റോഡു പണിക്ക് 1.75 കോടി: മന്ത്രി ഇ.പി ജയരാജന്‍
കണ്ണൂര്‍: ജില്ലയ്ക്ക് മഴക്കാല പൂര്‍വ-മഴക്കാല പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൊതുമരാമത്ത് റോഡ് വിഭാഗത്തിന് 1.75 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി ഇ.പി ജയരാജന്‍. അറ്റകുറ്റപ്പണികള്‍, ഓവുചാല്‍ വൃത്തിയാക്കല്‍, കുഴികള്‍ അടക്കല്‍, അപകട ഭീഷണിയുള്ള മരങ്ങളുടെ ശാഖകള്‍ മുറിക്കല്‍ എന്നിവ നടത്താനാണ് തുക വിനിയോഗിക്കുക. കാലവര്‍ഷം ശക്തിപ്പെടുന്നതിനു മുമ്പുള്ള പൊതുമരാമത്ത് പ്രവര്‍ത്തനങ്ങള്‍ ആലോചിക്കാന്‍ കലക്ടറേറ്റില്‍ ചേര്‍ന്ന പൊതുമരാമത്ത് അധികൃതരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയിലെ ദേശീയപാത പൊതുമരാമത്ത് റോഡുകള്‍ അടിയന്തിരമായി അറ്റകുറ്റപ്പണി നടത്തണം. ഓവുചാലുകള്‍ പലസ്ഥലത്തും ഫലപ്രദമല്ല. ഇവ മാലിന്യനിക്ഷേപ കേന്ദ്രമാവുകയാണ്. അനധികൃതമായി പി.ഡബ്ല്യു.ഡി റോഡുകള്‍ കൈയ്യേറുന്നത് അനുവദിക്കരുത്. എല്ലാ റിപ്പയര്‍ ജോലികളും പരിശോധിച്ച് റിപ്പോര്‍ട്ട് ചെയ്യണം. അതത് പ്രദേശത്തെ റോഡുകള്‍ മോശമായാല്‍ ബന്ധപ്പെട്ട അസി.എന്‍ജിനീയര്‍മാര്‍ക്കായിരിക്കും ഉത്തരവാദിത്വമെന്നും മന്ത്രി പറഞ്ഞു. ബജറ്റില്‍ ഉള്‍പ്പെടുത്തേണ്ട വര്‍ക്കുകള്‍, പുതിയ നിര്‍ദ്ദേശങ്ങള്‍ എന്നിവ പെട്ടെന്ന് തയാറാക്കി നല്‍കാന്‍ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. കലക്ടര്‍ പി ബാലകിരണ്‍ അധ്യക്ഷനായി. പി.ഡബ്ല്യു.ഡി റോഡ്‌സ് എക്‌സി.എന്‍ജിനീയര്‍ ഇ.ജി വിശ്വപ്രകാശ്, എന്‍.എച്ച് എക്‌സി.എന്‍ജിനീയര്‍ പി.കെ മിനി, ബില്‍ഡിങ്‌സ് എക്‌സി.എന്‍ജിനീയര്‍ ടി.എസ് മിനി, കെ.എസ്.ടി.പി അസി.എക്‌സി.എന്‍ജിനീയര്‍ ദേവേശന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."