അഭിമന്യുവിന്റെ സ്വപ്നങ്ങള്‍ക്ക് സാക്ഷാത്കാരം; മുഖ്യമന്ത്രി വീടിന്റെ താക്കോല്‍ കൈമാറി
വട്ടവട (ഇടുക്കി): മഹാരാജാസ് കോളജ് കാംപസില്‍ കൊല്ലപ്പെട്ട എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ കുടുംബത്തിന് വേണ്ടി സി.പി.എം ഇടുക്കി ജില്ലാ കമ്മിറ്റി നിര്‍മിച്ച വീട് മുഖ്യമന്ത്രി പിണറായി വിജയന്‍ കൈമാറി. അഭിമന്യുവിന്റെ പിതാവും മാതാവും വീടിന്റെ താക്കോല്‍ ഏറ്റുവാങ്ങി. ദുഃഖം താങ്ങാനാകാതെ വേദിയില്‍ പൊട്ടിക്കരഞ്ഞ അഭിമന്യുവിന്റെ അമ്മയെ മുഖ്യമന്ത്രി ആശ്വസിപ്പിക്കുന്നതിനിടെ തലചുറ്റിവീണു. കൊട്ടക്കാമ്പൂരില്‍ ചേര്‍ന്ന പൊതുസമ്മേളനത്തിലാണ് താക്കോല്‍ കൈമറിയത്. ആയിരങ്ങളാണ് ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ എത്തിയിരുന്നത്.
2018 ജൂലൈ രണ്ടിന് പുലര്‍ച്ചെയാണ് മഹാരാജാസ് കോളജ് രണ്ടാംവര്‍ഷ രസതന്ത്ര ബിരുദ വിദ്യാര്‍ഥിയായിരുന്ന അഭിമന്യു കൊല്ലപ്പെട്ടത്. കുടുംബത്തെ നിലനിര്‍ത്താനും അഭിമന്യുവിന്റെ ആഗ്രഹമായിരുന്ന വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കാനും സഹോദരിയുടെ വിവാഹം നടത്താനും സി.പി.എം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഫണ്ട് സമാഹരണം നടത്തി. അഭിമന്യുവിന്റെ കുടുംബത്തിന് വീട്‌വയ്ക്കാന്‍ പത്തര സെന്റ്സ്ഥലം വാങ്ങി. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ശിലാസ്ഥാപനം നടത്തി. സമയബന്ധിതമായി നിര്‍മാണം പൂര്‍ത്തിയാക്കിയാണ് ഇന്നലെ ഭവനം കുടുംബത്തിന് കൈമാറിയത്. സഹോദരിയുടെ വിവാഹവും ഇതിനകം കഴിഞ്ഞിരുന്നു.
ആകെ 72,12,548 രൂപയാണ് സമാഹരിച്ചത്. ബാങ്ക് പലിശയിനത്തില്‍ 53,609 രൂപയും ലഭിച്ചു. വീടിനും സ്ഥലത്തിനുമായി 38,90,750 രൂപ ചെലവായി. സഹോദരിയുടെ വിവാഹത്തിന് 10,00,100 രൂപയും മാതാപിതാക്കളുടെ ജീവിതത്തിനായി സ്ഥിര നിക്ഷേപമായി 23,75,307 രൂപയും ബാങ്കില്‍ നിക്ഷേപിച്ചിട്ടുള്ളതായും സിപിഎം ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രന്‍ പറഞ്ഞു. വട്ടവടയിലെ ഒറ്റമുറി വീട്ടില്‍ അരപ്പട്ടിണിയോട് പൊരുതിപ്പഠിച്ച അഭിമന്യുവിന്റെ സ്വപ്നങ്ങള്‍ പാര്‍ട്ടി ഏറ്റെടുക്കുകയായിരുന്നു.
ചിത്രം--അഭിമന്യുവിന്റെ വീടിന്റെ താക്കോല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കൈമാറുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."