സുനിമാരില്‍ അവസാനിക്കുന്ന കേസുകള്‍
നല്ലവരായ ഒരുപാടു മനുഷ്യര്‍ ജീവിച്ചയിടമാണു മലയാള ചലച്ചിത്രലോകം. ശുദ്ധരില്‍ ശുദ്ധനായ പ്രേംനസീറായിരുന്നു ദീര്‍ഘകാലം മലയാളസിനിമയുടെ മുഖം. തട്ടിപ്പും വെട്ടിപ്പും തരികിടയും എന്തെന്നറിയാതെ സിനിമയ്ക്കുവേണ്ടി മാത്രം ജീവിച്ച പ്രശസ്തരും അല്ലാത്തവരുമായ നിരവധിയാളുകള്‍ വേറെയും. ധനാര്‍ത്തിയെന്ന വാക്ക് അവര്‍ക്ക് അന്യമായിരുന്നു.
സ്വജീവിതം മറന്നു കലയ്ക്കുവേണ്ടി സ്വയമര്‍പ്പിച്ച അവര്‍ മഴപെയ്താല്‍ ചോരുന്ന വീടുകളില്‍ കഴിയുന്ന നീലിപ്പുലയിമാരെപ്പോലുള്ള പട്ടിണിപ്പാവങ്ങളുടെ ജീവിതം അഭ്രപാളിയില്‍ പകര്‍ത്തി. സാധാരണമനുഷ്യരുടെ ജീവിതം പകര്‍ന്നാടി. അതില്‍നിന്നു കിട്ടിയ ചെറിയവരുമാനംകൊണ്ടു തൃപ്തിപ്പെട്ടും അതു സഹജീവികള്‍ക്കുകൂടി പങ്കുവയ്ക്കുകയും ചെയ്തു. സ്‌ക്രീനില്‍ തിളങ്ങിനിന്ന പലര്‍ക്കും അവസാനകാലത്തു പട്ടിണിയും പരിവട്ടവുമായിരുന്നു മിച്ചം.
കാലംമാറിയപ്പോള്‍ ചലച്ചിത്രലോകവും ഏറെ മാറി. സിനിമ കലയെന്നനിലയില്‍നിന്നു വമ്പന്‍ ബിസിനസായി രൂപാന്തരം പ്രാപിച്ചു. കള്ളപ്പണം വാരിയെറിഞ്ഞ് അതു പതിന്‍മടങ്ങായി കൊയ്‌തെടുക്കാനുള്ള ഇടമായി സിനിമ മാറി. പണക്കൊയ്ത്തിന്റെ കഴുത്തറുപ്പന്‍ മത്സരത്തിനു മനുഷ്യത്വവും സര്‍ഗാത്മകതയുമൊക്കെ വഴിമാറി. പെണ്‍വാണിഭവും മയക്കുമരുന്നുമടക്കം എല്ലാവിധ അധാര്‍മികതകളും അവിടെ കുടിയേറി.
അതിജീവനമത്സരത്തിലെ അനിവാര്യതയെന്ന നിലയില്‍ ഗുണ്ടാ- മാഫിയാസംഘങ്ങളും സിനിമാവ്യവസായത്തിന്റെ അരികുകളില്‍ ഇടംനേടി. നിയമവിരുദ്ധ പണമിടപാടുകള്‍ നിലനിര്‍ത്താനും അതിലെ തര്‍ക്കങ്ങളില്‍ തീര്‍പ്പുണ്ടാക്കാനും ശത്രുക്കളെ അടിച്ചൊതുക്കാനും തിയറ്ററുകളില്‍പോയി കൂവിയും മറ്റും എതിരാളികളുടെ സിനിമ പരാജയപ്പെടുത്താനും ഗുണ്ടകളെ ഉപയോഗപ്പെടുത്തുന്നതു നടപ്പുരീതിയായി. ഈ ജീര്‍ണതയുടെ പ്രതിഫലനങ്ങളിലൊന്നു മാത്രമാണു കൊച്ചിയില്‍ പ്രമുഖ നടി അതിനീചമായി ആക്രമിക്കപ്പെട്ട സംഭവം.
വലിയ ജനശ്രദ്ധ നേടുന്ന സ്ത്രീപീഡനക്കേസുകളില്‍ പതിവുള്ള വിവാദങ്ങളുടെയും ഊഹങ്ങളുടെയും കിംവദന്തികളുടെയുമൊക്കെ അകമ്പടി ഈ കേസിനുമുണ്ടാകുന്നതു സ്വാഭാവികം. എന്നാല്‍, അതിനൊക്കെയിടയില്‍ ഉയരുന്ന ചില സംശയങ്ങള്‍ തള്ളിക്കളയാനുമാവില്ല. നേരും നെറിയും ഒട്ടുമില്ലാത്തൊരു രംഗമാണ് ഇന്നത്തെ മലയാളചലച്ചിത്രലോകം. അധാര്‍മിക,സാമ്പത്തിക ഇടപാടുകളും പരസ്പരമുള്ള ഒതുക്കലുകളും പാരവയ്പുമൊക്കെ അവിടെ പതിവായതിനാല്‍ കൃത്യം നടപ്പാക്കിയ പള്‍സര്‍ സുനിക്കും വിജീഷിനുമൊക്കെ പിന്നില്‍ ചില വലിയ കൈകളുണ്ടെന്ന സംശയങ്ങള്‍ എളുപ്പത്തില്‍ തള്ളിക്കളയാനാവില്ല. സാഹചര്യത്തെളിവുകള്‍ നാട്ടുകാരുടെ സാമാന്യയുക്തിയില്‍ ചില ചോദ്യങ്ങളുയര്‍ത്തുന്നുണ്ട്. അതുകൊണ്ടുതന്നെ കേസ് എവിടെച്ചെന്നു നില്‍ക്കുമെന്നറിയാന്‍ കാത്തിരിക്കുകയാണു നാട്ടുകാര്‍.
എന്നാല്‍, വന്‍തോക്കുകള്‍ ആസൂത്രണം ചെയ്യുന്ന ക്രൂരമായ കുറ്റകൃത്യങ്ങളുടെ കേസ് ഫയലുകള്‍ സുനിമാരില്‍ അവസാനിക്കുകയെന്നതാണു കേരളത്തിലെ നാട്ടുനടപ്പ്. കൂടിവന്നാല്‍ ക്വട്ടേഷന്‍ ഇടപാടിനു താഴേത്തട്ടില്‍ ഇടനിലക്കാരായവരില്‍ വരെ അത് എത്തിയേക്കാം. അതിനപ്പുറത്തേക്കു കടക്കില്ല. കൊടിയെന്നോ പള്‍സറെന്നോ ഒക്കെ വിളിപ്പേരുള്ള സുനിമാരുടെ റോള്‍ ഉപകരണങ്ങളുടേതു മാത്രമാണ്. കുറ്റകൃത്യങ്ങളുടെ തുടക്കം അവരില്‍ നിന്നല്ല.
ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികള്‍ക്കു ക്വട്ടേഷന്‍ തുക നല്‍കാനും അവരുടെ കേസ് നടത്താനും ജയിലില്‍ സുഖസൗകര്യങ്ങളൊരുക്കാനും അവരുടെ കുടുംബങ്ങളുടെ ജീവിതച്ചെലവു വഹിക്കാനുമൊക്കെയായി ഇതുവരെ ചെലവഴിക്കപ്പെട്ട തുകയുടെ വലുപ്പം നോക്കിയാല്‍ ഒരു കാര്യം വ്യക്തമാണ്. ഗുണ്ടകളോടൊപ്പം കേസിലകപ്പെട്ട പ്രാദേശികനേതാക്കള്‍ മാത്രം വിചാരിച്ചാല്‍ സംഘടിപ്പിക്കാവുന്ന തുകയല്ല ഇത്. ഏറെ ഉയരത്തിലുള്ള എവിടെയോ നിന്നാണ് അതെത്തുന്നത്.
പ്രതികളെ ശിക്ഷ ഇളവു നല്‍കി തടവില്‍നിന്നു വിട്ടയക്കാനുള്ള വ്യഗ്രതയും ഇതിനോടു ചേര്‍ത്തുവായിക്കാം. നടിക്കെതിരായ ആക്രമണം ആസൂത്രണം ചെയ്തവര്‍ സിനിമാരംഗത്തെ 'പെരിയ മനിതര്‍കള്‍' ആണെന്ന സൂചന ശക്തമാണ്. ചേരിഭേദമില്ലാതെ രാഷ്ട്രീയാധികാരകേന്ദ്രങ്ങളെയും സിനിമാവ്യവസായത്തെയും ബന്ധിപ്പിക്കുന്ന കരുത്തേറിയ പാലങ്ങളുമുണ്ട്. അതുകൊണ്ടു കേസില്‍ എന്തും സംഭവിക്കാം.
കേസ് ഉന്നതരിലെത്തുമെന്ന ആശങ്കയ്ക്ക് അറിഞ്ഞോ അറിയാതെയോ ബലംപകരുന്ന തരത്തിലുള്ള പ്രസ്താവന കഴിഞ്ഞദിവസം മുഖ്യമന്ത്രി നടത്തിയിട്ടുമുണ്ട്. സംഭവം മുഖ്യപ്രതിയുടെ ആസൂത്രണം മാത്രമാണെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം അന്വേഷണത്തിന്റെ പ്രാരംഭഘട്ടത്തില്‍തന്നെ കേസില്‍ തീര്‍പ്പുകല്‍പിക്കുന്ന തരത്തിലായിപ്പോയി.
അന്വേഷണത്തിനും വാദപ്രതിവാദങ്ങള്‍ക്കുമൊടുവില്‍ കോടതി ചെയ്യേണ്ട കാര്യം തുടക്കത്തില്‍തന്നെ ഭരണാധികാരി ചെയ്യുന്നതു സദുദ്ദേശപരമായാല്‍പോലും അതില്‍ നാട്ടുകാര്‍ നിക്ഷിപ്തതാല്‍പര്യം കണ്ടെത്തിയാല്‍ അവരെ കുറ്റപ്പെടുത്താനാവില്ല.
മറ്റൊരപകടം കൂടി ഇതിലുണ്ടെന്നു മുഖ്യമന്ത്രി ഓര്‍ത്തുകാണില്ല. കേസ് പള്‍സര്‍ സുനിയില്‍ അവസാനിപ്പിക്കാനാണു മുഖ്യമന്ത്രിക്കു താല്‍പര്യമെന്ന് ഈ പരാമര്‍ശത്തില്‍നിന്ന് അന്വേഷണോദ്യോഗസ്ഥര്‍ വായിച്ചെടുത്താല്‍ കേസ് വഴിതെറ്റാന്‍ സാധ്യതയേറെയാണ്. മുഖ്യമന്ത്രിയുടെ താല്‍പര്യങ്ങളുടെ പരിധി ലംഘിക്കാനുള്ള ആര്‍ജവം സാധാരണഗതിയില്‍ ഒരു പൊലിസുകാരനുമുണ്ടാവില്ല.
*** *** ****
കേരളം സദാചാര ഗുണ്ടായിസം ചര്‍ച്ചചെയ്യുന്നതിനിടയിലാണു നടിക്കു നേരെയുള്ള ആക്രമണമുണ്ടായത്. തൊട്ടുപിറകെ സദാചാരാക്രമണത്തിനിരയായ യുവാവിന്റെ ആത്മഹത്യയും നാടിനെ നടുക്കി. മാധ്യമങ്ങളുടെയും രാഷ്ട്രീയക്കാരുടെയും പ്രതികരണക്കാരുടെയുമൊക്കെ ശ്രദ്ധ പൂര്‍ണമായി ഇതിലേക്കൊക്കെ തിരിഞ്ഞപ്പോള്‍ അതീവസങ്കടകരമായ വാര്‍ത്ത ഒട്ടും പ്രാധാന്യം നേടാതെ പോയി.
ഹരിപ്പാട് ചെറുതന കാരിച്ചാല്‍ ആലുംമൂട്ടില്‍ വടക്കതില്‍ ബൈജുവിന്റെ മകളായ അനശ്വരയെന്ന പതിനേഴുകാരിയുടെ ആത്മഹത്യ. പട്ടിണിയും ദാരിദ്ര്യവും സഹിക്കാതെയാണ് ആ കുട്ടി ആറ്റില്‍ച്ചാടി മരിച്ചത്. അനശ്വരയുടെ കുടുംബത്തിനു സ്വന്തമായി വീടില്ല. മാതാപിതാക്കള്‍ ഹൃദ്രോഗികള്‍. സഹോദരന്‍ വൃക്കരോഗിയും. ദിവസങ്ങളോളം പട്ടിണിയിലായിരുന്നു ആ കുടുംബം. മനുഷ്യര്‍ പട്ടിണിയില്‍നിന്ന് ആത്മഹത്യയിലേക്കു രക്ഷപ്പെടേണ്ട അവസ്ഥയിലാണ് ഇന്നും ദൈവത്തിന്റെ സ്വന്തം നാട്.
ജനതയെ മോഹിപ്പിക്കുന്ന ഒട്ടേറെ വാഗ്ദാനങ്ങളുമായി സംസ്ഥാനസര്‍ക്കാരിന്റെ നയം ഗവര്‍ണര്‍ നിയമസഭയില്‍ പ്രഖ്യാപിച്ച ദിനത്തില്‍തന്നെയാണ് ഈ പെണ്‍കുട്ടി ജീവന്‍വെടിഞ്ഞത്. ഇതിനേക്കാള്‍ വലിയ പ്രഖ്യാപനങ്ങളുമായി സംസ്ഥാന ബജറ്റ് വരാനിരിക്കുന്നു. ശബരിമല വിമാനത്താവളത്തിനു സര്‍ക്കാര്‍ തത്വത്തില്‍ അംഗീകാരം നല്‍കിയത് ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ്. തീരദേശപാതയടക്കമുള്ള മറ്റു വന്‍കിടപദ്ധതികള്‍കൂടി നടപ്പാക്കി കേരളത്തെ വികസിപ്പിച്ചേ അടങ്ങൂവെന്ന വാശിയിലാണ് സര്‍ക്കാര്‍. വികസനം വേണം. അതു കൊണ്ടുവരേണ്ടത് സര്‍ക്കാരിന്റെ ചുമതലയുമാണ്.
എന്നാല്‍, നാട്ടിലെ ദാരിദ്ര്യവും പട്ടിണിയും കണ്ടെത്തുകയും അതു പരിഹരിക്കുകയുമാണു ഭരണാധികാരികളുടെ പ്രാഥമിക ചുമതല. അതാണു നാടിന്റെ അടിസ്ഥാനവികസനം. അതു ചെയ്യാതെ വന്‍കിട പദ്ധതികള്‍ക്കു പിറകെ പായുന്ന ഭരണാധികാരികള്‍ പരിഷ്‌കൃതസമൂഹത്തിനു യോജിച്ചവരല്ല. അവര്‍ കൊണ്ടുവരുന്ന വികസനത്തിനു മാനുഷികമുഖം ഉണ്ടാകുകയുമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."