പിണറായിയിലെ അക്രമങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് തേടും: ദേശീയ വനിതാകമ്മിഷന്
തലശ്ശേരി: പിണറായി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ തെരഞ്ഞെടുപ്പിനു ശേഷവും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ തുടരുന്ന അക്രമ സംഭവങ്ങളെക്കുറിച്ചു സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടുമെന്നു ദേശീയ വനിതാകമ്മിഷന് അധ്യക്ഷ ലളിത കുമരമംഗലം. പിണറായി പുത്തന്‍കണ്ടം മേഖലയില്‍ സി.പി.എം അക്രമത്തില്‍ തകര്‍ക്കപ്പെട്ട വീടുകളും അക്രമത്തില്‍ പരുക്കേറ്റവരേയും സന്ദര്‍ശിച്ച ശേഷം തലശ്ശേരിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കമ്മിഷന്. മുഖ്യമന്ത്രിയുടെ മണ്ഡലത്തിലും, പ്രത്യേകിച്ച് മുഖ്യമന്ത്രിയുടെ പഞ്ചായത്തില്‍ ആസൂത്രിതമായ അക്രമങ്ങളാണു നടന്നത്. മൂന്നു സ്ത്രീകള്‍ക്കു നേരെ മുന്‍കൂട്ടി ആസൂത്രണം ചെയ്ത അക്രമമാണു നടന്നതെന്നു മനസിലായി. ഏഴു വയസുകാരനെപ്പോലും രാഷ്ട്രീയവൈരാഗ്യത്തിന്റെ പേരില്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഇത്തരം അക്രമങ്ങള്‍ നടക്കുന്നത് മുഖ്യമന്ത്രിയുടെ നാട്ടിലാണ്. രാഷ്ട്രീയപാര്‍ട്ടി പ്രതിനിധിയായാണ് മുഖ്യമന്ത്രി മത്സരിച്ചത്. എന്നാല്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ എല്ലാവരുടേയും മുഖ്യമന്ത്രിയാണ്. പിണറായിയില്‍ നടക്കുന്ന അക്രമങ്ങളെ കണ്ണുതുറന്നു മുഖ്യമന്ത്രി നോക്കിക്കാണണമെന്നും വനിതാകമ്മിഷന് പറഞ്ഞു. മുഖ്യമന്ത്രിയുടെ പഞ്ചായത്തില്‍ നടന്ന അക്രമസംഭവങ്ങളില്‍ എഫ്.ഐ.ആര് ഇട്ടെങ്കിലും തുടര്‍ നടപടിയുണ്ടായില്ല. ഇത്തരമൊരവസ്ഥയില്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് തേടാന്‍ അവകാശമുണ്ടെന്നും വനിതാകമ്മിഷന് അധ്യക്ഷ ഓര്‍മിപ്പിച്ചു. കമ്മിഷനംഗം സുഷമ സാം, കമ്മിഷന് ഉദ്യോഗസ്ഥര്‍ എന്നിവരും കൂടെയുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."