നഗരസഭക്ക് 402 കോടി രൂപയുടെ ബജറ്റ്; കണ്‍വന്‍ഷന്‍ സെന്ററിന് 12 കോടി
ആലപ്പുഴ: നഗരസഭയുടെ 402 കോടി രൂപയുടെ ബജറ്റില്‍ 12 കോടി രൂപ ചെലവഴിച്ച് ബീച്ചില്‍ കണ്‍വന്‍ഷന്‍ സെന്റര്‍ നിര്‍മിക്കും. 4,02,26,29,515 രൂപ വരവും 3,87,60,14,809 രൂപ ചെലവും 14,66,14,705 രൂപ നീക്കിബാക്കിയും പ്രതീക്ഷിക്കുന്ന 2019-20 വര്‍ഷത്തേയ്ക്കുള്ള ആലപ്പുഴ നഗരസഭയുടെ ബജറ്റ് വൈസ് ചെയര്‍ പേഴ്‌സണ്‍ സി. ജ്യോതിമോള്‍ അവതരിപ്പിച്ചു.
ന്യൂനപക്ഷ മന്ത്രാലയത്തിന് സമര്‍പ്പിച്ച് പദ്ധതി രേഖയ്ക്ക് അംഗീകാരം ലഭിച്ചാല്‍ 12 കോടി രൂപ ചെലവില്‍ ബീച്ച് കണ്‍വന്‍ഷന്‍ സെന്റര്‍ നിര്‍മിക്കും. അയ്യായിരം പേര്‍ക്ക് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ 200 കോടി രൂപയുടെ ഭവന പദ്ധതി നടപ്പിലാക്കും. കാലപ്പഴക്കംമൂലം നശിച്ചുപോയ 1,300 സാധാരണക്കാരുടെ വീടുകളില്‍ നവീകരിക്കുന്നതിന് നാല്‍പതിനായിരം രൂപ നല്‍കുന്ന പദ്ധതി അഞ്ചു കോടി 20 ലക്ഷം രൂപ മാറ്റിവയ്ക്കും. നഗരസഭയുടെ വക പറവൂര്‍ വാട്ടര്‍ മാക്‌സിസ് കോമ്പൗണ്ടിലെ സ്ഥലം ലൈഫ് മിഷന് ഫ്‌ളാറ്റ് നിര്‍മിക്കുന്നതിനായി വിട്ടുനല്‍കും.
ഭിന്നശേഷിക്കാരായ കുട്ടികളുള്ള ഭവനരഹിത കുടുംബങ്ങള്‍ക്ക് മുന്‍ഗണന നല്‍കും.
ഭവന നിര്‍മാണ മേഖലയില്‍ പുതിയ സാങ്കേതികവിദ്യയുടെയും നിര്‍മാണ സാമഗ്രികളുടെയും സഹായം തേടുന്ന നിര്‍മാണമേഖലയില്‍ 108 കോടി രൂപ വകയിരുത്തി. വിശപ്പില്ലാത്ത നഗരം പദ്ധതിയുടെ ഭാഗമായി സംസ്ഥാന സര്‍ക്കാരിനോട് ഒപ്പം നഗരസഭയും ചേര്‍ന്നു നടത്തുന്ന ന്യായവില ഹോട്ടല്‍ ഭക്ഷണ വിതരണവും ഉടന്‍ ആരംഭിക്കും. ഇതിന് ആവശ്യമായ സ്ഥലം സൗജന്യമായി നഗരസഭ നല്‍കിയിട്ടുണ്ട്.
നഗര ഉപജീവന കേന്ദ്രം ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും. ഇതോടെ വിദഗ്ധ അവിദഗ്ധ തൊഴിലാളികളുടെ സേവനം ഉറപ്പുവരുത്താന്‍ കഴിയും. നഗര ദാരിദ്ര്യ നിര്‍മാര്‍ജനത്തിനായി അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി 13 കോടി രൂപയുടെ വിവിധ പ്രവര്‍ത്തികള്‍ ഏറ്റെടുത്ത് നടപ്പിലാക്കും.
ചാത്തനാട് നിര്‍മിക്കുന്ന വനിതാ ഫ്‌ളാറ്റിന് 75 ലക്ഷം രൂപ നീക്കിവച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."