കാട്ടുതീ നിയന്ത്രിക്കാന്‍ നടപടി സ്വീകരിച്ചതായി മന്ത്രി കെ. രാജു
തിരുവനന്തപുരം: കാട്ടുതീ നിയന്ത്രിക്കാന്‍ വനം വകുപ്പ് എല്ലാവിധ നടപടികളും സ്വീകരിച്ചതായി മന്ത്രി അഡ്വ. കെ. രാജു നിയമസഭയെ അറിയിച്ചു.
സംസ്ഥാനത്ത് കനത്തവേനലും വരള്‍ച്ചയും ആരംഭിച്ച പ്രത്യേക സാഹചര്യത്തിലാണ് ചിലയിടത്ത് കാട്ടുതീ കണ്ടുവരുന്നത്. വനം പൊതുസ്വത്താണെന്ന രീതിയില്‍ അതിനെ സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ശ്രദ്ധാപൂര്‍വമുണ്ടാകുമെന്നും മന്ത്രി സഭയ്ക്ക് ഉറപ്പുനല്‍കി.
കാട്ടുതീ തടയുന്നതിന്റെ ഭാഗമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളെയും ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം സ്റ്റേറ്റ് ഫോറസ്റ്റ് ഫയര്‍ ക്രൈസിസ് മാനേജ്‌മെന്റ് സെല്‍ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. നിലവിലെ സാഹചര്യം കണക്കിലെടുത്താല്‍ ഈ വര്‍ഷം ഇതുവരെയുണ്ടായ കാട്ടുതീ ആശങ്കാജനകമല്ല.
മുന്‍കരുതലിലൂടെയും മറ്റു പ്രവര്‍ത്തനങ്ങളിലൂടെയും വന്‍തോതിലുള്ള കാട്ടുതീ ഉണ്ടാകാതെ വനം സംരക്ഷിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. എല്ലാ വകുപ്പുകളുടെയും വനത്തോട് ചേര്‍ന്നു ജീവിക്കുന്ന പൊതുജനങ്ങളുടെയും സഹകരണത്തോടെ കാട്ടുതീ നിയന്ത്രണവിധേയമാക്കാന്‍ കഴിയുമെന്നും മന്ത്രി സഭയില്‍ പറഞ്ഞു.
സുപ്രഭാതം വാര്‍ത്തയെ തുടര്‍ന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയാണ് സബ്മിഷന്‍ അവതരിപ്പിച്ചത്. കാട്ടുതീ ഫലപ്രദമായി നേരിടുന്നതിനുള്ള നൈപുണ്യം ഫയര്‍ ആന്‍ഡ് റെസ്‌ക്യു സര്‍വിസ് ഡിപ്പാര്‍ട്ടുമെന്റുമായി സഹകരിച്ച് വനംവകുപ്പ് ജീവനക്കാര്‍ക്ക് നല്‍കുന്നുണ്ട്. കാട്ടുതീ പ്രതിരോധിക്കുന്നതിനു ജീവനക്കാര്‍ക്ക് ആവശ്യമായ ഉപകരണങ്ങളും പ്രത്യേക ബൂട്ട്‌സ്, ഹെല്‍മെറ്റ്, വസ്ത്രങ്ങള്‍ എന്നിവയും ആവശ്യാനുസരണം ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. കാട്ടുതീ മൂലമുണ്ടാകുന്ന ആപത്തിനെക്കുറിച്ച് പൊതുജനങ്ങളെ ബോധവല്‍ക്കരിക്കും. പോസ്റ്ററുകള്‍, ബാനറുകള്‍, റാലികള്‍, തെരുവു നാടകങ്ങള്‍, തിയറ്ററുകളില്‍ സ്ലൈഡുകള്‍ തുടങ്ങിയവ സംഘടിപ്പിച്ചുവരുന്നതായും മന്ത്രി അറിയിച്ചു.
ഓരോ ഫോറസ്റ്റ് ഡിവിഷനു കീഴിലും വരുന്ന വനമേഖലയുടെ സ്വഭാവം, മുന്‍വര്‍ഷങ്ങളിലെ അനുഭവം, ഈ വര്‍ഷം ഇവ കത്താനുള്ള സാധ്യത എന്നിവ കണക്കിലെടുത്ത് വനമേഖലയെ ഹൈ, മോഡറേറ്റ്, ലോ എന്നിങ്ങനെ വിവിധ സാധ്യത മേഖലകളായി തരംതിരിക്കുകയും ഹോട്‌സ്‌പോട്ടുകള്‍ അടയാളപ്പെടുത്തുകയും ചെയ്തു.
ഓരോ ഡിവിഷന്‍തലത്തിലും കാട്ടുതീ ഫലപ്രദമായി നേരിടാനുള്ള പ്രവൃത്തികള്‍ ഉള്‍ക്കൊള്ളിച്ച് ഫയര്‍ മാനേജ്‌മെന്റ് പ്ലാനുകള്‍ തയാറാക്കുകയും സര്‍ക്കിള്‍ തലവന്മാര്‍ പരിശോധിച്ച് ഇത് അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. ഓരോ വനമേഖലയിലെയും കാട്ടുതീ സാധ്യതയും സ്ഥലത്തിന്റെ പ്രത്യേകതയും കണക്കിലെടുത്ത് കാട്ടുതീ നേരിടാനുള്ള തന്ത്രവും ആവിഷ്‌ക്കരിച്ചിട്ടുണ്ട്. വിവിധ സ്‌കീമുകളിലും പദ്ധതികളിലും ലഭ്യമായ തുക ക്രോഡീകരിച്ച് കാട്ടുതീ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് അവയ്ക്ക് അനുസൃതമായി തുക വിനിയോഗിച്ചുവരുന്നതായും മന്ത്രി പറഞ്ഞു.
കാട്ടുതീ ഏതെങ്കിലും വനമേഖലയില്‍ ഉണ്ടാവുകയാണെങ്കില്‍ ഉപഗ്രഹത്തിന്റെ സഹായത്തോടെ കണ്ടെത്തി ബന്ധപ്പെട്ട വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭ്യമാക്കുന്നതിന് ഡെറാഡൂണ്‍ ആസ്ഥാനമായ ഫോറസ്റ്റ് സര്‍വേ ഓഫ് ഇന്ത്യ ഒരുക്കിയ ഫോറസ്റ്റ് ഫയര്‍ അലര്‍ട്ട് സംവിധാനം ഉപയോഗിച്ചുവരുന്നു.
ഇതിലേക്കായി സംസ്ഥാനത്തെ മുഴുവന്‍ ഡിവിഷന്‍ ഫോറസ്റ്റ് ഓഫിസര്‍മാരും വൈല്‍ഡ് ലൈഫ് വാര്‍ഡന്മാരും റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍മാരും ഫോറസ്റ്റ് സ്റ്റേഷന്റെ ചാര്‍ജുള്ള ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റുമാരും പേരു രജിസ്റ്റര്‍ ചെയ്ത് സംവിധാനം ഉപയോഗപ്പെടുത്തിവരുന്നുണ്ട്.
അഗ്നി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാനായി സംസ്ഥാനതലത്തില്‍ വനംവകുപ്പ് ആസ്ഥാനത്ത് ഒരു ഫയര്‍ മോണിറ്ററിങ് സെല്‍ പ്രവര്‍ത്തിച്ചുവരുന്നു. ഇതിനുപുറമേ എല്ലാ ഫോറസ്റ്റ് ഡിവിഷനുകളിലും ഫയര്‍ കണ്‍ട്രോള്‍ റൂമും അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസറുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ ക്രൈസിസ് മാനേജ്‌മെന്റ് ടീമും പ്രവര്‍ത്തിക്കുന്നുണ്ട്.
കാട്ടുതീയുണ്ടായാല്‍ ഉടന്‍ നിയന്ത്രിക്കാനായി ഫയര്‍ മസ്ദൂര്‍മാരെയും വലിയ കാട്ടുതീ നേരിടാന്‍ ഫയര്‍ ഗ്യാങ്ങുകളെയും നിയോഗിച്ചിട്ടുണ്ട്. വനസംരക്ഷണ സമിതി, എക്കോ ഡെവലപ്‌മെന്റ് കമ്മിറ്റി എന്നിവയുടെ നേതൃത്വത്തില്‍ ജനവാസ കേന്ദ്രങ്ങളോട് അടുത്ത വനമേഖലകളില്‍ കാട്ടുതീ ബോധവല്‍ക്കരണ പ്രവര്‍ത്തനം നടന്നുവരികയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."