്യോതി ഏജന്‍സീസിന്റെ ഉടമസ്ഥതയിലുള്ള ടാങ്കില്‍ നിന്നാണ് മണ്ണെണ്ണ ചോര്‍ന്നത്. പച്ചക്കറി മുക്ക് ശ്രീവത്സത്തില്‍ വത്സന്റെ വീട്ടുപറമ്പിലേതുള്‍പ്പെടെ നാലു കിണറുകള്‍ മലിനമായിട്ടുണ്ട്.
വെള്ളിയാഴ്ച ഉച്ച മുതലാണ് കിണര്‍ മലിനമാകുന്നതായി വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. രൂക്ഷമായ ഗന്ധവും അനുഭവപ്പെട്ടതോടെ വീട്ടുകാര്‍ നഗരസഭാ ആരോഗ്യ വിഭാഗത്തിലടക്കം പരാതി നല്‍കുകയായിരുന്നു. ടാങ്ക് ദ്രവിച്ചതോ പൊട്ടിയതോ ആകാം മണ്ണെണ്ണ ചോര്‍ന്നതിനു കാരണമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു. കിണര്‍ മോട്ടോര്‍ വച്ച് വറ്റിക്കാന്‍ തുടങ്ങിയിട്ടുണ്ടെങ്കിലും കിണറിലെ മണ്ണെണ്ണയുടെ അളവ് കുറയാതെ നിലനില്‍ക്കുകയാണ്. വെള്ളം വറ്റിച്ചാലും കിണര്‍ ഒന്നോ രണ്ടോ വര്‍ഷത്തേക്ക് ഉപയോഗിക്കാന്‍ കഴിയില്ലെന്ന് ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.
അതേസമയം ഇന്നലെ രാത്രിയോടെയാണ് സമീപത്തെ മറ്റു വീടുകളിലെ കിണറുകളിലേക്കും മണ്ണെണ്ണ ചോരുന്നതായി ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെ വീട്ടുകാര്‍ ആശങ്കയിലായിരിക്കുകയാണ്.
അതേസമയം ടാങ്ക് മാറ്റിസ്ഥാപിക്കുന്നതു വരെ നഗരസഭാ ആരോഗ്യ വിഭാഗം ഡിപ്പോയുടെ ലൈസന്‍സ് റദ്ദ് ചെയ്തിട്ടുണ്ട്. കോണ്‍ക്രീറ്റ് കംപാര്‍ട്ട്‌മെന്റുകളാക്കി തിരിച്ച് ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കണം പുതുതായി ടാങ്ക് നിര്‍മിക്കേണ്ടതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."