ഭഗീരഥ പ്രയത്‌നം
തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും പ്രായമുള്ള വിദ്യാര്‍ഥിയായി 105 വയസുകാരി ഭഗീരഥിയമ്മ. സാക്ഷരതാ മിഷന്റെ നാലാംതരം തുല്യതാ പരീക്ഷ വിജയിച്ചതിലൂടെ രാജ്യത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തില്‍ പുതിയൊരു അധ്യായമാണ് ഭഗീരഥിയമ്മ എഴുതിച്ചേര്‍ത്തത്.
കൊല്ലം ജില്ലയിലെ തൃക്കരുവാ പഞ്ചായത്തിലെ പ്രാക്കുളം സ്വദേശിനി ഭഗീരഥിയമ്മ 275 മാര്‍ക്കില്‍ 205 മാര്‍ക്ക് നേടി 74.5 ശതമാനം മാര്‍ക്കോടെയാണ് വിജയിച്ചത്. മലയാളം, നമ്മളും നമുക്ക് ചുറ്റും, ഇംഗ്ലീഷ്, ഗണിതം എന്നിങ്ങനെ നാല് വിഷയങ്ങളിലായിരുന്നു പരീക്ഷ. ഇതില്‍ ഇംഗ്ലീഷിന് 50, മറ്റ് വിഷയങ്ങള്‍ക്ക് 75 എന്നിങ്ങനെ 275 ആണ് മൊത്തം മാര്‍ക്ക്.
ഇംഗ്ലീഷിന് 15ഉം മറ്റു വിഷയങ്ങളില്‍ 30 എന്നിങ്ങനെയാണ് ജയിക്കാനുള്ള ശരാശരി മാര്‍ക്ക്. ഇതില്‍ കണക്കിന് മുഴുവന്‍ മാര്‍ക്കും ഭഗീരഥിയമ്മ നേടി. നമ്മളും നമുക്ക് ചുറ്റും, മലയാളം വിഷയങ്ങളില്‍ 50 വീതവും ഇംഗ്ലീഷിന് 50ല്‍ 30 മാര്‍ക്കും നേടിയിരുന്നു. വിജയ വാര്‍ത്തയറിഞ്ഞ് സാക്ഷരതാ മിഷന്‍ ഡയരക്ടര്‍ ഡോ.പി.എസ് ശ്രീകല ഭഗീരഥിയമ്മയെ വീട്ടിലെത്തി അഭിനന്ദിച്ചു. ആറു മക്കളും 16 കൊച്ചുമക്കളുമൊക്കെയായി അഞ്ചാംതലമുറയ്‌ക്കൊപ്പമാണ് ഭഗീരഥിയമ്മയുടെ ജീവിതയാത്ര.
സംസ്ഥാനത്ത് 11,593 പേരാണ് നാലാംതരം തുല്യതാ പരീക്ഷയെഴുതിയത്. ഇതില്‍ 10012 പേര്‍ വിജയിച്ചു. വിജയശതമാനം 86. വിജയിച്ചവരില്‍ 9456 സ്ത്രീകള്‍. പത്തനംതിട്ട ജില്ല നൂറുശതമാനം വിജയം നേടി. ഇവിടെ പരീക്ഷയെഴുതിയ 385 പേരും വിജയിച്ചു.
സാക്ഷരതാ മിഷന്‍ 2018ല്‍ നടത്തിയ ' അക്ഷരലക്ഷം' സാക്ഷരതാ പരീക്ഷയില്‍ 96കാരി കാര്‍ത്യായനി അമ്മ നൂറില്‍ 98 മാര്‍ക്ക് വാങ്ങി ഉജ്വല വിജയം നേടിയത് ഏറെ ശ്രദ്ധേയമായിരുന്നു. രാജ്യത്തുതന്നെ സാക്ഷരതാ പരീക്ഷ വിജയിക്കുന്ന ഏറ്റവും പ്രായമുള്ള പഠിതാവെന്ന നിലയില്‍ ആഗോള ശ്രദ്ധപിടിച്ചു പറ്റിയ കാര്‍ത്യായനി അമ്മയെ കോമണ്‍വെല്‍ത്ത് പ്രതിനിധികള്‍ ഹരിപ്പാട് ചേപ്പാടുള്ള വീട്ടിലെത്തി ആദരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."