വെള്ളാങ്ങല്ലൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമാക്കുന്നു
കരൂപ്പടന്ന: വെള്ളാങ്ങല്ലൂര്‍ പ്രാഥമികാരോഗ്യകേന്ദ്രം കുടുംബാരോഗ്യകേന്ദ്രമാകുന്നു. സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന ആരോഗ്യനയത്തിന്റെ ഭാഗമായാണ് പി.എച്ച്.സിയെ കുടുംബാരോഗ്യകേന്ദ്രമാക്കി ഉയര്‍ത്തുന്നത്. കേന്ദ്രത്തിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്നു വൈകിട്ട് അഞ്ചിനു പി.എച്ച്.സി അങ്കണത്തില്‍ അഡ്വ. വി.ആര്‍ സുനില്‍കുമാര്‍ എം.എല്‍.എ നിര്‍വഹിക്കും.
38 വര്‍ഷം പഴക്കമുള്ള വെള്ളാങ്ങല്ലൂര്‍ പി.എച്ച്.സിയെ കുടുംബാരോഗ്യകേന്ദ്രമാക്കി ഉയര്‍ത്തണമെന്ന ആവശ്യം ഉയര്‍ന്നിട്ട് നാളുകളായി. തുടര്‍ന്ന് ബ്ലോക്ക് പഞ്ചായത്തിന്റെ 2018-19 ജനകീയാസൂത്രണ പദ്ധതിയില്‍ പി.എച്ച്.സിയെ ഉള്‍പ്പെടുത്തി. 35,28,000 രൂപയാണ് ചെലവ്. ബ്ലോക്ക് പഞ്ചായത്തിന്റെ 25.28 ലക്ഷം രൂപയും ജില്ലാ പഞ്ചായത്ത് വിഹിതമായ 10 ലക്ഷം രൂപയും ചേര്‍ന്നാണ് ഈ തുക കണ്ടെത്തിയിരിക്കുന്നത്.
1980ലാണ് വെള്ളാങ്ങല്ലൂര്‍ പി.എച്ച്.സി സ്ഥാപിതമാകുന്നത്. നിലവില്‍ ഡോക്ടര്‍മാരടക്കം 30 ജീവനക്കാരാണ് ഇവിടെയുള്ളത്. കുടുംബാരോഗ്യകേന്ദ്രമാക്കി ഉയര്‍ത്തുന്നതോടെ കൂടുതല്‍ സൗകര്യങ്ങളും ലഭ്യമാകും. ആരോഗ്യകേന്ദ്രത്തില്‍ കിടപ്പ് ചികിത്സ ആരംഭിക്കുന്നതോടെ കിടപ്പുചികിത്സയ്ക്കായി സ്വകാര്യ ആശുപത്രികളെ ആശ്രയിച്ചിരുന്ന പാവപ്പെട്ട രോഗികള്‍ക്ക് ആശ്വാസമാകും. ജീവനക്കാര്‍ക്കായി ക്വാര്‍ട്ടേഴ്‌സുകള്‍ പണിയുന്നതോടെ ഡോക്ടര്‍മാരുടെ സേവനവും വര്‍ദ്ധിക്കും. നിലവില്‍ രാവിലെ ഒന്‍പതു മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെയാണ് ചികിത്സാ സമയം. കുടുംബാരോഗ്യകേന്ദ്രം യാഥാര്‍ഥ്യമാകുന്നതോടെ വൈകിട്ട് ആറു വരെയായി സമയവും ഉയര്‍ത്തും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.കെ ഉദയപ്രകാശ് അധ്യക്ഷനാകും.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി വത്സല ബാബു, സെക്രട്ടറി സി.കെ സംഗീത്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബീന മജീദ്, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഉണ്ണികൃഷ്ണന്‍, ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി.എസ് സുബീഷ്, വെള്ളാങ്ങല്ലൂര്‍ പി.എച്ച്.സി മെഡിക്കല്‍ ഓഫിസര്‍ ഡോ.അജിത് തോമസ് പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."