ഇമാം ഇബ്‌നു ഹമ്പല്‍; ബഗ്ദാദിന്റെ പ്രകാശ ഗോപുരം
ഇറാഖിലെ പുരാതന നഗരങ്ങള്‍ ബസറയും കൂഫയുമാണ്. എന്നാല്‍ കാടുപിടിച്ചു കിടന്നിരുന്ന ബഗ്ദാദിന്റെ ജനനത്തിന്റെ പിന്നില്‍ ഒരു കഥയുണ്ട് അതിങ്ങനെ, അബ്ബാസിയ്യ ഖലീഫമാരിലൊരാള്‍ ഈ കാട്ടില്‍ ധ്യാന നിരതനായിരിക്കുന്ന ഒരു സിദ്ധനെ പരിചയപ്പെട്ടു. ഈ പ്രദേശം ഭാവിയില്‍ വിദ്യാഭ്യാസത്തിന്റെയും സംസ്‌കാരത്തിന്റെയും ആസ്ഥാനമായി പരിലസിക്കുമെന്ന് എനിക്ക് ധ്യാനം ലഭിച്ചിരിക്കുന്നു. അതുകൊണ്ടാണ് ഞാന്‍ ഈ സ്ഥലം തിരഞ്ഞെടുത്തത്. ഈ സംഭവത്തെ തുടര്‍ന്നാണ് 'ബാഗ്ദാദ' (സിദ്ധന്റെ തോട്ടം) എന്ന് ബഗ്ദാദ് പ്രസിദ്ധമാവുന്നത് (താരീഖ് ബഗ്ദാദ്).
അന്നും ഇന്നും മുസ്‌ലിം ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാണ് ഇറാഖിന്റെ തലസ്ഥാനമായ ബഗ്ദാദ്. ഈ പട്ടണം സംഭാവന ചെയ്ത അമൂല്യവ്യക്തിത്വമാണ് ഇമാം അഹ്മദ്ബ്‌നു ഹമ്പല്‍. തന്റെ ഗുരുവര്യനായ ഇമാം ശാഫിഈയുടെ സാക്ഷ്യം കേള്‍ക്കുക;' ഞാന്‍ ബഗ്ദാദില്‍ നിന്ന് പോരുമ്പോള്‍ ഇമാം അഹ്മദിനേക്കാള്‍ സൂക്ഷ്മതയും പരിത്യാഗിയും പണ്ഡിതനുമായ ഒരാളെയും അവിടെ കാണാനില്ലായിരുന്നു.'
ചെറുപ്പം മുതലേ രാത്രികള്‍ ആരാധനകളാല്‍ സജീവമാക്കിയിരുന്നു. ഓരോ ദിവസവും വിശുദ്ധ ഖുര്‍ആന്‍ പൂര്‍ത്തീകരിക്കുമായിരുന്നു. ഹദീസ് വിഷയവുമായി തികഞ്ഞ പാണ്ഡിത്യമുണ്ടായിരുന്നു. അനേകലക്ഷം ഹദീസുകള്‍ ഹൃദിസ്തമാക്കി എന്നാണ് റിപ്പോര്‍ട്ട്. ഈ ചര്‍ച്ചയില്‍ ഹദീസ് എന്നാല്‍ പ്രവാചക വചനങ്ങള്‍ മാത്രമല്ല. അവിടുത്തെ ശിഷ്യന്‍മാരുടെയും വചനങ്ങളും ചര്യകളും ഇതിന്റെ പരിധിയില്‍ വരാം. മാത്രമല്ല റിപ്പോര്‍ട്ടര്‍മാരുടെ ഭിന്നതകളും എണ്ണത്തില്‍ പരിഗണിക്കപ്പെടും.
ഇമാമിന്റെ ജീവിതത്തിലെ അതിസൂക്ഷ്മതയെക്കുറിച്ച് നിരവധി സംഭവങ്ങള്‍ കാണാം. ഒന്നിതാണ്, ഇമാമിന്റെ പുത്രിയാണ് അദ്ദേഹത്തിന്റെ ഭക്ഷണ കാര്യങ്ങള്‍ കൈകാര്യം ചെയ്തുപോന്നിരുന്നത്.
ഒരു ദിവസം കുറേ റൊട്ടികളുമായി വന്ന മകളോട് ഇമാം ചോദിച്ചു. എവിടെനിന്ന് കിട്ടി ഈ റൊട്ടികള്‍? ഇന്ന വീട്ടുകാര്‍ കൊടുത്തയച്ചതാണ്. അവര്‍ക്ക് എന്താണ് വരുമാനം? അതിലെ ഒരാള്‍ പലിശ ഇടപാടുമായി ബന്ധപ്പെടുന്ന വ്യക്തിയാണെന്ന് കേട്ടു, മകളുടെ മറുപടി. എങ്കില്‍ എനിക്കീ ഭക്ഷണം വേണ്ട. അന്നേരം വീട്ടുകാര്‍ തീരുമാനിച്ചു ഉപ്പാക്ക് വേണ്ടാത്ത ഭക്ഷണം നമുക്കും വേണ്ട. ചുരുക്കത്തില്‍ ഈ റൊട്ടികളത്രയും അവിടെ എത്തിയ യാത്രക്കാര്‍ക്കുനല്‍കി. അവര്‍ ചിന്തിച്ചു ഇത്രയേറെ വിഭവങ്ങള്‍ എങ്ങിനെ നമുക്ക് തരാന്‍ പറ്റി ഇതില്‍ എന്തോ പന്തികേടുണ്ട് എന്ന് കരുതിയ അവര്‍ പ്രസ്തുത റൊട്ടികള്‍ പുഴയിലേക്കെറിഞ്ഞു. ഇതറിഞ്ഞ ഇമാം അന്നു മുതല്‍ മത്സ്യം തിന്നല്‍ മാറ്റി. അവിഹിത അന്നം കഴിച്ച് വളര്‍ന്ന മത്സ്യങ്ങളാണല്ലോ എന്നായിരുന്നു ചിന്ത.
ഇതാണ് യഥാര്‍ഥ സൂഫിസം. ലോകം കണ്ട എറ്റവും വലിയ ഫഖീഹായിട്ടുപോലും ആത്മീയതയ്ക്കാണ് ഇമാം പ്രാമുഖ്യം നല്‍കിയത്.
പ്രവാചക അധ്യാപനങ്ങള്‍ക്ക് ഇമാം നല്‍കിയ പരിഗണന വിളിച്ചറിയിക്കുന്ന ഒരു സംഭവം അലിയ്യുബ്‌നു മൂസല്‍ ഹദ്ദാദ് പറയുന്നു. ഞാനും ഇമാം അഹ്മദ്ബ്‌നു ഹമ്പലും മുഹമ്മദ്ബ്‌നു ഖുദാമയും ഒരു ജനാസ സംസ്‌കരണ വേദിയില്‍ ഒത്തുകൂടുകയുണ്ടായി.
ഖബറടക്കം കഴിഞ്ഞപ്പോള്‍ ഒരാള്‍ ഖബറിനടുത്തിരുന്ന് ഖുര്‍ആന്‍ പാരായണം ചെയ്യാന്‍ തുടങ്ങി. ഇമാം അയാളോട് പറഞ്ഞു. ഏ മനുഷ്യാ, ഇത് ബിദ്അത്താണ്. അങ്ങനെ ഞങ്ങള്‍ തിരിച്ചു പോരുമ്പോള്‍ മുഹമ്മദ്ബ്‌നു ഖുദാമ ഇമാമിനോട് ചോദിച്ചു. മുബശ്ശിറുബ്‌നു ഹലബിയെക്കുറിച്ച് അങ്ങയുടെ അഭിപ്രായം എന്താണ്. അദ്ദേഹം വിശ്വാസയോഗ്യന്‍ തന്നെയാണ്. എങ്കില്‍ ഇതേ മുബശ്ശിര്‍ അബ്ദുറഹമാനുബ്‌നു ഹലാഇല്‍ നിന്നും ഇപ്രകാരം ഉദ്ധരിക്കുന്നുണ്ടല്ലോ.
ഞാന്‍ മരിച്ചാല്‍ താങ്കള്‍ എന്റെ ഖബറിങ്ങല്‍ വന്ന് അല്‍ ബഖറയുടെ ആദ്യവും അന്ത്യവും പാരായണം ചെയ്യണം എന്ന് എന്റെ പിതാവ് എന്നോട് വസ്വിയ്യത്ത് ചെയ്തിരിക്കുന്നു. ഇബ്‌നു ഉമര്‍ ഇങ്ങനെ വസ്വിയ്യത്ത് ചെയ്യുന്നതായി ഞാന്‍ കേട്ടിരുന്നു വെന്നും ഉപ്പ പറയുകയുണ്ടായി. ഇത്രയും കേള്‍ക്കേണ്ട താമസം ഇമാം ഇങ്ങനെ വിളിച്ചു പറഞ്ഞു. താങ്കള്‍ പോയി ആ മനുഷ്യനോട് പാരായണം തുടരാന്‍ പറയുക. (അല്‍ റൂഹ്)
ഹംബലികളാണെന്ന് അവകാശപ്പെടുന്ന അറബി സലഫികള്‍ ഇന്നും ഇത് ചെയ്തുവരുന്നുണ്ട്. ശൈഖ് സായിദിന്റെ മരണത്തെ തുടര്‍ന്ന് 40 ദിവസമാണ് ഖുര്‍ആന്‍ പാരായണം നടന്നത്. പരീക്ഷണങ്ങളുടെ മുമ്പില്‍ പതറാത്ത അത്ഭുതകരമായ ഇഛാശക്തിയുടെ ഉടമയായിരുന്നു ഇമാം. വിശുദ്ധ ഖുര്‍ആന്‍ സൃഷ്ടിയോ അല്ലയോ എന്നൊരു വിവാദം അബ്ബാസികളുടെ കാലത്ത് മുസ്‌ലിം ലോകത്ത് അടിച്ചുവീശുകയുണ്ടായി.
സാധാരണക്കാര്‍ക്ക് അപ്രാപ്യമായി ഈ വാദത്തിന്റെ ശരിയും തെറ്റും എന്താണെങ്കിലും ഇമാം തന്റെ അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കുകയും ജയില്‍വാസം അനുഷ്ടിക്കുകയും ചെയ്തിരുന്നു. ചിലരെല്ലാം ശിക്ഷയില്‍ നിന്ന് ഒഴിവാകാനായി കുറച്ചു കാര്യങ്ങള്‍ എണ്ണി അഞ്ചുവിരലുകള്‍ ഉയര്‍ത്തി കാണിച്ച് ഇതെല്ലാം സൃഷ്ടിയാണെന്ന് പറഞ്ഞു. അഥവാ ഈ വിരലുകള്‍ എന്നര്‍ഥം.
ഈ പ്രശ്‌നത്തില്‍ മരണത്തിന്റെ വക്കില്‍ വരെ എത്തിയിട്ടും ഇമാം പതറാതെ നിലകൊള്ളുകയായിരുന്നു.
ഇന്ന് സഊദി അറേബ്യ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളുടെ ഔദ്യോഗിക മദ്ഹബ് ഹംബലിയാണ്. വസ്ത്രം ധരിച്ചാല്‍ ശരീരത്തിന്റെ ഉയര്‍ച്ച താഴ്ചകള്‍ അറിയാന്‍ പാടില്ല എന്നത് ഈ മദ്ഹബിന്റെ ഒരു പ്രത്യേകതയാണ്.
അതിനാല്‍ തന്നെ ഇറുകിയ വസ്ത്രം ധരിക്കുന്നവരോട് സഊദികള്‍ക്ക് വെറുപ്പാണ്. തെളിവുകളില്‍ വന്ന കാര്യങ്ങളില്‍ മാത്രം കര്‍മം ചുരുക്കുക എന്നത് ഇവര്‍ പറയുന്ന മസ്അലയാണ്. ഉദാഹരണം കഅ്ബയുടെ ഖില്ല ചുംബിക്കുന്നതിന് തെളിവില്ലെന്ന് പറയുമ്പോള്‍ തന്നെ യൂസുഫ് നബിയുടെ ഖമീസിന്റെ മഹത്വം ഇവര്‍ അംഗീകരിക്കുന്നു.
ബിഹഖി നബിയ്യിക എന്ന പ്രയോഗം മസ്ജിദുന്നബവിയിലെ മിമ്പറില്‍ നിന്നും ഇന്നും കേള്‍ക്കാം എന്നാല്‍ അതില്‍ തെറ്റൊന്നുമില്ലെന്നും നബി തിരുമേനി അങ്ങനെ പഠിപ്പിച്ചിട്ടില്ലെന്നാണ് അവരുടെ ന്യായം.
ഹിജ്‌റ 164ല്‍ ബഗ്ദാദില്‍ ജനിച്ച ഇമാം 241 ല്‍ അവിടെ തന്നെ വിടപറഞ്ഞു. പ്രധാന രചനകള്‍ അല്‍ മുസ്‌നദ്, കിതാബുല്‍ ഇലല്‍ ഫില്‍ ഹദീസ്, കിതാബുല്‍ റദ്ദ് അലല്‍ ജഹ്മിയ്യുന്നാസിഖ് വല്‍ മന്‍സൂഖ് മിനല്‍ ഖുര്‍ആന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."