മുരളി പെരുനെല്ലി എംഎല്‍.എയ്‌ക്കെതിരായ പരാതി; കേന്ദ്ര ഇലക്ഷന്‍ കമ്മിഷന്‍ അന്വേഷിക്കും
വെങ്കിടങ്ങ്: മണലൂര്‍ സീറ്റില്‍ നിന്നും വിജയിച്ച മുരളി പെരുനെല്ലി എം.എല്‍.എ വ്യാജ സത്യവാങ്മൂലം നല്‍കിയെന്ന പരാതിയുടെ അന്വേഷണം കേന്ദ്ര ഇലക്ഷന്‍ കമ്മിഷന്. ഡി.സി.സി ജനറല്‍ സെക്രട്ടറിയും മണലൂര്‍ അസംബ്ലി മണ്ഡലത്തിലെ സമ്മതിദായകനുമായ വട്ടപറമ്പത്ത് സുരേഷ്‌കുമാറാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സമയത്ത് മുരളി പെരുനെല്ലി ജില്ലാ ലൈബ്രററി കൗണ്‍സില്‍ പ്രസിഡന്റായിരുന്നു. അലവന്‍സും മറ്റ് സര്‍ക്കാര്‍ ആനുകൂല്യങ്ങളും കൈപ്പറ്റിയിരുന്നുവെന്ന് സൂചിപ്പിക്കുന്ന വിവരാവകാശ രേഖയുടെ അടിസ്ഥാനത്തിലാണ് സുരേഷ്‌കുമാര്‍ പരാതി നല്‍കിയിട്ടുള്ളത്. ഇതെല്ലാം മറച്ചുവെച്ചാണ് തെരഞ്ഞെടുപ്പ് കമ്മിഷന് സത്യവാങ് മൂലം നല്‍കിയതെന്ന് ജില്ലാ കോടതിയിലെ അഭിഭാഷകന്‍ കൂടിയായ അരിമ്പൂര്‍ വട്ടപറമ്പത്ത് സുരേഷ്‌കുമാര്‍ പരാതിയില്‍ പറയുന്നു. ഐ.പി.സി 177, 181,182 വകുപ്പുകള്‍ പ്രകാരം മുരളി പെരുനെല്ലി ചെയ്തത് തെറ്റാണെന്നാണ് പരാതിയില്‍ പറയുന്നത്
ലൈബ്രററി കൗണ്‍സില്‍ പ്രസിഡന്റിന്റെ പ്രതിമാസഅലവന്‍സ് 2500 രൂപയും യാത്രാപ്പടി 1470 രൂപയും ലഭിക്കുമെന്നാണ് ലൈബ്രററി കൗണ്‍സില്‍ നല്‍കിയ വിവരാവകാശ രേഖയില്‍ വ്യക്തമാക്കുന്നത്. 2015 മുതല്‍ മുരളി പെരുനെല്ലി പ്രസിഡന്റാണ്. 2016ലാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്. ഫെബ്രുവരി ആദ്യ വാരത്തിലാണ് തെരഞ്ഞെടുപ്പ് കമ്മിഷന് സുരേഷ്‌കുമാര്‍ പരാതി നല്‍കിയത്. പരാതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് കൈമാറിയതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഓഫിസില്‍ നിന്നും സുരേഷ്‌കുമാറിന് അറിയിപ്പ് ലഭിച്ചു.
എന്നാല്‍ പരാതി നല്‍കിയത് അറിഞ്ഞിരുന്നുവെന്നും, തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഓഫിസില്‍ നിന്നും പരാതിയെക്കുറിച്ച് വിശദീകരണം തേടിയിട്ടില്ലെന്നും മുരളി പെരുനെല്ലി എം.എല്‍.എ. പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."