'ജനാധിപത്യമാണ്, ജനങ്ങളാണ് വലുത് '
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയ എ.എ.പിയെ അഭിനന്ദിച്ച് വിവിധ പാര്‍ട്ടി നേതാക്കള്‍. ജനങ്ങളാണ് വലുതെന്നായിരുന്നു ബിഹാര്‍ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ് കുമാറിന്റെ പ്രതികരണം. ഇദ്ദേഹം പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയ പ്രശാന്ത് കിഷോറായിരുന്നു ഡല്‍ഹിയില്‍ എ.എ.പി പ്രചാരണത്തിന്റെ തന്ത്രമൊരുക്കിയത്.
എന്‍.ഡി.എയ്ക്കൊപ്പമുള്ള നിതീഷ് കുമാര്‍ ഡല്‍ഹിയില്‍ ബി.ജെ.പിക്കു വേണ്ടി പ്രചാരണത്തിനെത്തുകയും കെജ്രിവാളിനെ ശക്തമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. വിജയത്തില്‍ കെജ്രിവാളിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും രംഗത്തെത്തി. ഇതിന് 'നന്ദി, ഡല്‍ഹിയുടെ വികസനത്തിന് കേന്ദ്രത്തിനൊപ്പം പ്രവര്‍ത്തിക്കും' എന്നായിരുന്നു കെജ്രിവാളിന്റെ മറുപടി.
കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ നിയമങ്ങള്‍ക്കും വര്‍ഗീയ നിലപാടിനുമെതിരായ ജനങ്ങളുടെ വിധിയെഴുത്താണിതെന്നായിരുന്നു ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ പ്രതികരണം. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും കെജ്രിവാളിനെയും ആംആദ്മി പാര്‍ട്ടിയെയും അഭിനന്ദിച്ച് രംഗത്തെത്തി.
തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വിദ്വേഷ പ്രസംഗങ്ങളുമായി വിവാദമുണ്ടാക്കിയ ബി.ജെ.പി നേതാവ് മനോജ് തിവാരിയും ഒടുവില്‍ കെജ്രിവാളിനെ അഭിനന്ദിച്ചു. ബി.ജെ.പിയുടെ തോല്‍വി അംഗീകരിച്ച അദ്ദേഹം, ഡല്‍ഹി സര്‍ക്കാര്‍ ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരുമെന്നു പ്രതീക്ഷിക്കുന്നതായും പറഞ്ഞു. ബി.ജെ.പി 48 സീറ്റുകള്‍വരെ നേടി അധികാരത്തിലെത്തുമെന്നായിരുന്നു ഇന്നലെ രാവിലെയും തിവാരിയുടെ അവകാശവാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."