സാമ്പത്തിക സംവരണം ഭരണഘടനാഭേദഗതി കോടതിയില്‍ നിലനില്‍ക്കില്ല
തിരുവിതാംകൂറില്‍ 1935 മുതല്‍ സംവരണമുണ്ട്. മഹാരാജാവിന്റെ ഉത്തരവിലൂടെയാണതു നടപ്പാക്കിയത്. ഒരു നൂറ്റാണ്ടിനോടടുക്കുമ്പോഴും പിന്നാക്ക വിഭാഗങ്ങളില്‍ പലര്‍ക്കും സംവരണകാര്യത്തില്‍ ലക്ഷ്യത്തിലെത്താന്‍ സാധിച്ചിട്ടില്ല. മുന്നാക്കവിഭാഗത്തിനു പത്തു ശതമാനം സാമ്പത്തിക സംവരണം ഏര്‍പെടുത്തുന്നതുവഴി ക്രീമിലെയര്‍ വിഭാഗത്തില്‍പെടുന്നവരും പിന്തള്ളപ്പെട്ടു പോകുമെന്നതില്‍ സംശയമില്ല.
സംവരണം കഴിഞ്ഞുള്ള 50ശതമാനം ക്രീമിലെയര്‍ വിഭാഗത്തിനുകൂടി അര്‍ഹതപ്പെട്ടതാണെന്നിരിക്കെ ഇതില്‍ നിന്ന് പത്തു ശതമാനം സാമ്പത്തിക സംവരണം കൂടി കഴിഞ്ഞാല്‍ വെറും 40 ശതമാനത്തില്‍ നിന്നായിരിക്കും ഇവര്‍ക്കും സര്‍ക്കാര്‍ ഉദ്യോഗം ലഭിക്കുക. സാമുദായിക സംവരണം ക്രീമിലെയറില്‍ വന്നാല്‍ കിട്ടില്ലെന്നിരിക്കെ ഇത്തരക്കാരെ മുന്നാക്ക വിഭാഗത്തിലാണ് പെടുത്തിയിരിക്കുന്നത്. ഈ പത്തു ശതമാനമെന്നു പറഞ്ഞാല്‍ 100 നിയമനത്തില്‍ പത്ത് നിയമനം വരും. അപ്പോള്‍ 50 ശതമാനത്തിന്റെ 20 ശതമാനമാണ് കുറയുന്നത്. 100 നിയമനമുണ്ടെങ്കില്‍ 10 നിയമനം കുറവേ കിട്ടൂ മെറിറ്റിലുള്ളവര്‍ക്ക്. സാമൂഹിക വ്യവസ്ഥിതിക്കു ദൂരവ്യാപകമായ പ്രത്യാഘാതങ്ങളായിരിക്കും സാമ്പത്തിക സംവരണം നടപ്പിലാക്കുന്നതോടെ ഉണ്ടാകുന്നത്.
സാമൂഹിക നീതി നടപ്പാക്കാന്‍ കഴിയാത്തതിനാല്‍ സുപ്രിംകോടതിയില്‍ സാമ്പത്തിക സംവരണം സംബന്ധിച്ച നിയമഭേദഗതി നിലനില്‍ക്കില്ല. ഭരണഘടനയുടെ അടിസ്ഥാനതത്ത്വങ്ങള്‍ക്ക് എതിരായതിനാല്‍ കൂടിയാണിത്. സാമുദായികസംവരണം സംബന്ധിച്ചു വ്യക്തമായി തന്നെ കോടതി പറഞ്ഞിട്ടുണ്ട്. നിയമം നിലവില്‍ വന്ന് 10 കൊല്ലം കഴിഞ്ഞാല്‍ സംവരണ ലിസ്റ്റ് പരിശോധന നടത്തി പുതുക്കണമെന്നാണ് നിയമം. പിന്നാക്ക കമ്മിഷനെ സമീപിച്ച് ലിസ്റ്റ് പുതുക്കണമെന്നും നിയമത്തില്‍ പറയുന്നുണ്ട്. നിയമം നിലവില്‍ വന്ന് 26 വര്‍ഷമായിട്ടും സംവരണലിസ്റ്റില്‍ യാതൊരു പരിശോധനയും നടന്നിട്ടില്ലെന്നാണ് പഠനങ്ങള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാക്കുന്നത്. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പുറത്തിറക്കിയ പുസ്തകത്തില്‍ സംവരണത്തെ സംബന്ധിച്ചുള്ള പഠനറിപ്പോര്‍ട്ട് ഞെട്ടിക്കുന്നതാണ്. ജാതിമത അടിസ്ഥാനത്തില്‍ നോക്കിയാല്‍ സവര്‍ണ ഹിന്ദു വിഭാഗത്തില്‍പെട്ടവര്‍ക്കും ക്രിസ്ത്യാനികള്‍ക്കും ജനസംഖ്യാനുപാതികമായി അര്‍ഹതപ്പെട്ടതിനെക്കാള്‍ കൂടുതല്‍ പങ്ക് കിട്ടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഉയര്‍ന്ന മധ്യവര്‍ഗക്കാരില്‍ ആനുപാതികമായുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ എണ്ണം മൂന്നര ഇരട്ടി അധികമാണ്.
സവര്‍ണ ഹിന്ദു മതവിഭാഗത്തില്‍പെട്ടവര്‍ക്കും ക്രിസ്ത്യാനികള്‍ക്കും ഉയര്‍ന്ന നിലയില്‍ കൂടുതല്‍ പങ്കു കിട്ടിയിട്ടുണ്ട്. ഈഴവരുടെ പ്രാതിനിധ്യം ഏതാണ്ട് സമതുലിതമാണ്. മറ്റു പിന്നാക്ക വിഭാഗങ്ങള്‍ ഏറെ പിന്നിലാണെന്നു പറയുന്ന റിപ്പോര്‍ട്ട് മുസ്്‌ലിംകളുടെ അവസ്ഥ ജനസംഖ്യാനുപാതികമായി കണക്കാക്കിയാല്‍ പട്ടികവര്‍ഗക്കാരുടേതിനേക്കാള്‍ പിന്നാക്കമാണെന്നും വ്യക്തമാക്കുന്നുണ്ട്. സര്‍ക്കാര്‍ ഉദ്യോഗമെന്നത് സാമൂഹിക, സാമ്പത്തികാവസ്ഥ നിര്‍ണയിക്കുന്ന സുപ്രധാന ഘടകമായിരിക്കുന്ന സാഹചര്യത്തില്‍ ഈ അസന്തുലിതാവസ്ഥ അടിയന്തരമായി ശ്രദ്ധ അര്‍ഹിക്കുന്നുവെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പു നല്‍കുന്നുണ്ട്.
ഇപ്പോള്‍ ഉള്ളതിനെക്കാള്‍ ഇരട്ടി കിട്ടിയാലും മുസ്്‌ലിമിന് തികയാത്ത അവസ്ഥയാണ് നിലവില്‍. മുസ്്‌ലിംകള്‍ ആകെ ജനസംഖ്യ 26.9 ശതമാനം ആയിരിക്കെ സര്‍ക്കാര്‍ ഉദ്യോഗത്തിലെ പ്രാതിനിധ്യം 11.4%ശതമാനം മാത്രമാണ്. അതായത് 126%ശതമാനം കുറവ്. ഈഴവരുടെ ജനസംഖ്യ 22.2 ശതമാനം ആയിരിക്കെ അവര്‍ക്കു കിട്ടിയിരിക്കുന്ന പ്രാതിനിധ്യം 22.7 ശതമാനമാണ്. ജനസംഖ്യാനുപാതത്തേക്കാള്‍ 0.02 ശതമാനം കൂടുതലാണിത്്. മറ്റു പിന്നാക്കകാര്‍ക്ക് 8.2 ശതമാനമാണ് പ്രാതിനിധ്യം. ഇതാകട്ടെ 41 ശതമാനം കുറവും. പട്ടിക ജാതിക്ക് 22.6 ശതമാനം കുറവും പട്ടികവര്‍ഗത്തിന് 49.5 ശതമാനം കുറവുമാണ് ജനസംഖ്യാനുപാതികമായി സര്‍ക്കാര്‍ ഉദ്യോഗത്തിലെ പ്രാതിനിധ്യം. സര്‍ക്കാര്‍ യാതൊരുതരത്തിലും പരിശോധനകള്‍ നടത്തി ജനസംഖ്യയ്ക്ക് ആനുപാതികമായ സംവരണം ഓരോത്തര്‍ക്കും നടപ്പിലാക്കാത്തതിനാലാണ് ഇപ്രകാരം പിന്തള്ളപ്പെടുന്നത്. സെക്്ഷന്‍ ഏഴ് അനുസരിച്ചാണ് ഇപ്രകാരം പരിശോധനകള്‍ നടത്തി ലിസ്റ്റ് പുതുക്കേണ്ടത്. എന്നാല്‍ വളരെ അപകടകരമായ അവസ്ഥയിലാണ് സംവരണം നടപ്പാക്കികൊണ്ടിരിക്കുന്നതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. നിലവില്‍ ആറ് ഒഴുവുകളുണ്ടെങ്കില്‍ മാത്രമേ മുസ്‌ലിമിന് ഉദ്യോഗം ലഭിക്കൂ എന്നതാണ് അവസ്ഥ.
ആദ്യത്തെയും മൂന്നാമത്തെും നിയമനം മെറിറ്റ് അടിസ്ഥാനത്തില്‍ നടക്കുമ്പോള്‍ രണ്ടാമത്തെ നിയമനം ഈഴവര്‍ക്കാണ് ലഭിക്കുന്നത്. നാലാമത്തേത് പട്ടികജാതി, പട്ടികവര്‍ഗത്തിനും ആറാമത്തേത് മുസ്‌ലീമിനുമാണ്. കാലാനുസൃതമായി സംവരണ സംബന്ധിച്ചുള്ള അവലോകനം നടന്നിരുന്നെങ്കില്‍ ഇത് സംഭവിക്കില്ലായിരുന്നു. ഈഴവര്‍ക്കു ലഭിക്കുന്ന പൊസിഷന്‍ മുസ്‌ലിമിന് ലഭിക്കുമായിരുന്നു. ഭാവിയില്‍ സാമൂദായിക സംവരണം ഇല്ലാതാക്കാനുള്ള നടപടികൂടിയാണ് ഇപ്പോള്‍ തയാറാകുന്ന സാമ്പത്തിക സംവരണത്തിനുപിന്നില്‍.
1992ലെ സുപ്രിംകോടതി വിധിയില്‍ വ്യക്തമായി തന്നെ സംവരണം സംബന്ധിച്ചു പ്രതിപാദിക്കുന്നുണ്ട്. പട്ടികജാതി, പട്ടികവര്‍ഗത്തിനു കിട്ടുന്ന എല്ലാ ആനുകൂല്യങ്ങളും അത്തരത്തില്‍ പിന്നാക്കം നില്‍ക്കുന്ന സമുദായത്തിനു കിട്ടണമെന്നാണ് വിധിയില്‍ പറയുന്നത്. വിവിധ സംഘടനകള്‍ ഭരിക്കുന്നവര്‍ക്കൊപ്പം നില്‍ക്കുകയല്ല, ഇത്തരത്തിലുള്ള അവകാശങ്ങള്‍ നേടിയെടുക്കാന്‍ മുന്നിട്ടിറങ്ങുകയാണ് വേണ്ടത്. കോണ്‍ഗ്രസ് ഭരിച്ചാല്‍ അവര്‍ക്കൊപ്പവും സി.പി.എം ഭരിച്ചാല്‍ അവര്‍ക്കൊപ്പവും നിലകൊള്ളുന്ന അവസ്ഥ മാറിയാലേ സംവരണം ഉള്‍പ്പെടെയുള്ള അവകാശങ്ങള്‍ നേടിയെടുക്കാന്‍ കഴിയൂ. ഇത്തരത്തില്‍ മുന്നിട്ടിറങ്ങുന്നവര്‍ ഈ രംഗത്തു പ്രാഗത്ഭ്യം നേടിയവരുടെ അഭിപ്രായങ്ങള്‍കൂടി ആരായേണ്ടതുണ്ട്. നിലവിലെ സംവരണം സംബന്ധിച്ച കോടതി വിധികള്‍ വിശദമായി പഠിക്കുകയും സംവരണം സംബന്ധിച്ച റിവിഷനുകള്‍ പത്ത് വര്‍ഷം കൂടുമ്പോള്‍ നിര്‍ബന്ധമായും നടപ്പാക്കാനും മുന്നിട്ടിറങ്ങുകയും ചെയ്യേണ്ടതുണ്ട്. എങ്കില്‍ മാത്രമേ ജനസംഖ്യയ്ക്ക് ആനുപാതികമായ സംവരണം യാഥാര്‍ഥ്യമാകൂ.
ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ വരുംതലമുറയ്ക്കുകൂടി മുതല്‍കൂട്ടാകും. ഉദ്യോഗം എന്ന് കേള്‍ക്കുമ്പോള്‍ സാമ്പത്തികം എന്നുമാത്രമല്ല ചിന്തിക്കേണ്ടത്. വിവിധ തലങ്ങളിലെ ഭരണതലത്തിലെ പങ്കാളിത്തം കൂടിയാണ് ലക്ഷ്യംവയ്‌ക്കേണ്ടത്. ജുഡിഷ്യറി ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ പ്രാതിനിധ്യം ഉറപ്പുവരുത്തണം. മുന്‍കാലങ്ങള്‍ എടുത്തുനോക്കിയാല്‍ ക്രിസ്ത്യാനികള്‍ തുടരെത്തുടരെ നാലു തവണയോളം ചീഫ് സെക്രട്ടറിമാരായിട്ടുണ്ട്. അഡിഷനല്‍ ചീഫ് സെക്രട്ടറിമാരായി നിയമിതരായവരും ഈ സമുദായത്തില്‍പെട്ടവരാണ്. ഒരൊറ്റ മുസ്്‌ലിം പോലും പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ റാങ്കില്‍ പോലുമില്ല. ഓരോ ദിവസം കഴിയുംതോറും ഗള്‍ഫിലെ തൊഴില്‍ സ്ഥിതിയും മോശമായിവരികയാണ്. വിവിധ തൊഴില്‍ നിയമങ്ങളുടെയും സ്വകാര്യവല്‍കരണത്തിന്റെയും പേരില്‍ നിരവധി പ്രവാസികളാണ് ഗള്‍ഫില്‍ നിന്ന് തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേക്കു തിരിച്ചെത്തുന്നത്. ഇതുകൂടി മുന്നില്‍കണ്ടുകൊണ്ടായിരിക്കണം ജനസംഖ്യാനുപാതത്തില്‍ അര്‍ഹമായ സംവരണം നേടിയെടുക്കാന്‍ രംഗത്തിറങ്ങേണ്ടത്.
(മുന്‍ അഡീഷനല്‍ അഡ്വക്കറ്റ്
ജനറലാണ് ലേഖകന്‍)
(തയാറാക്കിയത്: സുനി അല്‍ഹാദി)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."