കൊറോണ വൈറസ്; അതീവ ജാഗ്രതയിൽ ഗൾഫ് രാജ്യങ്ങൾ
റിയാദ്: ചൈനയിലടക്കം വിവിധ രാജ്യങ്ങളിൽ മാരകമായ കൊറോണ വൈറസ് ബാധ ശക്തമാകുമായും മരണ നിരക്ക് ഉയരുകയും ചെയ്‌തതോടെ ഗൾഫ് രാജ്യങ്ങൾ അതീവ ജാഗ്രതയിൽ. വിവിധ രാജ്യക്കാരായ തൊഴിലാളികൾ വ്യാകമായി അധിവസിക്കുന്ന ഗൾഫ് രാഷ്‌ട്രങ്ങളിൽ ജാഗ്രതക്കുറവുണ്ടായാൽ ഏറെ ഭവിഷ്യത്തായിരിക്കും ഉണ്ടാകുക. അതിനാൽ തന്നെ ഗൾഫിലേക്ക് വരുന്നവരെ ശക്തമായ നിരീക്ഷണം നടത്തി വേണ്ട രീതിയിലുള്ള നടപടികൾ സ്വീകരിക്കുകയാണ് ഗൾഫ് രാജ്യങ്ങൾ. വിവിധ ഗൾഫ് രാജ്യങ്ങളിൽ വൈറസ് ബാധ ഏറെ ബാധിച്ച ചൈനയെ കൂടാതെ, വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ട തായ്‌വാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ തൊഴിലാളികൾ മസാജ് പാർലറുകളിലടക്കം തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നതെന്നതിനാലും ചൈനയിൽ നിന്നുള്ള ആഹാര, പച്ചക്കറി സാധനങ്ങളടക്കം ഒട്ടുമിക്ക വസ്‌തുക്കളുടെയും പ്രധാന വിപണി ഗൾഫ് രാജ്യങ്ങളാണെന്നതും ഭീതി ഉയർത്തുന്നുണ്ട്.
കൊറോണ വൈറസ് ബാധ ഇത് വരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന് സഊദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുമ്പോഴും ശക്തമായ മുൻകരുതലുകളാണ് മന്ത്രാലയം കൈക്കൊളളുന്നത്. ആരോഗ്യമന്ത്രാലയം ഇക്കാര്യം വീണ്ടും വീണ്ടും വ്യക്തമാക്കിയിട്ടുണ്ട്. ചൈനയിൽ നിന്നെത്തുന്ന എല്ലാ യാത്രക്കാരെയും ശക്തമായ നിരീക്ഷണം നടത്തുമെന്നും മാരകമായ വൈറസിന്റെ ഇൻകുബേഷൻ പിരീഡ് 14 ദിവസമാണെന്നും സഊദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ചൈനയിൽ നിന്നെത്തുന്ന യാത്രക്കാരെ പ്രത്യേക കേന്ദ്രത്തിൽ പരിശോധന നടത്തി വൈറസ് ബാധയിൽ നിന്നും മുക്തരാണെന്ന് വ്യക്തമാകുന്നവരെ മാത്രമേ രാജ്യത്തേക്ക് പ്രവേശിപ്പിക്കുകയുള്ളൂവെന്നും അല്ലാത്തവരെ പ്രത്യേക കേന്ദ്രങ്ങളിലേക്ക് മാറ്റുന്നുണ്ടെന്നും സഊദി ആരോഗ്യ മന്ത്രി തൗഫീഖ് അൽ റബീഹ അറിയിച്ചു. പൗരന്മാരോട് ചെനീസ് സന്ദർശനം നിർത്തിവെക്കാനും സഊദി ആവശ്യപ്പെട്ടിട്ടുണ്ട്.
വൈറസ് പശ്ചാത്തലത്തിൽ ചൈനയിലേക്കുള്ള യാത്രക്ക് ഒമാനും മുന്നറിയിപ്പ് നൽകി. ചൈനയിലേക്ക് പോകാതിരിക്കുന്നതാണ് ഉചിതമെന്ന് ആരോഗ്യ മന്ത്രാലയം ട്വിറ്ററിൽൽ ആവശ്യപ്പെട്ടു. ചൈനയിലേക്ക് പോകുന്നതിനെതിരെ പൗരന്മാരെ ഉപദേശിക്കുകയും നിലവിൽ ചൈനയിലുള്ള തങ്ങളുടെ പൗരന്മാരോട് ഉടൻ രാജ്യം ആവശ്യപ്പെട്ടതായി കുവൈത് ദേശീയ വാർത്താ ഏജൻസി അറിയിച്ചു. വൈറസ് പ്രത്യക്ഷപ്പെട്ട മറ്റ് രാജ്യങ്ങളിൽ നിന്ന് മാറിനിൽക്കാനും കുവൈറ്റ് പൗരന്മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കൂടാതെ, യു എ ഇ, ഖത്തർ, ബഹ്‌റൈൻ തുടങ്ങിയ രാജ്യങ്ങളും അതീവ ജാഗ്രതയിലാണ്. അതേസമയം, വൈറസ് ബാധ ഭീതിയിൽ ഫേസ് മാസ്‌കുകളുടെ ഉപയോഗം കൂടിയതോടെ വിപണിയിൽ വില വർദ്ധിപ്പിക്കാനുള്ള നീക്കത്തിനെതിരെ ദുബായ് രംഗത്തെത്തി. ആവശ്യക്കാർ കൂടിയ പശ്ചാത്തലത്തിൽ മാസ്‌കുകളുടെ ലഭ്യത കുറവ് കാണിച്ച് വില വർധിപ്പിക്കാനുള്ള നീക്കം നടക്കുമെമെന്നതിനാലാണ് ദുബായ് അധികൃതർ വിതരണക്കാർക്ക് മുന്നറിയിപ്പ് നൽകിയത്. ഫെയ്‌സ് മാസ്കുകൾക്കായി വില വർദ്ധിപ്പിക്കരുതെന്ന് ഫാർമസികൾക്കും റീട്ടെയിൽ ഔട്ട്‌ലെറ്റുകൾക്കും ദുബായ് ഇക്കോണമി കൺസ്യുമർ പ്രൊട്ടക്ഷൻ കർശന നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. നിലവിൽ ചൈനയെ കൂടാതെ, അമേരിക്ക, ചൈന, ജപ്പാൻ, കാനഡ, ഇന്ത്യ, യു എ ഇ എന്നീ രാജ്യങ്ങളടക്കം 20 ലധികം രാജ്യങ്ങളിലാണ് കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."