കര്‍ണാടകയില്‍ ഗുണ്ടാസംഘം തട്ടിക്കൊണ്ട് പോയ കാസര്‍കോട് സ്വദേശി കൊല്ലപ്പെട്ട നിലയില്‍
കാസര്‍കോട്: കീഴൂര്‍ ചെമ്പരിക്ക സ്വദേശിയായ യുവാവ് കര്‍ണാടകയില്‍ ഗുണ്ടാസംഘം കൊലപ്പെടുത്തി. തസ്ലീം എന്ന മൂത്തസ്ലീം(38) ആണ് കൊല്ലപ്പെട്ടത്. ഇന്ന് വൈകീട്ടാണ് സംഭവം. കര്‍ണാടക നെലോഗി പൊലിസ് സ്റ്റേഷന് പരിധിയില്‍ നിന്ന് കഴിഞ്ഞ മാസം 31നാണ് തസ്ലീമിനെ ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയത്.
സെപ്റ്റംബറില്‍ കര്‍ണ്ണാടകയില്‍ ഒരു ജ്വല്ലറിയില്‍ കവര്‍ച്ച നടത്തിയതുമായി ബന്ധപ്പെട്ട് കര്‍ണ്ണാടക പൊലിസ് ഇയാളെ അറസ്റ്റു ചെയ്യുകയും കര്‍ണ്ണാടകയിലെ ജയിലില്‍ റിമാന്‍ഡിലാവുകയും ചെയ്തിരുന്നു. ജനുവരി 31 നു ജാമ്യം ലഭിച്ച് ഉച്ചയോടെ ജയിലില്‍ നിന്നിറങ്ങിയ ഇയാള്‍ സുഹൃത്തുക്കളോടൊപ്പം കാറില്‍ കാസര്‍കോട്ടേക്ക് യാത്ര തിരിക്കുന്നതിനിടയില്‍ മറ്റൊരു കാറിലെത്തിയ അക്രമിസംഘം തട്ടിക്കൊണ്ടുപോവുകയായിരുന്നു. സംഭവം സംബന്ധിച്ച് ഇയാളുടെ സഹോദരന് നെലോഗി പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.
തട്ടിക്കൊണ്ടുപോയ സംഘത്തെ കര്‍ണ്ണാടക ബണ്ട്വാളില്‍ വെച്ച് പൊലിസ് പിന്തുടരുന്നതിനിടെ കാറില്‍ തസ്ലീമിനെ കൊലപ്പെടുത്തി സംഘം കടന്നുകളയുകയായിരുന്നുവെന്നാണ് പൊലിസില്‍ നിന്നും ലഭിക്കുന്ന വിവരം. തസ്ലീം കൊല്ലപ്പെട്ടതായി കാസര്‍കോട് പൊലിസ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഒട്ടനവധി കേസുകളില്‍ പ്രതിയായ തസ്ലീമിന് ഏറെ ശത്രുക്കള്‍ ഉള്ളതായാണ് വിവരം.
ദുബൈയില്‍ റോയുടെയും ദുബൈ പൊലിസിന്റെയും ഇന്‍ഫോര്‍മറായി പ്രവര്‍ത്തിച്ചു വന്നിരുന്ന തസ്ലീമിനെ നേരത്തെ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സി ഡല്‍ഹിയിലെ ഒരു കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിനു ശേഷം കര്‍ണാടകയിലെ ഒരു ആര്.എസ്.എസ് നേതാവിനെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടെന്ന പേരില്‍
കസ്റ്റഡിയില്‍ എടുത്തിരുന്നെകിലും ഇരു സംസ്ഥാന പൊലിസും ഇയാളെ വിട്ടയച്ചിരുന്നു. ഇതിനു പിന്നാലെയാണ് അഫ്ഗാന് സ്വദേശിയുള്‍പെട്ട ഒരു ജ്വല്ലറി കവര്‍ച്ചാ കേസില്‍ ഇയാളെ അറസ്റ്റു ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."