കുടിവെള്ളമില്ല; വീട്ടമ്മമാര്‍ ഒളവണ്ണ പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചു
കുന്നത്ത്പാലം: ഒളവണ്ണ ഗ്രാമപഞ്ചായത്തില്‍ കടുത്ത ശുദ്ധജല ക്ഷാമം നേരിടുന്ന ഒട്ടുമ്പ്ര, പള്ളിക്കടവ് പ്രദേശവാസികളാണ് പ്രദേശത്തെ കനിവ് റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്ത് ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയത്. വര്‍ഷങ്ങളായി തുടരുന്ന കുടിവെള്ള പ്രശ്നങ്ങള്‍ക്ക് മുഖം തിരിഞ്ഞു നില്‍ക്കുകയാണ് അധികൃതരെന്ന് ആരോപിച്ചായിരുന്നു മാര്‍ച്ച്. പ്രദേശവാസികളുമായി ഒരു ചര്‍ച്ച പോലും നടത്താന്‍ പഞ്ചായത്ത് മുന്നോട്ട് വരുന്നില്ല എന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അസോസിയേഷന് ജനറല്‍ സെക്രട്ടറി പി. രാജേഷ് മേനോന് പറഞ്ഞു. കുടിവെള്ള ക്ഷാമം നേരിടുന്ന 200ല്‍ അധികമുള്ള കുടുംബങ്ങള്‍ക്ക് ശുദ്ധജലം ലഭ്യമാക്കാനാവശ്യമായ നടപടികള്‍ അടിയന്തിരമായി ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുന്‍കൂട്ടി നോട്ടിസ് നല്‍കിയിരുന്നെങ്കിലും ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും പ്രസിഡന്റും സ്ഥലത്ത് ഇല്ലായിരുന്നു. തുടര്‍ന്ന് 100ല്‍ ഏറെ സ്ത്രീകളുമടങ്ങുന്ന സമരക്കാര്‍ പഞ്ചായത്തിന്റെ ഓഫിസ് കവാടം ഉപരോധിച്ചതോടെ പൊലിസ് സ്ഥലത്തെത്തി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.
ബാബു വാക്കത്ത്, ബഷീര്‍ ചെറിയോത്ത്, ജിന്‍സി ടി, ബിന്ദു ടി, തങ്കമണി എം, പ്രദീപ് കുമാര്‍ ടി. സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."