ഇഞ്ചയ്ക്കത്തറ കോളനിയിലെ കമ്മ്യൂണിറ്റി ഹാള്‍ ജീര്ണാവസ്ഥയില്
മാന്നാര്‍: പറയങ്കേരി ഇഞ്ചയ്ക്കത്തറ കോളനിയിലെ കമ്മ്യൂണിറ്റിഹാള്‍ ചോര്‍ന്നൊലിച്ചു നശിക്കുന്നു. കന്നിയങ്കത്തില്‍ വിജയിച്ച അന്നത്തെ ഗ്രാമവികസന മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയാണു പറയങ്കേരി ഇഞ്ചയ്ക്കത്തറ പട്ടികജാതി കോളനിയിലെ ജനങ്ങള്‍ക്കായി കമ്മ്യൂണിറ്റി ഹാള്‍ തുറന്നുകൊടുത്തത്.
ചെന്നിത്തല തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്തിന്റെ പടിഞ്ഞാറേ അതിര്‍ത്തിയായ പറയങ്കേരി ഇഞ്ചയ്ക്കത്തറ കോളനിയില്‍ നൂറിലധികം പട്ടികജാതിക്കാരാണു താമസിക്കുന്നത്. ഇവിടുത്തെ സാംസ്ക്കാരികവും ഭൗതികവുമായ പുരോഗതിയെ ലക്ഷ്യമാക്കിയാണു കമ്മ്യൂണിറ്റി ഹാള്‍ ഇവര്‍ക്കായി സമ്മാനിച്ചത്. ഇവിടുത്തെ 338-ാം നമ്പര്‍ എ.കെ.പി.എം.എസ് സരസ്വതി വിലാസം ശാഖ സൗജന്യമായി നല്കിയ 30 സെന്റ് സ്ഥലത്താണ് 1986 ല്‍ കമ്മ്യൂണിറ്റിഹാള്‍ നിര്‍മിച്ചത്. സര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍നിന്ന് ഇത് ചെന്നിത്തല- തൃപ്പെരുന്തുറ പഞ്ചായത്തിനു കൈമാറിയതോടെയാണ് ഇതിന്റെ അടിത്തറയ്ക്കു കോട്ടംതട്ടി തുടങ്ങിയതെന്നാണ് ആരോപണം.
നാളുകളായി ഇതിന്റെ ശോചനിയാവസ്ഥ അറിഞ്ഞിട്ടും പഞ്ചായത്ത് ഒന്നും ചെയ്യാന്‍ കൂട്ടാക്കിയില്ല. മഴക്കാലമായാല്‍ ഒരു പരിപാടിയും ഇവിടെ നടത്താന്‍ പറ്റാത്ത അവസ്ഥയിലാണ്. ചോര്‍ച്ചമൂലം ജനലുകളും മറ്റുംദ്രവിച്ച് നശിച്ചിരിക്കുകയാണ്. ഇവിടെ എത്രയും പെട്ടന്നു പുതിയ കമ്മ്യൂണിറ്റിഹാള്‍ കെട്ടിടം നിര്‍മിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."