വികസനത്തിന്റെ പുതിയ ഘട്ടം തുറക്കും: ഡോ.ടി.എം തോമസ് ഐസക്
തിരുവനന്തപുരം: പരമ്പരാഗത തൊഴിലാളികള്‍ക്കും കൂലിവേലക്കാര്‍ക്കും സാധാരണക്കാര്‍ക്കും സമ്പൂര്‍ണ സാമൂഹ്യസുരക്ഷിതത്വം ഉറപ്പുവരുത്തുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. തിരുവനന്തപുരത്ത് എ.കെ.ജി ഹാളില്‍ നടക്കുന്ന കേരള ഗസറ്റഡ് ഓഫിസേഴ്‌സ് അസോസിയേഷന്‍ സുവര്‍ണ ജൂബിലി സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുവിദ്യാഭ്യാസ-ആരോഗ്യ മേഖലകള്‍ സംരക്ഷിക്കുകയും അടുത്ത അഞ്ചു വര്‍ഷംകൊണ്ട് കേരളത്തിന്റെ പശ്ചാത്തല വികസനത്തിന് വന്‍തോതില്‍ സ്വകാര്യ നിക്ഷേപം ആകര്‍ഷിച്ചുകൊണ്ട് സര്‍ക്കാര്‍ വികസനത്തിന്റെ പുതിയ ഘട്ടം തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.
പശ്ചാത്തല വികസനത്തിന് സ്വകാര്യ നിക്ഷേപം പ്രയോജനപ്പെടുത്തി 50,000 കോടി കണ്ടെത്തും. ഇതിനാവശ്യമായ ഫണ്ട് കണ്ടെത്തുന്നതിന് ലിവറേജ്, ലാന്റ് ബോണ്ട് ഉള്‍പ്പെടെയുള്ള സാധ്യതകള്‍ പരിശോധിക്കും. അഭ്യസ്ഥവിദ്യരുടെ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് ഐ.ടി അധിഷ്ഠിതവും സേവനദായകവും നൈപുണ്യാധിഷ്ഠിതവുമായ വ്യവസായങ്ങള്‍ ആരംഭിക്കേണ്ടതുണ്ട്. ഇതിന് ഗുണമേന്മയുള്ള വൈദ്യുതിയും റോഡും പോലുള്ള അടിസ്ഥാന സൗകര്യ വികസനത്തിന് വന്‍തോതില്‍ മുതല്‍മുടക്ക് വേണ്ടിവരും.
നവഉദാരവല്‍ക്കരണം കേരളത്തില്‍ അസമത്വം ഭീതിതമായി വര്‍ധിക്കുന്നതിനിടയാക്കിയിരിക്കുകയാണ്. സംസ്ഥാനത്ത് ജനസംഖ്യയുടെ 30 ശതമാനം പേര്‍ സാമ്പത്തികമായി വളരെവേഗം പിന്നോട്ട് പോകുകയാണ്. പരമ്പരാഗത വ്യവസായ മേഖലയും പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള സമൂഹ്യസുരക്ഷാ സംവിധാനങ്ങളും ശക്തിപ്പെടുത്തി ഇവരെ സംരക്ഷിക്കാനാകും. പൊതു വിദ്യാഭ്യാസ-ആരോഗ്യ മേഖലകള്‍ പുതിയ കാലഘട്ടത്തിലെ വെല്ലുവിളികള്‍ നേരിടാന്‍ തക്കവിധത്തില്‍ പ്രാപ്തമാക്കേണ്ടതുണ്ട്. കേരളത്തിന്റെ പൗരബോധം മതനിരപേക്ഷമായതില്‍ പൊതുവിദ്യാലയങ്ങള്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. ഇത് നിലനിര്‍ത്താന്‍ എല്ലാവര്‍ക്കും ബാദ്ധ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആരോഗ്യ ഇന്‍ഷുറന്‍സിന്റെ മറവില്‍ സ്വകാര്യമേഖലയെ ശക്തിപ്പെടുത്തുന്ന കേന്ദ്രനയത്തിനു പകരം ഏതുവിധ ചികിത്സയും പൊതുആരോഗ്യ സംവിധാനത്തിലൂടെ ലഭ്യമാക്കുന്ന ബദല്‍ നടപടികളാണ് ഇടതുപക്ഷ മുന്നണി മുന്നോട്ടുവയ്ക്കുന്നത്. സര്‍ക്കാരിന്റെ നയങ്ങളും നടപടികളും ഫലപ്രദമാകണമെങ്കില്‍ സര്‍ക്കാര്‍ സംവിധാനത്തിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കണമെന്നും ഇതിന് സര്‍വിസ് സംഘടനകള്‍ക്ക് പങ്ക് വഹിക്കാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."