കൊറോണ വൈറസ്: നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കായി മാനസികാരോഗ്യ പരിപാടിയുമായി ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ആശുപത്രിയിലും വീടുകളിലും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കായി ആരോഗ്യ വകുപ്പ് മാനസികാരോഗ്യ പരിപാടി ആരംഭിച്ചു. വീട്ടിലും ആശുപത്രിയിലും കഴിയുന്നവര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും ഉള്ള ആശങ്ക കണക്കിലെടുത്താണ് മാനസികാരോഗ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
ടെന്‍ഷന്‍, വിഷമം, ഉത്കണ്ഠ, ഉറക്കക്കുറവ് എന്നിവ പരിഹരിക്കുകയാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം. സംസ്ഥാനത്ത് 178 മാനസികാരോഗ്യവിദഗ്ധരെയാണ് സജ്ജമാക്കിയിട്ടുള്ളത്. നിരീക്ഷണത്തിലുള്ള ഓരോരുത്തരുമായും വിദഗ്ധര്‍ ബന്ധപ്പെടുന്നുണ്ട്. എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ ഉള്ളവര്‍ക്ക് അതിനുള്ള പരിഹാരമാര്‍ഗങ്ങളും ചികിത്സയും നിര്‍ദേശിക്കുകയും ചെയ്യും. കുടുംബാംഗങ്ങള്‍ക്കും കൗണ്‍സലിംഗ് നല്‍കും.
കൊറോണ ബാധിത പ്രദേശങ്ങളില്‍നിന്നു വന്നവര്‍ നിര്‍ബന്ധമായും 28 ദിവസം വീട്ടിലെ നിരീക്ഷണത്തില്‍ കഴിയണം. വീട്ടില്‍ കല്യാണം പോലുള്ള പൊതുപരിപാടികള്‍ നടത്തരുത്. ഇതിലൂടെ സ്വന്തം സുരക്ഷയും നാടിന്റെ സുരക്ഷയുമാണ് നിര്‍വഹിക്കുന്നത്. കുടുംബത്തെ ഒരുതരത്തിലും വേദനിപ്പിക്കാന്‍ പാടില്ല. വ്യാജ പ്രചാരണങ്ങള്‍ നടത്തരുത്. നന്നായി വിശ്രമിച്ച് ഐസൊലേഷന്‍ ചികിത്സയില്‍ കഴിഞ്ഞാല്‍ അവരുടേയും മറ്റുള്ളവരുടേയും ജീവന്‍ രക്ഷിക്കാന്‍ സാധിക്കും തുടങ്ങിയ കാര്യങ്ങളെല്ലാം പരിപാടിയുടെ ഭാഗമായി ബോധവത്കരിക്കും.
സംസ്ഥാന അടിസ്ഥാനത്തില്‍ ദിശ ഹെല്‍പ് ലൈന്‍ 1056, 0471 255 2056 എന്നീ നമ്പരുകളില്‍ 24 മണിക്കൂറും ലഭ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."