കെ.എസ്.ആര്.ടി.സിയുടെ യാത്രാ കാര്‍ഡ് പദ്ധതി പാളുന്നു
പൊന്നാനി: കെ.എസ്.ആര്.ടി.സി ബസുകളില്‍ സ്ഥിരം യാത്രക്കാര്‍ക്കു പ്രയോജനപ്പെടുന്ന തരത്തില്‍ കഴിഞ്ഞ മാസം മുതല്‍ നടപ്പാക്കിയ പദ്ധതി തുടക്കത്തില്‍തന്നെ പാളുന്നു. 1,000, 1,500, 3,000, 5,000 രൂപ നിരക്കില്‍ ബ്രോണ്‍സ്, സില്‍വര്‍, ഗോള്‍ഡന്‍, പ്രീമിയം എന്നീ നാലു തരത്തിലുള്ള കാര്‍ഡുകളാണ് പുറത്തിറക്കിയിരുന്നത്. എന്നാല്‍, ഇവയുടെ ഒരു മാസത്തെ കാലാവധി കഴിയുമ്പോള്‍ പകരം നല്കാന് കാര്‍ഡുകള്‍ എത്താത്തതാണ് പ്രയാസമായിരിക്കുന്നത്.
പുറത്തിറക്കി ഒരാഴ്ച കഴിഞ്ഞപ്പോള്‍തന്നെ 5,000 രൂപയുടെ പ്രീമിയം കാര്‍ഡ് ഒഴികെ മറ്റുള്ളവയെല്ലാം വിറ്റുതീര്‍ന്നിരുന്നു. പൊന്നാനി ഡിപ്പോയില്‍ ഇപ്പോള്‍ പുതിയ കാര്‍ഡുകളൊന്നും സ്റ്റോക്കില്ലെന്നാണ് വിവരം. പ്രത്യേകം തയാറാക്കിയ ഫോമില്‍ ഫോട്ടോ പതിച്ച് തിരിച്ചറിയല്‍ കാര്‍ഡുകള്‍ സഹിതം നല്കി ഡിപ്പോകളിലെ സ്റ്റേഷന് മാസ്റ്റര്‍ ഓഫിസുകളില്‍നിന്നാണ് കാര്‍ഡുകള്‍ അനുവദിച്ചിരുന്നത്. 1,000 രൂപയ്ക്കുള്ള ബ്രോണ്‍സ് കാര്‍ഡില്‍ സിറ്റി ഫാസ്റ്റ്, ലിമിറ്റഡ് സ്റ്റോപ്പ്, ഓര്‍ഡിനറി ബസുകളിലും 1,500 രൂപയ്ക്കുള്ള സില്‍വര്‍ കാര്‍ഡില്‍ സിറ്റി ഫാസ്റ്റ്, ജന്റം നോണ്‍ എ.സി ബസുകളിലും 3,000, 5,000 കാര്‍ഡുകളില്‍ സിറ്റി ഫാസ്റ്റ്, ടൗണ്‍ ടു ടൗണ്‍ ഓര്‍ഡിനറി, ഫാസ്റ്റ്, സൂപ്പര്‍ഫാസ്റ്റ്, ജന്റം എ.സി, നോണ്‍ എ.സി ബസുകളിലും യാത്ര ചെയ്യാന്‍ കഴിയുമായിരുന്നു. തിരക്കുള്ള സമയത്ത് ടിക്കറ്റെടുക്കാനും ചില്ലറയ്ക്കുമുള്ള ബുദ്ധിമുട്ട് ഒഴിവാക്കാനും ഇതു സഹായകരമായിരുന്നു. എന്നാല്‍, ആവശ്യത്തിനു കാര്‍ഡുകള്‍ കരുതാതെ ധൃതിപ്പെട്ട് പദ്ധതി നടപ്പിലാക്കിയതാണ് സംവിധാനം തുടക്കത്തില്‍തന്നെ പാളാനിടയാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."