എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി ഓഫിസ് ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും
കൊട്ടാരക്കര: കൊട്ടാരക്കരയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി ഓഫിസ് ഉടന്‍ പ്രവര്‍ത്തനം തുടങ്ങും. റോഡപകടങ്ങള്‍ കുറയ്ക്കുന്നതിന് രൂപം നല്‍കിയ സേഫ് കേരള പദ്ധതി കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് മോട്ടോര്‍ വാഹന വകുപ്പില്‍ 10 ആര്‍.ടി.ഒ തസ്തികകള്‍ അനുവദിച്ചതില്‍ ജില്ലയ്ക്ക് ലഭിച്ച ഓഫിസാണ് കൊട്ടാരക്കരയില്‍ പ്രവര്‍ത്തിക്കുക.
പുനലൂര്‍ ജോ.ആര്‍.ടി.ഒ ആയിരുന്ന ഡി. മഹേഷിനെ പ്രൊമോഷനിലൂടെ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ ആയി നിയമിച്ചിട്ടുണ്ട്. കൊട്ടാരക്കര മിനി സിവില്‍ സ്റ്റേഷനില്‍ ഓഫിസ് പ്രവര്‍ത്തനത്തിന് ആവശ്യമായ സ്ഥലം അനുവദിക്കും. മിനി സിവില്‍ സ്റ്റേഷന്റെ രണ്ടാംഘട്ട നിര്‍മാണങ്ങളുടെ കൂട്ടത്തിലാണ് ഓഫിസിന് സ്ഥലം അനുവദിക്കുക. അതുവരെ കൊട്ടാരക്കര ജോ.ആര്‍.ടി ഓഫിസിനോട് അനുബന്ധിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ ഓഫിസും പ്രവര്‍ത്തിപ്പിക്കാനാണ് ആലോചന. വെഹിക്കിള്‍ ഇന്‍സ്പക്ടര്‍മാര്‍, അസി.വെഹിക്കള്‍ ഇന്‍സ്പക്ടര്‍മാര്‍, ഓഫിസ് സ്റ്റാഫുകള്‍, വാഹനം എന്നിവയും ഉടന്‍ അനുവദിക്കും.
നിലവില്‍ ശബരിമല ഡ്യൂട്ടിയിലുള്ള ഡി. മഹേഷ് സ്ഥലത്തെത്തി പി.ഐഷാ പോറ്റി എം.എല്‍.എയുമായി കൂടിയാലോചന നടത്തിയ ശേഷമാകും ഓഫിസ് പ്രവര്‍ത്തനം തുടങ്ങുന്നതിന്റെ തീരുമാനങ്ങള്‍ക്ക് ധാരണയുണ്ടാക്കുക. എം.സി റോഡും ദേശീയപാതയും സംഗമിക്കുന്ന കൊട്ടാരക്കരയില്‍ അപകടങ്ങള്‍ ഏറിവരുന്നതായാണ് ബന്ധപ്പെട്ട വകുപ്പുകള്‍ നല്‍കിയ റിപ്പോര്‍ട്ട്. രണ്ട് ദിവസം മുന്‍പ് കൊട്ടാരക്കരയ്ക്ക് അടുത്തുള്ള ആയൂരില്‍ ആറു പേര്‍ അപകടത്തില്‍ മരണപ്പെടുകയുമുണ്ടായി. വാഹന അപകടങ്ങള്‍ക്ക് കുറവുവരുത്തന്ന വിധം ക്രമീകരണങ്ങളുണ്ടാക്കാനും വാഹന പരിശോധനകള്‍ കര്‍ശനമാക്കുവാനും എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി ഓഫിസ് എത്തുന്നതോടെ കഴിയുമെന്നാണ് കണക്കുകൂട്ടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."