HOME
DETAILS
MAL
യു.പിയില്‍ വിശ്വഹിന്ദു മഹാസഭാ നേതാവ് കൊല്ലപ്പെട്ടു
backup
February 03 2020 | 03:02 AM
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ വിശ്വഹിന്ദു മഹാസഭാ നേതാവ് ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടു. സംഘടനയുടെ പ്രസിഡന്റ് രഞ്ജിത് ബച്ചനാണ് ഇന്നലെ രാവിലെ ആറരയോടെ പ്രഭാതസവാരിക്കിടെ വെടിയേറ്റ് മരിച്ചത്. ഇയാളുടെ കൂടെയുണ്ടായിരുന്ന ബന്ധുവിന് ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.
രഞ്ജിത് ബച്ചന്റെ ബന്ധു ആദിത്യ ശ്രീവാസ്തവയ്ക്കാണ് പരുക്കേറ്റിരിക്കുന്നത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ കൈയ്ക്കാണ് വെടിയേറ്റിരിക്കുന്നത്. ഇരുവരും രാവിലെ നടക്കാനിറങ്ങിയപ്പോള്‍ ഹസ്റത്ത്ഗഞ്ചില്വച്ചായിരുന്നു ആക്രമണം. ബൈക്കിലെത്തിയ അജ്ഞാതരാണ് വെടിവച്ചതെന്നും തലയില്‍ ഒന്നിലേറെ വെടിയേറ്റ രഞ്ജിത് ബച്ചന് സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചെന്നും പൊലിസ് വ്യക്തമാക്കി.
ഇദ്ദേഹത്തിന്റെ മൊബൈല്‍ ഫോണ്‍ അക്രമികള്‍ കൈക്കലാക്കിയതായും സൂചനയുണ്ട്. സംഭവസ്ഥലത്തുനിന്ന് തോക്ക് കണ്ടെടുത്തിട്ടുണ്ട്. വിശ്വഹിന്ദു മഹാസഭ രൂപീകരിക്കുന്നതിനു മുന്‍പ് സമാജ് വാദി പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചിരുന്നയാളായിരുന്നു രഞ്ജിത് ബച്ചന്. ഇദ്ദേഹം കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട കേസന്വേഷിക്കാന്‍ ആറംഗ പ്രത്യേക സംഘത്തെ നിയോഗിച്ചതായും പ്രതികളെ ഉടന്‍ പിടികൂടുമെന്നും ഉത്തര്‍പ്രദേശ് പൊലിസ് അറിയിച്ചു. സംഭവത്തെ തുടര്‍ന്നു നാലു പൊലിസുകാരെ സംസ്പെന്ഡ് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ഒക്ടോബറില്‍ തീവ്രഹിന്ദു പക്ഷത്തെ മറ്റൊരു നേതാവും സമാന സാഹചര്യത്തില്‍ യു.പിയില്‍ കൊല്ലപ്പെട്ടിരുന്നു. ഹിന്ദു സമാജ് പാര്‍ട്ടി നേതാവ് കമലേഷ് തിവാരിയായിരുന്നു സ്വന്തം വീട്ടില്‍വച്ചു വെടിയേറ്റ് കൊല്ലപ്പെട്ടത്. ഈ സംഭവത്തില്‍ രണ്ടുപേരെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."