കെല്‍സ അദാലത്ത് എട്ടിന്; കേസുകളില്‍ അഭിഭാഷകര്‍ ഹാജരായേക്കും
സ്വന്തം ലേഖകന്‍
കോഴിക്കോട്: കേരള ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ (കെല്‍സ)കേസുകള്‍ ബഹിഷ്‌കരിച്ചുള്ള അഭിഭാഷകരുടെ പ്രതിഷേധം ചില സ്ഥലങ്ങളില്‍ പിന്‍വലിച്ചതായി റിപ്പോര്‍ട്ട്. കേരളത്തിലെ വിവിധ ബാര്‍ അസോസിയേഷനുകളാണ് കേസുകളുമായി സഹകരിക്കേണ്ടെന്ന തീരുമാനമെടുത്തിരുന്നത്. എന്നാല്‍ ചിലര്‍ ഇതില്‍ നിന്നും പിന്‍മാറിയെന്നാണ് അറിയുന്നത്. കഴിഞ്ഞ രണ്ടുമാസത്തോളമായി ലീഗല്‍സര്‍വീസ് അതോറിറ്റിയുടെ കേസുകളും അദാലത്തുകളുമെല്ലാം ബഹിഷ്‌കരിക്കുന്ന നിലപാടിലായിരുന്നു അഭിഭാഷകര്‍.
സൗജന്യ നിയമസഹായം ആവശ്യമായസമൂഹത്തിലെ നിരവധി പേരാണ് ഇക്കാരണത്താല്‍ ദുരിതത്തിലായത്. സമൂഹത്തിലെ സാധുക്കള്‍ക്കും പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കും ഭരണഘടന ഉറപ്പുനല്‍കുന്ന നിയമപരമായ അവകാശങ്ങള്‍ ലഭ്യമാക്കുന്ന കേരള ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ കേസുകള്‍ ബഹിഷ്‌കരിക്കുകയെന്ന നടപടി വിവിധ ബാര്‍കൗണ്‍സിലുകളുടെ തീരുമാനപ്രകാരമായിരുന്നു.
താലൂക്ക് തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ലീഗല്‍സര്‍വീസ് അതോറിറ്റികളില്‍ ഇതോടെ പുതിയ കേസുകള്‍ സ്വീകരിക്കുന്നതിലും പഴയ കേസുകളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിലും ബുദ്ധിമുട്ടി. അതോറിറ്റിയുമായി നിലനില്‍ക്കുന്ന ചില അഭിപ്രായ വ്യത്യാസങ്ങളും അതോടൊപ്പം നഷ്ടപരിഹാരം കക്ഷികള്‍ക്ക് നേരിട്ട് ലഭിക്കുന്ന സംവിധാനം ഹൈക്കോടതി ഏര്‍പ്പെടുത്തിയതുമായിരുന്നു പ്രതിഷേധത്തിനാധാരം. അഭിഭാഷകരെ സമൂഹത്തില്‍ നിന്നും അകറ്റുന്നതും അവരുടെ ജോലിയെ ബാധിക്കുന്നതരത്തിലുമുള്ള ചില സമീപനങ്ങള്‍ ഉണ്ടാവുന്നതായാണ് പ്രതിഷേധത്തിന് കാരണമെന്നാണ് അഭിഭാഷകര്‍ വ്യക്തമാക്കുന്നത്.
കെല്‍സയുടേതടക്കമുള്ള ചില പ്രചാരണനോട്ടിസുകളില്‍ വക്കീല്‍വേണ്ട, ഫീസും വേണ്ട തുടങ്ങിയ ചില പ്രയോഗങ്ങള്‍ അഭിഭാഷകരെ ചൊടിപ്പിച്ചിരുന്നു. വാഹനാപകട ഇന്‍ഷുറന്‍സ് മേഖലയിലെ കേസുകളിലെ നഷ്ടപരിഹാരം നല്‍കുമ്പോള്‍ കക്ഷികളുടെ അകൗണ്ടിലേക്ക് നേരിട്ട് പണം നല്‍കിയാല്‍ മതിയെന്ന ഹൈകോടതിയുടെ നിര്‍ദേശമാണ് പ്രതിഷേധത്തിന്റെ പ്രധാന കാരണം. ഇത്തരം നിര്‍ദേശങ്ങള്‍ മറ്റ് നഷ്ടപരിഹാര കേസുകളിലേക്കും വ്യാപിപ്പിക്കുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. നാഷനല്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ നയങ്ങളും നിര്‍ദേശങ്ങളുമനുസരിച്ചാണ് ലോക് അദാലത്തുകളിലൂടെ ജനങ്ങള്‍ക്ക് സൗജന്യനിയമസഹായം നല്‍കുന്ന സംവിധാനമുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."