HOME
DETAILS
MAL
പ്രകോപനം നിരന്തരം
backup
February 03 2020 | 03:02 AM
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരേ ഡല്‍ഹിയിലെ ഷഹീന്‍ബാഗില്‍ രണ്ടു മാസത്തോളമായി തുടരുന്ന സമാധാനപരമായി പ്രതിഷേധം ബി.ജെ.പിയുടെ ഉറക്കം കെടുത്തുന്നു. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഈയാഴ്ച നടക്കാനിരിക്കെ ഷഹീന്‍ബാഗിലെ സമരത്തിനു പിന്തുണ വര്‍ധിക്കുന്നതു പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ഇതോടെ, സമരക്കാര്‍ക്കുനേരെ ബി.ജെ.പി നേതാക്കളുടെ വാക് യുദ്ധം തുടരുന്നതിനോടൊപ്പം, അക്രമങ്ങളും അരങ്ങേറുകയാണ്.
കഴിഞ്ഞ ദിവസങ്ങളില്‍ രണ്ടു തവണയാണ് ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്കുനേരെ വെടിവയ്പുണ്ടായത്. ഇതില്‍ അറസ്റ്റിലായ രണ്ടുപേരും തീവ്ര ഹിന്ദു സംഘടനകളുടെ പ്രവര്‍ത്തകരാണ്. ഇന്നലെ ഷഹീന്‍ബാഗിലെ പ്രതിഷേധം നടക്കുന്ന പരിസരത്തെത്തിയ ചില സംഘ്പരിവാര്‍ അനുകൂലികള്‍ ഇവിടെ പ്രകോപനത്തിനു ശ്രമം നടത്തി. പ്രദേശത്തുള്ള പൊലിസുകാരോട് പ്രതിഷേധക്കാരെ ഒഴിപ്പിക്കാനും വെടിവച്ചിടാനും ആഹ്വാനം ചെയ്തായിരുന്നു ഹിന്ദു സേന എന്ന സംഘചനയുടെ പേരിലെത്തിയവരുടെ 'പ്രതിഷേധം'. എന്നാല്‍, ഇവരില്‍ അന്‍പതോളം പേരെ അറസ്റ്റ് ചെയ്തു നീക്കിയ പൊലിസ് പിന്നീട് വിട്ടയച്ചു.
പ്രദേശത്തു കനത്ത പൊലിസ് സുരക്ഷയുണ്ടായിട്ടും പ്രതിഷേധക്കാര്‍ക്കടുത്ത് നില്‍പ്പുറപ്പിച്ച ഇവര്‍ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കുകയും പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തുകയും ചെയ്തു. കഴിഞ്ഞ ദിവസം മറ്റു ചില ഹിന്ദു സംഘടനകളും ഷഹീന്‍ബാഗിലെ പ്രതിഷേധക്കാരെ നീക്കുമെന്നു പ്രചരിപ്പിച്ച് രംഗത്തെത്തിയിരുന്നു.
കഴിഞ്ഞ ദിവസം പ്രതിഷേധക്കാര്‍ക്കുനേരെ വെടിയുതിര്‍ത്ത കപില്‍ ഗുജ്ജാര്‍ എന്നയാളെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. അതിനു മുന്‍പ് ജാമിഅ മില്ലിയ്യയ്ക്കു മുന്‍പിലെ പ്രതിഷേധക്കാര്‍ക്കുനേരെ വെടിയുതിര്‍ത്തയാള്‍ക്കു പ്രായപൂര്‍ത്തിയായിട്ടില്ലെന്നാണ് അവകാശവാദം. യു.പിയില്‍നിന്നുള്ള ഇയാളെയും പൊലിസ് പിടികൂടിയിരുന്നു. ഇയാളും ഷഹീന്‍ബാഗ് ലക്ഷ്യംവച്ചാണ് ഡല്‍ഹിയിലെത്തിയതെന്നു പൊലിസ് വ്യക്തമാക്കിയിരുന്നു.
പൊലിസ് കമ്മിഷണറെ മാറ്റി
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരേ സമരം നടത്തുന്നവര്‍ക്കുനേരെ ഡല്‍ഹിയില്‍ രണ്ടിടങ്ങളില്‍ നടന്ന വെടിവയ്പിനെ തുടര്‍ന്നു സൗത്ത് ഈസ്റ്റ് ഡല്‍ഹി ഡെപ്യൂട്ടി പൊലിസ് കമ്മിഷണറെ മാറ്റി. തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഐ.പി.എസ് ഉദ്യോഗസ്ഥനായ ചിന്മയ് ബിസ്വാളിനെ മാറ്റിയത്. ആക്രമണങ്ങള്‍ നടത്താന്‍ ചില പാര്‍ട്ടികള്‍ പദ്ധതിയിടുന്നതായി ആരോപിച്ച് എ.എ.പി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനു പരാതി നല്‍കിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഡല്‍ഹിയിലെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ അവര്‍ പദ്ധതിയിടുന്നതായും പരാതിയില്‍ ആരോപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."